Lead NewsNEWS

ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയത് അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെട്ടു: ട്വിറ്റര്‍ സിഇഒ

യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോള്‍ മന്ദിരത്തിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ വിലക്കില്‍ പ്രതികരിച്ച് ട്വിറ്റര്‍ സിഇഒ ജാക്ക് ഡൊര്‍സെ. ട്രംപിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത് നല്ല തീരുമാനമായിരുന്നുവെന്നും എന്നാല്‍ ഇതിലൂടെ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ആരോഗ്യപരമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയെന്ന അന്തിമ ലക്ഷ്യത്തിന്റെ പരാജയമാണ് വിലക്കെന്നു കരുതുന്നുവെന്നും ജാക്ക് ട്വീറ്റ് ചെയ്തു. 88 മില്യന്‍ ഫോളോവേഴ്സ് ഉണ്ടായിരുന്ന ട്രംപിന്റെ അക്കൗണ്ട് കഴിഞ്ഞയാഴ്ചയാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരം ആക്രമിച്ച സാഹചര്യത്തില്‍ കൂടുതല്‍ അക്രമം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അക്കൗണ്ട് നീക്കം ചെയ്തതെന്നാണ് ട്വിറ്റര്‍ അറിയിച്ചത്. എന്നാല്‍ സ്വതന്ത്രമായി സംസാരിക്കാനുള്ള ട്രംപിന്റെ അവകാശം അടിച്ചമര്‍ത്തുകയാണ് ട്വിറ്റര്‍ ചെയ്തതെന്ന വിമര്‍ശനവും അതിന് പിന്നാലെ ഉയര്‍ന്നിരുന്നു. ട്രംപിനെ വിലക്കിയതില്‍ ആഘോഷിക്കുകയോ അഭിമാനിക്കുകയോ ഇല്ലെന്ന് ജാക്ക് വ്യക്തമാക്കി. സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന കൃത്യമായ വിവരങ്ങള്‍ ലഭിച്ചതിന് ശേഷമാണ് അങ്ങനെ ചെയ്തത്.

അക്കൗണ്ടുകള്‍ പൂര്‍ണമായി നീക്കുന്ന സാഹചര്യം ഒഴിവാക്കാനായി പലവിധ നടപടികള്‍ ട്വിറ്റര്‍ സ്വീകരിച്ചിരുന്നുവെന്ന് ജാക്ക് അറിയിച്ചു. തുറന്ന ഇന്റര്‍നെറ്റ് എന്ന ആശയത്തിന് അപകടകരമായി ഈ കീഴ്വഴക്കം ഭാവിയില്‍ മാറുമെന്ന് ജാക്ക് ആശങ്കപ്പെടുന്നു.

ട്വിറ്ററിന് പുറമെ ട്രംപിന്റെ ഫെയ്‌സ്ബുക്ക്, യുട്യൂബ് അക്കൗണ്ടുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മൂന്നു ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്ന് ട്വിറ്റര്‍ ട്രമ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇവ നീക്കം ചെയ്തില്ലെങ്കില്‍ വിലക്ക് തുടരുമെന്നായിരുന്നു ട്വിറ്റര്‍ വ്യക്തമാക്കിയത്. അതേസമയം, 24മണിക്കൂറാണ് ഫേസ്ബുക്ക് വിലക്കിയത്. തന്റെ അനുകൂലികളെ അഭിസംബോധന ചെയ്യുന്ന ട്രംപിന്റെ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. യൂട്യൂബും ഈ വീഡിയോ നീക്കം ചെയ്യുകയും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. 7 ദിവസത്തേക്കാണ് ട്രംപിന്റെ യുട്യൂബ് ചാനല്‍ വിലക്കിയത്. എന്നാല്‍ വേണ്ടി വന്നാല്‍ വിലക്ക് നീട്ടുമെന്നും അറിയിച്ചിരുന്നു.

ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ വേണ്ടി ജനപ്രതിനിധി സഭയും സെനറ്റും യോഗം ചേരുന്നതിനിടെയാണ് ട്രംപ് അനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചു കയറിയത്. ബാരിക്കേഡിനെയും സുരക്ഷാസേനയെയും മറികടന്ന് അവര്‍ ക്യാപ്പിറ്റോള്‍ മന്ദിരത്തിന് ഉള്ളില്‍ കയറി. പൊലീസുമായി ഏറ്റുമുട്ടാനും തയ്യാറായി. ട്രമ്പ് അനുകൂലികളും ആയുധധാരികള്‍ ആയിരുന്നു.

അതേസമയം, ട്രംപ് ഇപ്പോള്‍ ഇംപീച്ച്‌മെന്റ് നേരിട്ടിരിക്കുകയാണ്.
ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ ജനപ്രതിനിധിസഭയില്‍ 197നെതിരെ 232 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. 10 റിപ്പബ്ലിക്കന്‍ അംഗങ്ങളാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. ഇംപീച്ച്‌മെന്റിന്റെ അടുത്തഘട്ടം സെനറ്റില്‍ ആണ്. സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ട്രംപിനെതിരെ കുറ്റം ചുമത്താം.

സെനറ്റിന്റെ ആകെ അംഗസംഖ്യ 100 ആണ്. ഇതില്‍ 50 പേര്‍ ഡെമോക്രാറ്റുകള്‍ ആണ്. 17 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കൂടി പിന്തുണച്ചാല്‍ മാത്രമേ കുറ്റം ചുമത്താന്‍ ആകൂ. ഇംപീച്ച്‌മെന്റ് നേരിട്ടാല്‍ അമേരിക്കന്‍ ചരിത്രത്തില്‍ രണ്ട് ഇംപീച്ച്‌മെന്റ് നേരിടുന്ന ആദ്യ പ്രസിഡണ്ടാവും ട്രംപ്.

Back to top button
error: