തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ രാജന്റെ മകന്‍ കൈ ചൂണ്ടുന്നത് നമുക്കോരോരുത്തര്‍ക്കും നേരെയാണ്. ഒരു പകലില്‍ ആ കുട്ടികള്‍ക്ക് നഷ്ടമായത് ജീവിത്തിലെ ഏറ്റവും വലിയ രണ്ട് സന്തോഷങ്ങളാണ്. അതിന് പകരമായി ഏത് തുലാസില്‍ വെച്ച് എന്തു നല്‍കിയാലും പകരമാവില്ലല്ലോ. രാജനെയും കുടുംബത്തേയും ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കും പോലീസിനും ഒരല്‍പ്പം മനസാക്ഷിയുണ്ടാകണമായിരുന്നു എന്നാണ് കേരളം ഒന്നാകെ പറയുന്നത്.
സ്വന്തമായി 3 സെന്റില്‍ ഒരു കൂര വെച്ചവനെ ഒഴിപ്പിക്കാന്‍ തിടുക്കം കൂട്ടുന്ന പോലീസും നിയമവും എന്തുകൊണ്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന അനധികൃത കൈയ്യേറ്റങ്ങളുടെ മേല്‍ ഇതേ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നില്ല എന്ന ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു. ആള്‍ബലമോ സ്വാധീനമോ ഇല്ലാത്ത രാജന്മാരെയും അവരുടെ കുടുംബത്തേയും തെരുവിലിറക്കിയാലും ചോദ്യം ചെയ്യാന്‍ ആരും ഉണ്ടാവില്ലല്ലോ എന്ന ബോധ്യം തന്നെയാണ് കാക്കിയിട്ടവരെ ഈ കടുംകൈക്ക് മുതിരാന്‍ പ്രേരിപ്പിച്ചത്.
രാജന്റെ മരണത്തെക്കാള്‍ വേദന പടര്‍ത്തിയ രംഗമായിരുന്നു പിന്നീട് ആ വീട്ടില്‍ അരങ്ങേറിയത്. സ്വന്തം അച്ചന്റെ മൃതശരീരം മറവ് ചെയ്യാന്‍ കുഴിയെടുക്കുന്ന ഒരു മകന്റെ ദൃശ്യം മനസിലൊരല്‍പ്പം നന്മയുള്ളവര്‍ക്ക് കണ്ട് നില്‍ക്കാന്‍ ആവുമായിരുന്നില്ല. കുഴിയെടുക്കുന്ന മകനെ തടയാന്‍ ശ്രമിക്കുന്ന പോലീസുകാരനോട് സാറേ നിങ്ങളാണെന്റെ അച്ചനെ കൊന്നത്, ഇനി കുഴിച്ചിടാനും പറ്റൂല്ലെന്നോ എന്ന് ചോദിക്കുന്നവന് എന്ത് മറുപടിയാണ് ഈ നാട്ടിലെ അധികാരികള്‍ നല്‍കുക. ഒരുപക്ഷേ നിയമം നടപ്പാക്കാനെത്തിയ അധികാരികളില്‍ ആരെങ്കിലും ഒരല്‍പ്പം സ്‌നേഹത്തോടെ സംസാരിച്ചിരുന്നുവെങ്കിലോ അയാളെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചിരുന്നെങ്കിലോ ഒരുപക്ഷേ ഇന്നാ കുട്ടികളുടെ കൂടെ അവരുടെ അച്ചനും അമ്മയും ഉണ്ടാകുമായിരുന്നു.
ആത്മഹത്യ ഭീഷണി മുഴക്കിയ രാജന്റെ കൈയ്യില്‍ നിന്നും ലൈറ്റര്‍ തട്ടിത്തെറിപ്പിക്കുന്നതിനിടെയാണ് തീ പിടുത്തം ഉണ്ടായത്. തലവഴി പെട്രോള്‍ ഒഴിക്കുമ്പോഴും രാജനൊപ്പം ഭാര്യ അമ്പിളി ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. തന്റെ ഭര്‍ത്താവൊരിക്കലും കടും കൈ ചെയ്യില്ലെന്ന ഉത്തമ ബോധ്യം അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ അവര്‍ രാജനൊപ്പം നിന്നത്. കൂടുതല്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ കൈവിട്ട് പോവാതിരിക്കാനായിരിക്കാം ആ ലൈറ്റര്‍ തട്ടിത്തെറിപ്പിക്കാന്‍ പോലീസുകാരന്‍ ശ്രമിച്ചത്, പക്ഷേ വിധി സമ്മാനിച്ചത് മറ്റൊന്നായിരുന്നു. രാജന്റെ മരണത്തിലും തുടര്‍ന്നുള്ള സംഭവങ്ങളിലും കേരളത്തിലെ നിയമപാലകര്‍ കൈക്കൊണ്ട നിലപാടിന് വലിയ രീതിയിലുള്ള എതിര്‍പ്പുകളാണ് നേരിടേണ്ടി വന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ഭരിക്കുന്ന തലസ്ഥാന നഗരിയില്‍ തന്നെയാണ് സ്വന്തം അച്ചന് കുഴി വെട്ടേണ്ടി വന്ന ഏറ്റവും പ്രായം കുറഞ്ഞ മകനും ജീവിക്കുന്നതെന്ന സത്യം കേരളത്തിന് തേച്ചാലും മായ്ച്ചാലും തീരാത്ത കളങ്കം സമ്മാനിക്കുകയാണ്.