ബിജെപി മുഖ്യമന്ത്രിക്കെതിരെ അസാധാരണ പരാമർശങ്ങളുമായി കർണാടക ഹൈക്കോടതി. മുഖ്യമന്ത്രി യെദിയൂരപ്പയുടെത് അവിശുദ്ധ കൂട്ടുകെട്ടെന്ന് കോടതി.
മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരെ ആഞ്ഞടിച്ച് കർണാടക ഹൈക്കോടതി. മുഖ്യമന്ത്രി യെദ്യൂരപ്പയുടേത് അവിശുദ്ധ കൂട്ടുകെട്ട് ആണെന്ന് കോടതി നിരീക്ഷിച്ചു. മനസ്സാക്ഷിയില്ലാത്തതും അധാർമികവുമായ നടപടികളാണ് അദ്ദേഹത്തിന്റെത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരായ അഴിമതി കേസ് അന്വേഷിക്കുന്ന ലോകയുക്ത പോലീസും വിചാരണ ചെയ്യാനുള്ള പ്രത്യേക കോടതിയും അതീവ ജാഗ്രത പുലർത്തണമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. യെദ്യൂരപ്പക്കെതിരായ അഴിമതിക്കേസ് തടയാനാവില്ലെന്ന് കർണാടക ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. യെദ്യൂരപ്പയുടെ ഹർജി ഹൈക്കോടതി തള്ളി.
ജസ്റ്റിസ് ജോൺ മൈക്കിൾ കുഞ്ഞയുടെതാണ് ഉത്തരവ്. അനധികൃത സ്വത്ത് സമ്പാദ്യ കേസിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ശിക്ഷിച്ചത് ജസ്റ്റിസ് ജോൺ മൈക്കിൾ കുഞ്ഞയാണ്.
2006ൽ ഉപമുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് യെദ്യൂരപ്പക്കെതിരെ ഭൂമികൈമാറ്റം സംബന്ധിച്ച് ആരോപണമുയർന്നത്. ഒരേക്കറിൽ കൂടുതൽ റവന്യൂ ഭൂമി യെദ്യൂരപ്പ അധികാരദുർവിനിയോഗം നടത്തി കൈമാറാൻ ഉത്തരവിട്ടു എന്നതാണ് കേസ്.
ഈ ഭൂമി പിന്നീട് എത്തപ്പെട്ടത് മുൻമുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യാമാതാവ് വിമലയുടെ പക്കലാണ്. വിമല ഭൂമി തന്റെ മകന് കൈമാറി. ഈ നടപടികളൊക്കെ തന്നെ അധികാരദുർവിനിയോഗം ആണെന്ന പ്രോസിക്യൂഷൻ വാദം ഹൈക്കോടതി ശരിവെച്ചു. അന്വേഷണം നടത്തണമെന്നും കേസിൽ വിചാരണ വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിനിടെ പരാതിക്കാരൻ ഹർജി പിൻവലിക്കാൻ ശ്രമം നടത്തിയെങ്കിലും ഹൈക്കോടതി അതിനനുവദിച്ചില്ല.
യെദ്യൂരപ്പ ഹർജിക്കാരനിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാകാം എന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരനുമായുംമറ്റു പ്രതികളുമായും യെദ്യൂരപ്പയ്ക്ക് അവിശുദ്ധബന്ധം ഉണ്ടെന്ന് കോടതി പരാമർശിച്ചു. യെദ്യൂരപ്പയുടെ അധികാരദുർവിനിയോഗം പ്രഥമദൃഷ്ട്യാ തെളിയുന്നതായി ഹൈക്കോടതി വ്യക്തമാക്കി.