ഇരുപത്തിയഞ്ചാമത് IFFK കൊച്ചി ഉദ്ഘാടന ചടങ്ങിൽ നിന്നും നടൻ സലിം കുമാറിനെ ഒഴിവാക്കിയ വിവാദം പുതിയ വഴിത്തിരിവിലേക്ക്. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്കാര ജേതാക്കളുടെ ഒപ്പം സലിംകുമാറിനെ പങ്കെടുപ്പിക്കാതെ ഇരുന്നതാണ് വിവാദങ്ങൾക്ക് തുടക്കമായത്. വിഷയത്തിൽ നടൻ സലിംകുമാർ അധികൃതരോട് കാരണം ചോദിച്ചപ്പോഴാണ് തനിക്ക് പ്രായക്കൂടുതൽ ഉള്ളതുകൊണ്ടാണ് മേളയിൽ നിന്നും ഒഴിവാക്കി നിർത്തുന്നതെന്നാണ് മറുപടി ലഭിച്ചത്. എന്നാൽ കോളജിൽ തന്റെ ജൂനിയറായി പഠിച്ച ആഷിക് അബുവിനും അമൽ നീരദിനുമടക്കം മേളയിലേക്ക് ക്ഷണം ലഭിച്ചതിനെക്കുറിച്ചും സലിംകുമാർ വിശദീകരിച്ചു.
ചലച്ചിത്ര മേള രണ്ടര പതിറ്റാണ്ട് പിന്നിട്ടതിന്റെ ഭാഗമായി ഇന്ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ 25 തിരിതെളിയിച്ച് ഉദ്ഘാടനം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. സരിത തീയേറ്ററിലാണ് ചടങ്ങ് നടത്തുന്നത്. വൈകിട്ട് ആറുമണിക്ക് മന്ത്രി എ കെ ബാലൻ ചലചിത്രമേള ഓൺലൈനായി ഉദ്ഘാടനം ചെയ്യും. സലിം കുമാർ വിവാദം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായി എന്നോണം അദ്ദേഹത്തിന് മേളയിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ഇനി താൻ മേളക്ക് പങ്കെടുക്കില്ല എന്നാണ് അദ്ദേഹം തീർത്തു പറയുന്നത്. ഇടതുപക്ഷ സർക്കാർ നടത്തുന്ന ചലച്ചിത്രമേളയിലേക്ക് ഒരു കോൺഗ്രസ് അനുഭാവിയെ പങ്കെടുപ്പിക്കുന്നതിലെ രാഷ്ട്രീയമാണ് ഇവിടെ യഥാർത്ഥ പ്രശ്നം എന്ന് സലിംകുമാർ പറഞ്ഞു. അധികാരികളുടെ ക്ഷണം സ്വീകരിച്ച് ഇനി താൻ ഉദ്ഘാടനചടങ്ങിൽ സംബന്ധിച്ചാല്‍ അത് തനിക്കൊപ്പം നിന്നവരെ ചതിക്കുന്നതിന് തുല്യമാകും എന്നും അദ്ദേഹം പറഞ്ഞു. കൊച്ചു കുട്ടികളേക്കാള്‍ കഷ്ടമാണ് IFFK ഭാരവാഹികളുടെ പെരുമാറ്റം എന്നും നടൻ വിമർശിച്ചു.
നാല്‍പ്പത്തിയാറ് രാജ്യങ്ങളില്‍ നിന്നുള്ള 80 സിനിമകളാണ് IFFK ല്‍ ഈ വർഷം പ്രദർശിപ്പിക്കുന്നത്. ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയൻ ചിത്രം ക്വോ വാഡിസ് ഐഡയാണ് മേളയുടെ ഉദ്ഘാടന ചിത്രം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ മേളയില്‍ പങ്കെടുപ്പിക്കു.