NEWS

ഭവന വായ്പ തീരാ ബാധ്യതയോ?… ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കൂ

സ്വന്തമായി വീട് എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. നേരത്തെയൊക്കെ ഒരു അടച്ചുറപ്പുളള വീട് എന്ന സ്വപ്‌നമായിരുന്നെങ്കില്‍ ഇന്ന് അതൊരു സ്റ്റാറ്റസ് സിംബലായി മാറിയിരിക്കുകയാണ്. വീടിന്റെ വലുപ്പം കൂട്ടാനും മുറികളുടെ എണ്ണം കൂട്ടാനും എന്തിന് സിമ്മിങ് പൂള്‍ തൊട്ട് വാഹനമിടാനുളള കാര്‍ ഷെഡ് വരെ ഇന്ന് ട്രെന്‍ഡിംങ്ങായി മറിയിരിക്കുന്നു. അതേസമയം, ഇവയുടെ നിര്‍മ്മാണത്തിനായി പണം കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യവുമാണ്. അതിന് മിക്കവരും തെരഞ്ഞെടുക്കുന്ന ഒരു മാര്‍ഗ്ഗമാണ് ഭവനവായ്പ.

വായ്പ സംഘടിപ്പിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ഇപ്പോഴും പലര്‍ക്കും കൃത്യമായി അറിയില്ല. വായ്പ ആര്‍ക്കൊക്കെ ലഭിക്കും? എങ്ങനെയെക്കെയാണ് അതിന്റെ നടപടിക്രമങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഇപ്പോഴും പലര്‍ക്കും സംശയമാണ്.

ക്രെഡിറ്റ് സ്‌കോര്‍ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് ബാങ്കുകള്‍ ഭവനവായ്പയുടെ പലിശ നിര്‍ണയിക്കുന്നതും വായ്പ അനുവദിക്കുന്നതും. ഉയര്‍ന്ന സ്‌കോറുള്ളവര്‍ക്ക് റിസ്‌ക് കുറയും എന്നതാണ് ഇതിന് പിന്നിലെ വസ്തുത. ക്രെഡിറ്റ് സ്‌കോറിന് അനുസൃതമായി വ്യത്യസ്ത നിരക്കിലാണ് പലിശ ഈടാക്കുന്നത്. ഇതടക്കമുള്ള വായ്പ യോഗ്യതകള്‍ സ്വയം വിലയിരുത്തിയ ശേഷം വേണം അനുയോജ്യമായ നിരക്കും സ്ഥാപനവും തിരഞ്ഞെടുക്കേണ്ടത്.

ഭവനവായ്പ എടുത്തവരുടെ പ്രധാന പരാതിയാണ് എത്ര അടച്ചാലും വായ്പ തീരില്ല എന്നത്. പ്രധാനമായും ആദ്യ വര്‍ഷങ്ങളില്‍ പലിശ മാത്രം അടഞ്ഞു പോകുന്നതാണ് ഇതിനു കാരണം. ഈ സമയത്ത് മുതലിലേക്ക് വളരെ കുറഞ്ഞ തുകയേ വരവു വയ്ക്കപ്പെടുന്നുള്ളൂ. എന്തൊക്കെയാണ് ഇതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടത്?

ഒന്നാമതായി, പരാമാവധി കുറഞ്ഞ പലിശയുളള വായ്പ എടുക്കുക എന്നത് തന്നെയാണ്. വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് പലിശയും വായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കണം. പലിശ കാല്‍ ശതമാനം കുറഞ്ഞാല്‍ പോലും ദീര്‍ഘകാലയളവില്‍ അത് വലിയൊരു ആശ്വാസമാകും. അതേസമയം, വായ്പയെടുക്കുന്നത് ദീര്‍ഘകാലത്തേക്കാണെങ്കിലും എപ്പോഴെങ്കിലും കൂടുതല്‍ പണം കൈയ്യില്‍ വരുമ്പോള്‍ അത് ഭവന വായ്പയിലേക്ക് ഒരുമിച്ച് അടക്കുന്നതിന് തടസ്സമില്ല. ഇത് പലിശ കുറയ്ക്കുന്നതിനൊപ്പം വായാപാ കാലാവധിയും കുറയ്ക്കാന്‍ സഹായിക്കും.

രണ്ടാമതായി, ഹിഡന്‍ ചാര്‍ജുകളില്ലെന്ന് ഉറപ്പാക്കുകയാണ്. ചില ബാങ്കുകള്‍ വിവിധ തരത്തില്‍ നിങ്ങളുടെ കൈയ്യില്‍ നിന്ന് ചാര്‍ജുകള്‍ ഈടാക്കും. അതനുസരിച്ച് ബാധ്യതയും ഉയരാന്‍ കാരണമാകും. അതിനാല്‍ ഒളിഞ്ഞിരിക്കുന്ന ഇത്തരം ചാര്‍ജുകള്‍ സൂക്ഷിക്കുക.

മൂന്നാമതായി, നിവര്‍ത്തിയുണ്ടെങ്കില്‍ ദീര്‍ഘകാലത്തേക്ക് വായ്പ എടുക്കുന്നത് ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം. കൂടുതല്‍ പലിശ അടയ്‌ക്കേണ്ടി വരാന്‍ കാരണം ഉയര്‍ന്ന കാലാവധിയാണ്. ഉദാഹരണം, 25 ലക്ഷം രൂപയുടെ വായ്പ 6.85 ശതമാനത്തിനു 15 വര്‍ഷത്തേക്കാണ് എടുത്തതെങ്കില്‍ പലിശ 15,07,083 രൂപയേ വരൂ . കാലാവധി 25 വര്‍ഷമായാല്‍ ഇതു 27,29,293 രൂപയായി ഉയരും. വ്യത്യാസം 12,22,210 രൂപ. ഇവിടെ പ്രതിമാസ അടവില്‍ 4,831 രൂപയുടെ അധിക ബാധ്യത വരുന്നു.

നാലാമതായി, നമുക്ക് പലരീതിയില്‍ കൈയ്യില്‍ അപ്രതീക്ഷിതവരുമാനം വായ്പയിലേക്ക് അടച്ചാല്‍ മുതലും കാര്യമായി കുറയ്ക്കാനാകും. അതോടെ വലിയ പലിശ ബാധ്യത ഒഴിവാകുന്നു. അധിക തുക അടച്ചുകൊണ്ടിരുന്നാല്‍ പലിശ വലിയ തോതില്‍ കുറയും. എന്നാല്‍, ഫിക്‌സഡ് റേറ്റ് വായ്പകളില്‍ ഇത്തരം തിരിച്ചടവിനു ചില ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്. വായ്പ വാങ്ങും മുന്‍പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം.

അഞ്ചാമതായി, മോറട്ടോറിയം വേണ്ട എന്ന് വെയ്ക്കുക. അതായത് ചില ബാങ്കുകള്‍ വായ്പ അനുവദിച്ച ശേഷം ആറ് മാസത്തെ ഇഎംഐ ഒഴിവാക്കാറുണ്ട്. ഈ പലിശ പിന്നീട് മുതലിനോട് ചേര്‍ക്കപ്പെടുക വഴി പിന്നീട് തിരിച്ചടവ് തുടങ്ങുമ്പോള്‍ കൂട്ടുപലിശ കൂടി വരും.. ഇത് വലിയ ബാധ്യതയാവും അതിനാല്‍ ഇത്തരം പദ്ധതികളില്‍ ഏര്‍പ്പെടാതിരിക്കുക.

ആറാമതായി, സ്വിച്ച് ഓവര്‍ ചെയ്യുക എന്നതാണ്. അതായത് നിലവിലെ വായ്പയുടെ പലിശ കൂടുതലാണെങ്കില്‍ നിരക്കു കുറഞ്ഞ ബാങ്കിലേക്ക് സ്വിച്ച് ഓവര്‍ ചെയ്യാം. അടവ് ബാക്കി, പലിശ വ്യത്യാസം, സ്വിച്ച് ഓവര്‍ ചാര്‍ജ് ഡോക്യുമെന്റേഷന്‍ ചാര്‍ജ് എന്നിവ കണക്കാക്കി ആദായകരമെങ്കില്‍ മാത്രം ഇതിന് മുതിരുക.

ഏഴാമത്തേതും അവസാനത്തേതുമായ ഒരു കാര്യം ഇഎംഐ വര്‍ധിപ്പിക്കാം എന്നതാണ്. വായ്പ എടുക്കുന്ന സമയത്തെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചായിരിക്കും ഇഎംഐയും വായ്പ കാലാവധിയും തീരുമാനിക്കുക. വീട് പണിയുമ്പോഴുള്ള താല്‍ക്കാലിക പ്രതിസന്ധിയെ രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ ഭൂരിഭാഗം പേരും മറികടക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാങ്കുകള്‍ ഇഎംഐ വര്‍ധിപ്പിക്കാന്‍ അവസരം നല്‍കാം. പലപ്പോഴും വര്‍ഷത്തില്‍ ഒരിക്കലാണ് ഇതു ലഭിക്കുക. വര്‍ഷാവര്‍ഷം വരുമാനം കൂടുന്നവര്‍ക്ക് ഈ രീതി പിന്തുടരാം.

അപ്പോള്‍ ഈ നടപടിക്രമങ്ങള്‍ പാലിച്ചാല്‍ എത്ര അടച്ചാലും ഭവന വായ്പ തീരില്ല എന്ന പ്രശ്‌നം ഒഴിവാക്കാം…..

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: