ഒമിക്രോണ്‍ വകഭേദം ; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നത് പുന:പരിശോധിക്കണം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ പടരുന്നതിന്റെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നത് പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. അതേസമയം,ഇന്ത്യയില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15-ന് ഉപാധികളോടെ പുനരാരംഭിക്കുമെന്നാണ് നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.
കോവിഡ് ഭീഷണി തുടരുന്ന ബ്രിട്ടന്‍, സിംഗപ്പുര്‍, ചൈന, ബ്രസീല്‍, ബംഗ്‌ളാദേശ്, മൗറീഷ്യസ്, സിംബാബ്‌വെ, ന്യൂസീലന്‍ഡ് തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സര്‍വീസ് നടക്കുകയുള്ളൂ എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നതിന്റെ സാഹചര്യത്തിലാണ് വിമാന സര്‍വീസുകളുടെ ഇളവുകള്‍ സംബന്ധിച്ച് പുനരാലോചിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.