തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് റാലികള്‍ക്കും മൈക്ക് അനൗണ്‍സ്മെന്റിനും നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ആലപ്പുഴ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി അതീവ ജാഗ്രത പുലര്‍ത്താന്‍ ഡിജിപി നിര്‍ദേശം നല്‍കിയത്.
അതേസമയം, അവധിയില്‍ പോയ എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും അടിയന്തരമായി ഡ്യൂട്ടിയില്‍ തിരിച്ചു കയറാന്‍ ആവശ്യപ്പെട്ടു. എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവരുടെ ഓഫീസുകളിലുണ്ടാകണമെന്നും ഡിജിപി ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥര്‍ക്കയച്ച സര്‍ക്കുലറിലാണ് ഈ നിര്‍ദ്ദേശമുള്ളത്.
തുടര്‍ അക്രമസംഭവങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സംഘര്‍ഷസാധ്യതമേഖലകളിലെല്ലാം വാഹനപരിശോധന കര്‍ശനമാക്കും. ഇരുചക്രവാഹനങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും നടത്തും.