ഉറക്കത്തിൽ ഭാര്യയെ കുത്തിക്കൊന്നു. തൊട്ടടുത്ത് കിടന്ന 12 വയസ്സുകാരി മകളുമറിഞ്ഞില്ല സംഭവം, അമ്മയ്ക്കും മകൾക്കും മയക്കുമരുന്ന് നൽകിയതായി സംശയം; ഭർത്താവ് ഒളിവിൽ
പുലർച്ചെ മകളെ കാണാഞ്ഞതിനാൽ അമ്മ വന്ന് നോക്കുമ്പോഴാണ് രക്തം വാർന്ന നിലയിൽ നാസിലയെ കണ്ടത്. നാസിലയുടെ കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റിത്. 12 വയസുള്ള മകളും അതേ മുറിയിൽ ഉറങ്ങുകയായിരുന്നു. പക്ഷേ രാത്രി യിലെ സംഭവങ്ങളൊന്നും കുട്ടി അറിഞ്ഞില്ല. ചോക്ലേറ്റിൽ മയക്കുമരുന്ന് കലർത്തിയിരുന്നോ എന്ന് സംശയമുണ്ട്
തിരുവനന്തപുരം: പാലോട് പെരിങ്ങമലയിൽ വീട്ടമ്മയെ ഭർത്താവ് കുത്തിക്കൊന്നു. പറങ്കിമാംവിള നൗഫർ മൻസിൽ നാസില ബീഗമാണ് കിടപ്പു മുറിയിൽ കുത്തേറ്റ് മരിച്ചത്. ഒളിവിൽപോയ ഭർത്താവ് അബ്ദുള്‍ റഹീമിനുവേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി.
നാസിലയും ഭർത്താവും മകളും മാതാപിതാക്കളുമായുമായിരുന്നു ആ വീട്ടിൽ താമസം. ഇന്നലെ രാത്രി ഒരുമിച്ചിരുന്നുള്ള ഭക്ഷണത്തിന് ശേഷം റഹിം ഭാര്യയ്ക്കും മകൾക്കും ചോക്ലേറ്റും നൽകി. പിന്നീട് എല്ലാവരും ഉറങ്ങാൻ കിടന്നു. പുലർച്ചെ എഴുന്നേൽക്കുന്ന മകളെ കാണാത്തിനാൽ അമ്മ കിടപ്പുമുറിയിൽ വന്ന് നോക്കുമ്പോഴാണ് രക്തം വാർന്ന നിലയിൽ നാസിലയെ കണ്ടത്.
നാസിലയുടെ കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റിരിക്കുന്നത്.
12 വയസുള്ള മകളും അതേ മുറിയിൽ ഉറങ്ങുകയായിരുന്നു. പക്ഷേ രാത്രിയിലെ സംഭവങ്ങളൊന്നും കുട്ടി അറിഞ്ഞില്ല. ചോക്ലേറ്റിൽ മയക്കുമരുന്ന് ചേർത്തിരുന്നോ എന്ന് സംശയിക്കുന്നു. സമീപത്തെ മുറിയിലുണ്ടായിരുന്ന മാതാപിക്കൾ നിലവിളിയൊന്നും കേട്ടിരുന്നില്ല. വീട്ടിൽ മറ്റ് പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എന്ന് നാസിലയുടെ പിതാവ് അബ്ദുൾ മനാഫ് പറഞ്ഞു. ചാക്ക ഐ.ടി.ഐയിൽ ക്ലർക്കായ അബ്ദുൾ റഹീം സുഹൃത്തുക്കളോടൊപ്പം ചടങ്ങിൽ പങ്കെടുത്ത ശേഷം രാത്രി പത്തു മണിയോടെയാണ് വീട്ടിലെത്തിയത്. വരുമ്പോൾ മകൾക്ക് ചോക്ലേറ്റും കൊണ്ടു വന്നിരുന്നു.
നേരത്തെ അബ്ദുൾ റഹിം ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചിരുന്നു. ഇത് നഷ്ടത്തിലായതിനെ തുടർന്ന് മദ്യപാനം തുടങ്ങി. രണ്ട് വർഷമായി ചികിത്സയിലായിരുന്ന അബ്ദുൾ റഹീം മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
ഇയാളുടെ ഒരു ഫോൺ സ്വിച്ച് ഓഫാണ്. മറ്റൊരു ഫോണും, സ്ഥിരം ഉപയോഗിക്കുന്ന ബാഗും വീട്ടിലുണ്ട്.
ഡിഗ്രി വിദ്യാർത്ഥി യാസറും, എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ഫൗസിയയുമാണ് മക്കൾ. മൃതദേഹം മെഡിക്കൽ കോളജാശുപത്രിയിൽ.
റൂറൽ എസ്.പി. മധു , നെടുമങ്ങാട് ഡിവൈ എസ് പി സുൽഫിക്കർ, പാലോട് സി.ഐ സി.കെ. മനോജ്, വലിയമല സി.ഐ സജിമോൻ, അരുവിക്കര സി.ഐ ഷിബുകുമാർ, പോത്തൻകോട് സി.ഐ ശ്യാം, വട്ടപ്പാറ സി.ഐ ഗിരി ലാൽ എന്നിവരും, ഫോറൻസിക് ,ഡോഗ് സ്‌ക്വാഡ്, ഫിംഗർപ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.