Lead NewsNEWS

കര്‍ത്താവിന്റെ മണവാട്ടിക്ക് നീതി ലഭിക്കുമ്പോള്‍ അനീതി പ്രവര്‍ത്തിച്ചവര്‍ക്കുള്ള സമ്മാനമെന്ത്.?

നീണ്ട ഇരുപത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പും നിയമപോരാട്ടവും അവസാനിച്ചത് സിസ്റ്റര്‍ അഭയ്ക്ക് നീതി എന്ന സന്തോഷകരമായ വാര്‍ത്തയിലാണ്. കോണ്‍വെന്റിലെ കിണറ്റില്‍ ചാടി സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തുവെന്ന ഒറ്റക്കോളം വാര്‍ത്തയില്‍ നിന്നും സത്യത്തിലേക്കെത്താനുള്ള ദൂരം നീണ്ട 28 വര്‍ഷങ്ങളായിരുന്നു. ഇതിനിടിയില്‍ സാക്ഷികളില്‍ പലരും കൂറ് മാറി, അഭയ്ക്ക് വേണ്ടി നിലകൊള്ളേണ്ടവര്‍ പോലും പ്രതികളുടെ പക്ഷത്ത് അണിനിരന്നു. അപ്പോഴും ഇവര്‍ മനസിലാക്കാതെ പോയ, അല്ലെങ്കില്‍ മനപ്പൂര്‍വ്വം വിസ്മരിച്ചൊരു കാര്യമുണ്ട് ‘ദൈവം എല്ലാം നോക്കിക്കാണുന്നുണ്ട്’. എത്രയൊക്കെ മറച്ച് വെച്ചാലും സത്യം ഒരിക്കല്‍ മറ നീക്കി പുറത്ത് വരിക തന്നെ ചെയ്യും. അന്ന് തെറ്റ് ചെയ്തവരുടെ തൂവെള്ളക്കുപ്പായത്തില്‍ പാപത്തിന്റെ കറ തെളിഞ്ഞ് നില്‍ക്കുന്നുമുണ്ടാവും.

Signature-ad

ദൈവത്തിന്റെ മണവാട്ടിയാവാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയ അഭയ തിരികെ വീട്ടിലേക്കെത്തിയത് നിശ്ചലയായിട്ടായിരുന്നു. കടുത്ത മനോവിഷമത്തില്‍ സിസ്റ്റര്‍ അഭയ കിണറ്റിലേക്ക് ചാടി തന്റെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നുവെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. രാത്രി വെള്ളം കുടിക്കാന്‍ അടുക്കളയിലെത്തിയ സിസ്റ്റര്‍ അഭയയ്ക്ക് ഇരുട്ട് കണ്ടപ്പോള്‍ തോന്നിയ മനോവിഭ്രാന്തിയെന്നാണ് അന്നത്തെ പ്രഗത്ഭനായ പോലീസ് ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. പലരുടെയും സംശയങ്ങള്‍ക്ക് അദ്ദേഹം പറഞ്ഞ മറുപടി സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തതാണ് എന്നായിരുന്നു. സംഭവദിവസം കോണ്‍വെന്റില്‍ പോലീസ് നായയെ കൊണ്ടു വരാതിരുന്നതും, വിരലടയാള വിദഗ്ദരെ എത്തിക്കാതിരുന്നതുമൊക്കെ ചിലരില്‍ സംശയത്തിന്റെ വിത്ത് മുളപ്പിച്ചിരുന്നു. പിന്നീട് ആത്മഹത്യയെന്ന പേരില്‍ കേസ് അവസാനിപ്പിക്കാനായിരുന്നു ലോക്കല്‍ പോലീസിനും പിന്നാലെയെത്തിയ ക്രൈംബ്രാഞ്ചിനും തിടുക്കം. പക്ഷേ അത്തരത്തില്‍ സൃഷ്ടിച്ചെടുത്ത കെട്ട് കഥകള്‍ക്കും കള്ളത്തെളിവുകള്‍ക്കും മേലെ നീതിമാനായ ദൈവം രാജുവെന്ന ദൃക്‌സാക്ഷിയുടെ രൂപത്തില്‍ കാത്തിരിക്കുന്നുണ്ടായിരുന്നുവെന്ന് ഇക്കൂട്ടര്‍ കരുതിയിരുന്നില്ല.

ക്രൈം ബ്രാഞ്ചിന് ശേഷം കേസിലേക്കെത്തിയ സിബിഐ ഉദ്യോഗസ്ഥരാണ് സിസ്റ്റര്‍ അഭയയുടെ മരണത്തിലെ ദുരൂഹതകളുടെ കെട്ടഴിച്ച് തുടങ്ങുന്നത്. അന്വേഷണം മുറുകിയപ്പോള്‍ പ്രതിസ്ഥാനത്ത് സമൂഹം മാന്യരെന്ന് കല്‍പ്പിച്ചിരുന്ന ചിലരെത്തുന്നു. കേസ് അന്വേഷിച്ച വര്‍ഗീസ് പി തോമസിന് ഏറ്റുമുട്ടേണ്ടി വന്നത് ചില വിശ്വാസങ്ങളോടു കൂടിയാണ്. തൊട്ടാല്‍ കൈ പൊള്ളുന്ന പ്രസ്ഥാനത്തിന് നേരെ തിരിയുകയെന്ന വലിയ കടമ്പ കടക്കാന്‍ തീരുമാനിച്ചപ്പോഴാണ് കേസില്‍ ചില അപ്രിയ സത്യങ്ങള്‍ എഴുതിച്ചേര്‍ക്കണമെന്ന ആവശ്യം വര്‍ഗീസ് പി തോമസിന് മുകളിലേക്കെത്തുന്നത്. ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥതയും സിസ്റ്റര്‍ അഭയയുടെ മുഖവും മനസില്‍ വന്നപ്പോള്‍ 10 വര്‍ഷത്തോളം സര്‍വ്വീസ് ബാക്കി നില്‍ക്കേ അദ്ദേഹം ജോലിയില്‍ നിന്നും രാജി വെച്ചു. ഇപ്പോള്‍ അഭയ്ക്ക് നീതി ലഭിക്കുമ്പോള്‍ അത് വര്‍ഗീസ് പി തോമസ് എന്ന തന്റേടമുള്ള, നട്ടെല്ലുള്ള, നന്മയുള്ള പോലീസുകാരന്റെ വിജയം കൂടിയാവുകയാണ്.

കേസിലെ പലരേയും പണത്തിന്റെ പിന്‍ബലത്തില്‍ സ്വന്തമാക്കാന്‍ പ്രതിഭാഗത്തിന് സാധിച്ചെപ്പോഴും രാജുവിന് വിലയിടാന്‍ അവര്‍ക്ക് സാധിച്ചില്ല. വന്‍ തുക വാഗ്ദാനമായി ലഭിക്കുമായിരുന്നിട്ടും സിസ്റ്റര്‍ അഭയയ്ക്ക് നീതി കിട്ടാന്‍ വേണ്ടിയാണയാള്‍ നിലകൊണ്ടത്. ഇന്ന് സമൂഹമാധ്യമങ്ങള്‍ രാജുവിന് ദൈവീക പരിവേഷം നല്‍കി ആദരിക്കുന്നു. കര്‍ത്താവിന്റെ ഇടം വലം കിടന്ന കള്ളന്മാരില്‍ ആരോ ഒരാളാണ് രാജുവിന്റെ വേഷത്തിലെത്തിയതെന്ന് ഓണ്‍ലൈന്‍ കവികള്‍ എഴുതുന്നു. രാജു സാധാരണക്കാരനായ മനുഷ്യനാണ്. സ്വന്തം മകളെപ്പോലെ സിസ്റ്റര്‍ അഭയയെ കണ്ടിരുന്ന സാധാരണക്കാരനായ ഒരച്ഛന്‍. ഒരു മൊഴി മാറ്റിയാല്‍ വലിയ സൗഭാഗ്യങ്ങള്‍ ലഭിക്കുമായിരുന്നിട്ടും അതിനെ പാടേ അവഗണിച്ച രാജുവെന്ന മനുഷ്യനിലാണ് ദൈവത്തെ കാണേണ്ടത്. ദൈവം നേരിട്ട് ഭൂമിയില്‍ അത്ഭുതങ്ങള്‍ ചെയ്യാറില്ലല്ലോ, അതിനായി ചിലരെ നിയോഗിക്കും. രാജുവിനെയും, വര്‍ഗീസ് പി തോമസിനേയും, ജോമോന്‍ പുത്തന്‍പുരയ്ക്കലിനേയും പോലെ…

സിസ്റ്റര്‍ അഭയ്ക്ക് നീതി ലഭിക്കുമ്പോള്‍ അവരോട് അനീതി പ്രവര്‍ത്തിച്ചവര്‍ക്കുള്ള ദൈവത്തിന്റെ സമ്മാനമെന്തെന്ന് ആലോചിച്ചിട്ടുണ്ടോ.? കേസിലെ പ്രധാന പ്രതിയെന്ന് കോടതി വിധിയെഴുതിയാള്‍ ക്യാന്‍സറെന്ന രോഗത്തിന്റെ പിടിയില്‍, ഒപ്പമുള്ളവര്‍ക്കും മാറാരോഗങ്ങള്‍. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കുമേലും ദൈവം നീതി നടപ്പാക്കിയിരുന്നു. സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തു എന്ന് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ പോലീസുദ്യോഗസ്ഥന്‍ ഈ ലോകത്ത് നിന്നും വിടവാങ്ങിയത് സ്വയം മരണം വരിച്ചുകൊണ്ടായിരുന്നു. മറ്റ് ചിലര്‍ സ്‌ട്രോക്ക് വന്നു തളര്‍ന്ന് വീണു. മറ്റ് ചിലര്‍ ജീവീതാവസാനം വരെ നരകിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. സിസ്റ്റര്‍ അഭയയോട് അനീതി പ്രവര്‍ത്തിച്ചവരോട് ദൈവവും അനീതി പ്രവര്‍ത്തിച്ചുവെന്ന് പറയേണ്ടി വരും

Back to top button
error: