KeralaLead NewsNEWS

ജയില്‍ മോചിതയായ സ്വപ്‌ന ബാലരാമപുരത്തെ വീട്ടിലെത്തി; കുറെ കാര്യങ്ങള്‍ പറയാനുണ്ടെന്ന് അമ്മ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച് ജയില്‍മോചിതയായ സ്വപ്ന സുരേഷ് ബാലരാമപുരത്തെ വീട്ടിലെത്തി. ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി അമ്മ പ്രഭാ സുരേഷിനൊപ്പം സ്വപ്ന വീട്ടിലെത്തിയത്. ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ ഇപ്പോള്‍ ഒന്നും പ്രതികരിക്കാനില്ലെന്നും കുറേകാര്യങ്ങള്‍ പറയാനുണ്ടെന്നും പ്രഭാ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം പിന്നീട് പറയാമെന്നായിരുന്നു ജയില്‍മോചിതയായ ഉടന്‍ സ്വപ്ന സുരേഷിന്റെയും പ്രതികരണം.

ജയിലില്‍ നിന്ന് ഇറങ്ങിയ ഇരുവരും കാറില്‍ ബാലരാമപുരത്തെ വീട്ടിലെത്തി. ഇവരുടെ വാഹനം വീട്ടുവളപ്പിലേക്ക് പ്രവേശിച്ചയുടന്‍ തന്നെ വീടിന്റെ ഗേറ്റുകള്‍ അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിന്നീട് പ്രതികരിക്കാമെന്ന് പ്രഭ സുരേഷ് പറഞ്ഞത്. ഒരുപക്ഷേ, അഭിഭാഷകരെ കണ്ടതിന് ശേഷമായിരിക്കും സ്വപ്ന മാധ്യമങ്ങളോട് പ്രതികരിക്കുക.
ജാമ്യവുമായി ബന്ധപ്പെട്ട രേഖകള്‍ സ്വപ്നയുടെ അമ്മ ഇന്ന് രാവിലെയാണ് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എന്‍ഐഎ കേസില്‍ സ്വപ്നയക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

Signature-ad

ആറു കേസുകളിലും സ്വപ്ന സുരേഷിന്റെ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്‍ഐഎ കേസുള്‍പ്പെടെ എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തുകൊണ്ടാണ് ജയില്‍ നിന്നും ഇറങ്ങാനാകാഞ്ഞത്. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി.

കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ കോഫോപോസെ കാലാവധി കുറച്ചുദിവസങ്ങള്‍ കൂടി ബാക്കിയുണ്ട്. മറ്റുള്ള പ്രതികള്‍ക്കും കോഫോപോസെയില്‍ കുറച്ചു ദിവസം കൂടി ജയിലില്‍ തുടരേണ്ടി വരും. ഇതിനു ശേഷമേ പുറത്തിറങ്ങാനാവൂ. സ്വര്‍ണ കടത്തു കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങുന്നത്. ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധം ഉള്‍പ്പെടെ എന്തു പ്രതികരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Back to top button
error: