തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് അറസ്റ്റില്‍. ഇന്ന പുലര്‍ച്ചെ തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇതോടെ സുധീഷ് വധത്തില്‍ 11 പ്രതികളും പിടിയിലായി. വധക്കേസ് ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ് രാജേഷ്.
പോത്തന്‍കോട് സുധീഷ് വധക്കേസിലെപ്രധാന പ്രതികളായ ഉണ്ണി, ശ്യാം എന്നിവരെ പിടികൂടിയ അന്ന് തന്നെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വെട്ടിയെടുത്ത കാല്‍ എറിഞ്ഞ കല്ലൂര്‍ ജങ്ഷനിലും ആയുധങ്ങള്‍ ഒളിപ്പിച്ച ചിറയിന്‍കീഴ് ശാസ്തവട്ടം അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ കളിസ്ഥലത്തും കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. സുധീഷിനെ ആക്രമിച്ച് കാല്‍ വെട്ടിയെടുത്ത് ഒന്നാം പ്രതി ഉണ്ണിയാണ്. ഇയാളാണ് വെട്ടിയ കാലുമായ ബൈക്കിലെത്തി വലിച്ചെറിഞ്ഞതും. പോത്തന്‍കോട് എസ്എച്ച്ഒ കെ ശ്യാം, എസ്‌ഐ വിനോദ് വിക്രമാദിത്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
അത്സമയം, രാജേഷിനു വേണ്ടിയുള്ള തിരച്ചിലിനിടയില്‍ കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് ഒരു പൊലീസുകാരന്‍ മരിച്ചിരുന്നു. രാജേഷിനെ തേടിപ്പോയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം അഞ്ചുതെങ്ങ് കായലില്‍ മുങ്ങിയാണ് തിരുവനന്തപുരം എസ്എപി ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ ആലപ്പുഴ പുന്നപ്ര സ്വദേശി എസ്.ബാലു മരിച്ചത്.
ഈ മാസം 12നാണ് പോത്തന്‍കോട് കല്ലൂരില്‍ ബന്ധുവീടിനുള്ളിലിട്ട് ചെമ്പകമംഗലം പുന്നൈക്കുന്നം ഊരുകോണം ലക്ഷംവീട് കോളനിയിലെ സുധീഷിനെ വെട്ടികൊലപ്പെടുത്തിയത്. വീടിന്റെ ജനലുകളും വാതിലും തകര്‍ത്ത് ഭീകരാന്തരീഷം സൃഷ്ടിച്ചശേഷമായിരുന്നു ആക്രമണം. ഓട്ടോറിക്ഷയിലും രണ്ടു ബൈക്കുകളിലുമായെത്തിയ ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയത്. വെട്ടിക്കൊന്നിട്ടും പകതീരാത്ത ഇവര്‍ സുധീഷിന്റെ കാല്‍പാദം വെട്ടിയെടുത്ത് റോഡിലെറിയുകയും ചെയ്തു.