LIFETRENDING

ശരിക്കും ഇതാണ് ഞാൻ, ചക്കപ്പഴത്തിലേതാണ് മേക്കോവർ: സബിറ്റ ജോര്‍ജ്

ളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി മനസ്സുകളിൽ ഇടം പിടിച്ച ടെലിവിഷൻ സീരിയൽ ആണ് ചക്കപ്പഴം. വലിയ ഏച്ചു കെട്ടലുകളോ കണ്ണീർ കഥകളോ ഇല്ലാതെ ഒരു മലയാളി കുടുംബത്തിലേക്ക് ക്യാമറ തുറന്നുവച്ചാൽ കാണുന്ന കാഴ്ച എന്തോ അതാണ് ചക്കപ്പഴത്തിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ചക്കപ്പഴത്തിലെ ലളിതയും സുമേഷും ആഷയും പൈങ്കിളിയുമൊക്കെ ഇന്ന് മലയാളികൾക്ക് പ്രിയങ്കരരാണ്. മലയാളികളുടെ സ്വീകരണമുറിയിൽ ഇവർക്ക് പ്രത്യേകം ഒരു സ്ഥാനമുണ്ട്. ഇപ്പോഴിത ചക്കപ്പഴം എന്ന സീരിയലിലെ കേന്ദ്രകഥാപാത്രമായ ലളിതമ്മയെ അവതരിപ്പിക്കുന്ന സബിറ്റ ജോർജാണ് ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ”ശരിക്കും ചക്കപ്പഴത്തിലെ ലളിത എന്ന കഥാപാത്രമാണ് മേക്കോവർ, യഥാർത്ഥ ജീവിതത്തിൽ ഞാൻ അങ്ങനെയൊന്നുമല്ല” സബിറ്റ ജോർജ് പറയുന്നു.

സംഗീതം, എവിയേഷന്‍, മെഡിക്കല്‍ ഫീല്‍ഡ്, മോഡലിംഗ് തുടങ്ങിയ മേഖലകളിലെല്ലാം തന്റെ സാന്നിധ്യമറിയിച്ച ശേഷമാണ് സബിറ്റ സീരിയൽ രംഗത്തേക്ക് കടന്നുവന്നത്. ചെറുപ്പംമുതൽ കലാരംഗത്ത് കഴിവ് തെളിയിച്ച ആളാണ് സബിറ്റ. തുടർന്ന് പാലക്കാട് ചിറ്റൂർ കോളേജിൽ നിന്നും ബി എ മ്യൂസിക്കിലും, ബി.എ സൈക്കോളജിയിലും സബിറ്റ ബിരുദം നേടിയിട്ടുണ്ട്. ഡിഗ്രി പഠനത്തിന് ശേഷമാണ് ഏവിയേഷന്‍ കോഴ്സ് തിരഞ്ഞെടുക്കുന്നതും തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ ജോലിയില്‍ പ്രവേശിക്കുന്നതും. വിവാഹശേഷമാണ് സബിറ്റ അമേരിക്കയിലേക്ക് താമസം മാറ്റുന്നത്. തുടർന്ന് റിയൽ എസ്റ്റേറ്റ് ബിസിനസിലും ചെറിയ ചില പരീക്ഷണങ്ങൾ നടത്തി. മക്കളുടെ വരവോടെയാണ് സബിറ്റ മറ്റു തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് കുടുംബനാഥ എന്ന ലേബലിലേക്ക് എത്തിച്ചേര്‍ന്നത്.

ശാരീരികമായി ബുദ്ധിമുട്ടുള്ള മൂത്തമകനെ ശ്രുശ്രുഷിക്കുന്നതിന് വേണ്ടിയാണ് പ്രാഥമിക മെഡിക്കൽ പരിജ്ഞാനം സബിറ്റ നേടിയെടുത്തത്. പിന്നീട് മകന്റെ വേർപാടിനു ശേഷം സബിത ഔദ്യോഗികമായി മെഡിക്കൽ പരിശീലനം നേടിയെടുക്കുകയും ലൈസൻസ് കരസ്ഥമാക്കുകയും ചെയ്തു. മെഡിക്കൽ അസിസ്റ്റൻറ് എന്ന യോഗ്യത കരസ്ഥമാക്കിയ ശേഷം താൻ ഏതെങ്കിലും ആശുപത്രിയിൽ ജോലി ചെയ്യും എന്നാണ് തന്റെ ചുറ്റുമുണ്ടായിരുന്നവർ വിശ്വസിച്ചിരുന്നതെന്ന് സബിറ്റ ഓർത്തെടുക്കുന്നു. പക്ഷേ എല്ലാവരുടെയും വിശ്വാസത്തെ തെറ്റിച്ചുകൊണ്ടാണ് സബിറ്റ അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്.

ജീവിതത്തിൽ ഒരുപാട് തവണ അഭിനയിക്കേണ്ടി വന്നിട്ടുള്ള തനിക്ക് ഒരിക്കലെങ്കിലും ക്യാമറയുടെ മുന്നിൽ നിൽക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. ജീവിതത്തിൽ അഭിനയിച്ച വേഷങ്ങൾ എന്തുകൊണ്ട് ക്യാമറയ്ക്ക് മുൻപിൽ ആയിക്കൂടാ എന്ന ചിന്തയിൽ നിന്നുമാണ് പുതിയ തുടക്കം ഉണ്ടാവുന്നത്. തന്റെ തീരുമാനം മറ്റുള്ളവർ എങ്ങനെയായിരിക്കും നോക്കിക്കാണുക എന്ന കാര്യത്തിൽ തനിക്ക് ഒരിക്കലും ഭയം ഉണ്ടായിരുന്നില്ലെന്ന് സബിറ്റ പറയുന്നു. മകളോടും ഭർത്താവിനോടും തനിക്ക് രണ്ടുവർഷത്തേക്ക് നാട്ടിലേക്ക് പോണം, അഭിനയിക്കണം എന്നുള്ള ആഗ്രഹം തുറന്നുപറഞ്ഞു. ഇരുവരുടെയും സമ്മതത്തോടെയാണ് അമേരിക്കയിൽ നിന്നും സബിറ്റ കാക്കനാട്ടേക്ക് വരുന്നത്.

പരസ്യ ചിത്രങ്ങളിലൂടെയാണ് സബിറ്റ അഭിനയരംഗത്തേക്ക് കാലെടുത്തു വെക്കുന്നത്. പിന്നീട് അഭിനയിക്കുവാൻ വേണ്ടി കാസ്റ്റിംഗ് കോളുകള്‍ കണ്ടെത്തുകയായിരുന്നു പ്രധാന പരിപാടി. അങ്ങനെയാണ് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഒരു വെബ് മൂവിയുടെ ചിത്രീകരണ വേളയില്‍ പരിചയപ്പെട്ട കോട്ടയം രമേശേട്ടൻ വഴിയാണ് ചക്കപ്പഴത്തിലേക്കുള്ള ക്ഷണം ലഭിക്കുന്നത്. സീരിയലിലേക്കാണ് ക്ഷണം എന്നറിഞ്ഞപ്പോൾ തനിക്ക് താൽപര്യമില്ല എന്ന് പറഞ്ഞ് സബിറ്റ ഒഴിഞ്ഞിരുന്നു. സ്ഥിരം ഫോർമാറ്റിൽ നിന്നും വ്യത്യസ്തമാണ് ചക്കപ്പഴം എന്നറിഞ്ഞതോടെയാണ് സബിറ്റ ലളിത എന്ന കഥാപാത്രമാവാൻ സെറ്റിലേക്ക് എത്തിയത്. കഥാപാത്രത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞതോടെയാണ് സബിറ്റ ലളിത ആവാൻ തയ്യാറായത്. തന്റെ റിയൽ ലൈഫിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ് ലളിത. അതുകൊണ്ടുതന്നെ ആ ചലഞ്ച് താൻ ഏറ്റെടുക്കുകയായിരുന്നുവെന്ന് സബിറ്റ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button