NEWS

ദീപാവലി ആഘോഷത്തിന് പടക്കം വാങ്ങാന്‍ പോയ  ഒമ്പതുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍, നാലുപേര്‍ ഒളിവില്‍

കുട്ടിയെ തട്ടിക്കൊണ്ടുപോയി, നാല് ലക്ഷം രൂപ നല്‍കിയാല്‍ വിട്ടയക്കാം, പൊലീസിനെ അറിയിച്ചാല്‍ കുട്ടിയെ കൊല്ലും, ഒരാൾ നാഗരാജിനെ ഫോണില്‍ ഇങ്ങനെ അറിയിച്ചു. പക്ഷേ നാഗരാജ് വിവരം പൊലീസിന് കൈമാറി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ വെള്ളിയാഴ്ച കാര്‍ത്തികിന്റെ മൃതദേഹം വഴിയരികില്‍ കണ്ടെത്തി

മൈസൂരു: മൈസൂരുവില്‍ ദീപാവലി ആഘോഷത്തിന് പടക്കം വാങ്ങാന്‍ പോയ ഒമ്പതുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മൈസൂരു ഹനഗോഡിലെ വ്യാപാരി നാഗരാജിന്റെ മകനും നാലാംക്ലാസ് വിദ്യാര്‍ഥിയുമായ കാര്‍ത്തിക് ആണ് കൊല്ലപ്പെട്ടത്. ദീപാവലി ആഘോഷത്തിന് പടക്കം വാങ്ങാന്‍ കാര്‍ത്തിക് നവംബര്‍ മൂന്നിന് രാവിലെ വീട്ടില്‍ നിന്നിറങ്ങിയതാണ്. കുട്ടി കടയിലേക്ക് പോകുന്നതിനിടെ അജ്ഞാതസംഘം പിൻതുടർന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഒരാള്‍ നാഗരാജിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും നാല് ലക്ഷം രൂപ നല്‍കിയാല്‍ വിട്ടയക്കാമെന്നും പൊലീസിനെ അറിയിച്ചാല്‍ കുട്ടിയെ കൊല്ലുമെന്നും അറിയിച്ചു. എന്നാല്‍ നാഗരാജ് വിവരം പൊലീസിന് കൈമാറി.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച വൈകിട്ട് കാര്‍ത്തികിന്റെ മൃതദേഹം വഴിയരികില്‍ കണ്ടെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ആസ്പത്രിമോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ കൊലപാതകമാണെന്ന് വ്യക്തമായി. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കേസില്‍ അഞ്ചുപ്രതികളുണ്ടെന്നും ഒരാള്‍ അറസ്റ്റിലായതോടെ നാലുപേര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. കുട്ടിയെ വിട്ടയച്ചാല്‍ തങ്ങളെ തിരിച്ചറിയുമെന്ന് ഭയന്നാണ് കൊല നടത്തിയതെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

Back to top button
error: