ബിശ്വാസ് മേത്തയുടെ നിയമനത്തോട് എതിര്‍പ്പ്, രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: ചീഫ് സെക്രട്ടറി  ബിശ്വാസ് മേത്തയെ മുഖ്യവിവരാവകാശ കമ്മീഷണറായി നിയമിക്കുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
 ബിശ്വാസ് മേത്തയെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. ജലിവിഭവ വകുപ്പിന്റെ പദ്ധതികളില്‍ ചില  വിദേശ കണ്‍സള്‍ട്ടന്‍സി കമ്പനികളെ നിയോഗിക്കുന്നതിന് ബിശ്വാസ് മേത്ത നടത്തിയ   ക്രമവിരുദ്ധവും ദൂരൂഹവുമായ നീക്കത്തിനെതിരെ താന്‍ തന്നെ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

മുഖ്യവിവരാവകാശകമ്മീഷണര്‍ എന്ന ഉന്നത പദവിക്ക് തിരഞ്ഞെടുക്കപ്പെടേണ്ടത്  ആദര്‍ശ ശുദ്ധിയും  പ്രതിബദ്ധതയും സത്യസന്ധതയും പുലര്‍ത്തുന്ന  കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയായിരിക്കണമെന്നിരിക്കെ  ബിശ്വാസ് മേത്തയെ  പോലെ അഴിമതിയാരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന ഒരാളെ മുഖ്യവിവരാവാകാശ കമ്മീഷണര്‍  സ്ഥാനത്തേക്ക് പരിഗണിച്ചത് ശരിയായില്ലന്ന്  രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.  
കഴിഞ്ഞ ദിവസം ഐശ്വര്യ കേരള ജാഥക്കിടയിലാണ്  മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുക്കേണ്ടി വന്നത്. എന്നാല്‍ നെറ്റ് വര്‍ക്കിലെ തകരാറും അവ്യക്തതയും  കാരണം പറയുന്നത് കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ തന്റെ അഭിപ്രായം പൂര്‍ണ്ണമായി രേഖപ്പെടുത്താനായില്ല. എന്നാല്‍ ഇന്ന് മാദ്ധ്യമങ്ങളില്‍ ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് തെറ്റായ വാര്‍ത്ത കണ്ടു. അതിനാലാണ് രേഖാമൂലം എതിര്‍പ്പ് അറിയിക്കുന്നത്.

 പ്രതിപക്ഷ നേതാവെന്ന നിലയില്‍   ബിശ്വാസ് മേത്തയെ മുഖ്യവിവരാവകാശ കമ്മീഷണറായി നിയമിക്കുന്നതില്‍ തനിക്ക് ശക്തിയായ എതിര്‍പ്പുണ്ട്. തന്റെ വിയോജിപ്പ്   മീറ്റിംഗിന്റെ മിനിട്‌സില്‍ രേഖപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *