ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്‌കൂളുകള്‍ അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കൂളുകള്‍ തുറക്കില്ലെന്നു പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അറിയിച്ചു. ‘വായു നിലവാരം മെച്ചപ്പെടുമെന്ന കരുതലിലാണ് സ്‌കൂളുകള്‍ തുറന്നത്. എന്നാല്‍ മലിനീകരണം വര്‍ധിച്ചതിനാല്‍ വെള്ളിയാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കില്ല.’ മന്ത്രി പറഞ്ഞു.
വായു മലിനീകരണം വര്‍ധിക്കുന്നതിനിടെ സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.അധ്യയനം നഷ്ടമാകുന്നെന്ന പരാതി ഉയര്‍ന്നതോടെയാണു സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി കോടതിയെ അറിയിച്ചു.
തുടര്‍ച്ചയായ നാലാം ആഴ്ചയാണ് അന്തരീക്ഷ മലിനീകരണം സംബന്ധിച്ച വിഷയത്തില്‍ സുപ്രീം കോടതി വ്യാഴാഴ്ച വാദം കേട്ടത്. മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വായു മലിനീകരണം നിയന്ത്രിക്കാന്‍ 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി.