NEWS

ആഭരണങ്ങളും കാറും ലക്ഷങ്ങളും തട്ടിയെടുത്ത സ്വയം പ്രഖ്യാപിത ‘ദേവി’ കുണ്ടറയിൽ, ദിവ്യശക്തിയുണ്ടെന്ന് ധരിപ്പിച്ച് അരക്കോടി അടിയറ വച്ച വീട്ടമ്മ ഒടുവിൽ ആള്‍ദൈവത്തിനെതിരെ പരാതിയുമായി പൊലീസിൽ

ദിവ്യശക്തിയുണ്ടെന്ന് ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങള്‍ കവർന്നു ആൾദൈവം. ക്ഷേത്രവും ആനക്കൊട്ടിലും പണിയുന്നതിനും കാറും ആഭരണങ്ങളും വാങ്ങുന്നതിനുമാണ് ലക്ഷങ്ങള്‍ ചോർത്തിയെടുത്തത്. 54 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ കൈക്കലാക്കിയത്

കൊല്ലം: ആൾദൈവങ്ങൾ അരങ്ങുവാഴുന്നതിനിടെ കൊല്ലത്ത് വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ഒരാൾ ദൈവത്തിൻ്റെ കഥ കൂടി പുറത്തുവരുന്നു. നടുവു വേദനയ്ക്ക് പരിഹാരംതേടിയാണ് വീട്ടമ്മ ആൾദൈവത്തെ സമീപിച്ചത്. തനിക്കു ദിവ്യശക്തിയുണ്ടെന്ന് ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നാണ് ഇപ്പോൾ വീട്ടമ്മയുടെ പരാതി.
മാമ്പുഴ ആലുംമൂട് ചരുവിള പുത്തന്‍വീട്ടില്‍ തുഷാര, പിതാവ് ഇളമ്പള്ളൂര്‍ പഞ്ചായത്ത് അംഗമായ ശ്രീധരന്‍, തുഷാരയുടെ സഹോദരി തപസ്യ, സഹായികളായ കൃഷ്ണരാജ്എന്നിവര്‍ക്കെതിരേ പരാതി പ്രകാരം പൊലീസ് കേസെടുത്തു.
കൊല്ലം കടപ്പാക്കട സ്വദേശിയായ വീട്ടമ്മയാണ് അരക്കോടിയിലേറെ തട്ടിയെടുത്തതായി പരാതിനല്‍കിയത്.

Signature-ad

ക്ഷേത്രവും ആനക്കൊട്ടിലും പണിയുന്നതിനും കാറും ആഭരണങ്ങളും വാങ്ങുന്നതിനും ലക്ഷങ്ങള്‍ വാങ്ങിയെടുത്തു.
ആദ്യമൊക്കെ തിരിച്ചുകൊടുക്കാമെന്ന ഉറപ്പിലും പിന്നീട് ഭീഷണിപ്പെടുത്തിയുമാണ് പണം കൈക്കലാക്കിയത്. വീട്ടമ്മയുടെ ആലപ്പുഴയിലെ കുടുംബ വിഹിതം വിറ്റതില്‍ നിന്ന് പത്തുലക്ഷം വാങ്ങി.
ഈ പണം ഉപയോഗിച്ച് മധുരയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍വാങ്ങി.
‘ദേവി’ ധരിച്ചശേഷം തിരികെ നല്‍കാമെന്നു പറഞ്ഞു. എന്നാല്‍ പിന്നീട് അത് ‘ദേവി’തന്നെ എടുത്തു.
തിരികെ ചോദിച്ചപ്പോള്‍ ദേവീകോപം ഉണ്ടാകുമെന്നു പറഞ്ഞ് ഭീക്ഷണിപ്പെടുത്തി.
പതിവായി മധുരയില്‍ പോകാന്‍ പുതിയ കാര്‍ വാങ്ങിപ്പിച്ചു. മധുരയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളിന്‍റെ ശാഖ കൊല്ലത്തു തുടങ്ങാന്‍ പത്തുലക്ഷം ഷെയർ മുടക്കിച്ചു.
മധുരയില്‍ പോയി താമസിക്കാമെന്നും വീട്ടമ്മയുടെ ഇവിടുത്തെ വസ്തുക്കള്‍ വില്‍ക്കാം എന്നുമായി പിന്നീട് പ്രലോഭനം.

ഇത്തരത്തില്‍ 54 ലക്ഷത്തോളം രൂപ കൈക്കലാക്കി. ഒടുവില്‍ താമസിക്കുന്ന വീടും പറമ്പും വില്‍ക്കണം എന്നാവശ്യപ്പെട്ട് ഭീഷണിയും ഉപദ്രവവും ആരംഭിച്ചതോടെയാണ് പോലിസില്‍ പരാതിയുമായെത്തിയത്. വീട്ടമ്മയുടെ തലയില്‍ തേങ്ങകൊണ്ട് അടിച്ചതടക്കമുള്ള മര്‍ദ്ദനങ്ങളും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്.

പോലിസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചതോടെ ഗുണ്ടകളെ വിട്ട് ആക്രമിക്കാനും ശ്രമം നടത്തിയതായി പരാതിയില്‍ പറയുന്നു.
വീട്ടമ്മയും ഭര്‍ത്താവും പരാതിയുമായി കുണ്ടറ പോലിസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ അവർ തയ്യാറായില്ല. പിന്നീട് കൊല്ലം ഈസ്റ്റ് പോലിസില്‍ പരാതിനല്‍കുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായി കൊല്ലം ഈസ്റ്റ് സി.ഐ അറിയിച്ചു.

Back to top button
error: