Lead NewsNEWS

ഐടി നയത്തില്‍ കാലാനുസൃത മാറ്റമാകാം: മുഖ്യമന്ത്രി

തിരുവനന്തപുരം: മാറിയ സാഹചര്യങ്ങള്‍ക്കനുസൃതമായി ആവശ്യകതകള്‍ നിറവേറ്റുന്നതിന് സംസ്ഥാന ഐടി നയത്തില്‍ കാതലായ മാറ്റം വരുത്താമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ വ്യക്തമാക്കി. ഭാവി വീക്ഷണത്തോടെ കേരളം എന്ന പ്രമേയത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനത്തിന്‍റെ രണ്ടാം ദിനത്തില്‍ ഐടി ചര്‍ച്ചയില്‍ നയരേഖ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഐടി മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നത് പ്രധാനമാണ്. സ്വകാര്യ മേഖലയുമായി ചേര്‍ന്ന് നൂതന മാതൃകകള്‍ വികസിപ്പിച്ച് നിക്ഷേപം ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സര്‍ക്കാര്‍ പ്രതിബദ്ധമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവത്തിലെ യന്ത്രങ്ങള്‍ പോലെ പുതിയ സാങ്കേതിക വിപ്ലവത്തിന് സിലിക്കണ്‍ ചിപ്പുകളാണ് സുപ്രധാനം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യം നിലവില്‍ ഐടി വിപ്ലവത്തിന് കരുത്തേകുന്ന സിലിക്കണ്‍ ചിപ്പുകളുടെ ഉത്പ്പാദനത്തില്‍ പിന്നിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ഐടി ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും പ്രഥമ ഉപഭോക്താവ് സര്‍ക്കാര്‍ ആയിരിക്കണമെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകനും സംസ്ഥാന ഐടി ഉന്നതാധികാര സമിതി ചെയര്‍മാനുമായ ശ്രീ എസ് ഡി ഷിബുലാല്‍ അഭിപ്രായപ്പെട്ടു. വിപണി സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ മികച്ച പങ്ക് വഹിക്കണം. മറ്റു സ്ഥലങ്ങളില്‍ ഈ മാതൃക അനുവര്‍ത്തിക്കുന്നുണ്ട്. കൊവിഡ് പല മേഖലകളേയും പ്രതികൂലമായി ബാധിച്ചെങ്കിലും വിവരസാങ്കേതികവിദ്യയുടേയും സേവനങ്ങളുടേയും ആവശ്യകത വര്‍ദ്ധിപ്പിച്ചു. കൊവിഡ് മൂലം ഐടി സേവന മേഖല, ഐടി സൊലൂഷന്‍സ് മേഖലയായി മാറും. ഇതിന് നൂതന നൈപുണ്യവും കാര്യശേഷിയും ആവശ്യമാണ്.

ഉന്നതവിദ്യാഭ്യാസ രംഗത്തും അടിസ്ഥാന സൗകര്യവികസനത്തിലും വന്‍ നിക്ഷേപങ്ങള്‍ നടത്തിയ സംസ്ഥാനം, പുരോഗതിയുടെ പാതയിലാണ്. ഡിജിറ്റല്‍വത്ക്കരിക്കേണ്ട പുതിയ മേഖലകള്‍ കണ്ടെത്തുന്നതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യാവസായികമേഖലയ്ക്കും കരുത്താര്‍ജ്ജിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിജ്ഞാനാധിഷ്ഠിത ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയ്ക്കാണ് നാലാം വ്യാവസായിക വിപ്ലവം ഊന്നല്‍ നല്‍കുന്നതെന്ന് കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു. 2025 ഓടുകൂടി ഇന്ത്യ സോഫ്റ്റ് വെയറില്‍ 350 ബില്യണ്‍ ഡോളറും ഹാര്‍ഡ് വെയറില്‍ 400 ബില്യണ്‍ ഡോളറും വിപണന വളര്‍ച്ച നേടും. കൂടാതെ ഈ മേഖലയില്‍ 10 ദശലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. സര്‍ക്കാരിന്‍റെ ഐടി നയം വളര്‍ച്ചയ്ക്ക് അനുകൂലമാണ്. ഇലക്ട്രിക്കല്‍ രംഗത്ത് കേരളം ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. വില, ജീവിതനിലവാരം, നൈപുണ്യം, അടിസ്ഥാനസൗകര്യം, വ്യാവസായികബന്ധം, സ്റ്റാര്‍ട്ടപ്പ് എന്നീ ഘടകങ്ങള്‍ സംസ്ഥാന ഐടി വികസനത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഫ്റ്റ് വെയറില്‍ നൈപുണ്യവും പരിശീലനവും നല്‍കുന്നതില്‍ കേരളം മുന്നിലാണെന്ന് സംസ്ഥാന ഐടി ആന്‍ഡ് ഇലക്ട്രോണിക്സ് വകുപ്പ് അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. കെഫോണ്‍ പ്രാബല്യത്തില്‍ വരുന്നത് ഡിജിറ്റല്‍ അന്തരം മാറുന്നതിനും ഇഹെല്‍ത്ത് പദ്ധതി വിപുലീകരിക്കുന്നതിനും സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇലക്ട്രോണിക് ഉല്‍പ്പാദനത്തില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് പര്യാപ്തമായ തുറന്ന സമീപനം ആവശ്യമാണെന്നും പ്രാദേശിക വിപണിയില്‍ ആരംഭിച്ച് ആഗോള വിപണി ലക്ഷ്യമിടണമെന്നും ഇന്‍റല്‍ ഇന്ത്യ കണ്‍ട്രി ഹെഡും ഡാറ്റാ സെന്‍റര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്‍റുമായ മിസ് നിവൃതി റായ് പറഞ്ഞു. 2019 ല്‍ രാജ്യത്തെ ഇലക്ട്രോണിക്സ് ഉത്പ്പാദനം 3.3 ശതമാനമാണ്. 2025 ആകുമ്പോഴേക്ക് ഇത് ആറ് ശതമാനമാകും. ഐടി മേഖലയില്‍ ആഗോളതലത്തില്‍ പ്രമുഖരായ ചൈനയുടെ ഉത്പ്പാദനം 25 ശതമാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആതിഥേയത്വം, ഇലക്ട്രിക് വാഹനങ്ങള്‍, സ്മാര്‍ട് സിറ്റി, മറൈന്‍ സയന്‍സ്, ലൊജിസ്റ്റിക്സ്, ആരോഗ്യം, ബഹിരാകാശ ശാസ്ത്രം, ബാങ്കിംഗ്-ധനകാര്യസേവനം-ഇന്‍ഷുറസ്(ബിഎഫ്എസ്ഐ)എന്നിവയില്‍ കേരളത്തിന് അനന്തസാധ്യതയുണ്ടെന്നും അവയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും സണ്‍ടെക് ബിസിനസ് സൊലൂഷന്‍സ് സ്ഥാപകനും സിഇഒയുമായ ശ്രീ നന്ദകുമാര്‍ കെ നായര്‍ അഭിപ്രായപ്പെട്ടു.

കൊവിഡ് സാഹചര്യത്തില്‍ നാലാം വ്യാവസായിക വിപ്ലവത്തിന്‍റെ ആവശ്യകതയുടെ വേഗത വര്‍ദ്ധിച്ചതായി സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ പ്രഹ്ലാദ് വടക്കേപ്പാട്ട് പറഞ്ഞു. റോബോട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം വികനസത്തിനുള്ള ചെലവ് കുറയുന്നുണ്ട്. കൊറിയന്‍ സര്‍ക്കാര്‍ റോബോട്ട് നിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തുന്ന സാങ്കേതികവിദ്യയാണ് വാക്സിന്‍ ഉത്പ്പാദനം ത്വരിതഗതിയിലാക്കിയതെന്ന് നാസ്കോം മെമ്പര്‍ഷിപ്പ് ആന്‍ഡ് ഔട്ട്റീച്ച് മേധാവി ശ്രീ ശ്രീകാന്ത് ശ്രീനിവാസന്‍ പറഞ്ഞു. ആരോഗ്യമേഖലയിലും വിദ്യാഭ്യാസത്തിലും നൂതന സാങ്കേതികവിദ്യയിലൂടെ നേട്ടമുണ്ടാക്കാനായതായും ഇനിയും മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോഫ്റ്റ് വെയര്‍ വ്യവസായത്തിലെ സുപ്രധാന മാറ്റങ്ങളും നയപരമായ ഇടപെടലുകളും, വിവിധ മേഖലകളിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലെ പുത്തന്‍ പ്രവണതകള്‍, ഇലക്ട്രോണിക്സ് ഹാര്‍ഡ് വെയര്‍ മേഖലയിലെ അവസരങ്ങള്‍ എന്നിവ കേരളത്തിന് ഗുണകരമാകുന്നത് എപ്രകാരമാണെന്നും സോഫ്റ്റ് വെയര്‍ ഹാര്‍ഡ് വെയര്‍ മേഖലകളിലെ അവസരങ്ങളും തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ ഐസിടി അക്കാദമി സിഇഒ ശ്രീ സന്തോഷ് കുറുപ്പ് മോഡറേറ്ററായിരുന്നു. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാമചന്ദ്രന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ.ടി ജയരാമന്‍, ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡിവിഷന്‍ ചീഫ് ശ്രീ ജോയ് എന്‍ ആര്‍ എന്നിവരും സംസാരിച്ചു.

Back to top button
error: