Lead NewsNEWS

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ഡിപ്പോസിറ്റ് തിരികെ നൽകി

തിരുവനന്തപുരം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് ബി ടെക് വിദ്യാർത്ഥി കോളേജിൽ അടച്ച ഒന്നരലക്ഷം രൂപയുടെ ഡിപ്പോസിറ്റ് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് മടക്കി നൽകി. കോളേജിൽ അടയ്ക്കേണ്ട ഫീസുകളെല്ലാം അടച്ചെങ്കിലും ഡിപ്പോസിറ്റ് തിരികെ നൽകിയില്ലെന്ന് പരാതിപ്പെട്ട് വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് റിയാസ് സമർപ്പിച്ച പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലക്ക് ഉത്തരവ് നൽകിയിരുന്നു.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർവകലാശാല രജിസ്ട്രാർ കോളേജിൽ നിന്നും വിശദീകരണം തേടി. അലുംനി അസോസിയേഷൻ ഫീസായ 2500 രൂപ കുറച്ച് 1,47,500 രൂപയുടെ ചെക്ക് പരാതിക്കാരന്റെ പിതാവിന്റെ പേരിൽ ബാങ്കിലിട്ടതായി കോളേജ് അറിയിച്ചതായി സർവകലാശാല രജിസ്ട്രാർ കമ്മീഷനെ അറിയിച്ചു. ഒന്നാം വർഷ ബി ടെക് പ്രവേശനം പൂർത്തിയായാൽ മാത്രം ഡിപ്പോസിറ്റ് തിരികെ നൽകുന്നതാണ് കീഴ്വഴക്കമെന്നും അതുകൊണ്ടാണ് തുക നൽകാൻ കാലതാമസമുണ്ടായതെന്നും മോഹൻദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി അറിയിച്ചതായി സർവകലാശാല കമ്മീഷനെ അറിയിച്ചു.

Back to top button
error: