Lead NewsNEWS

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റിലെ ഡി.വൈ.എസ്.പി അമ്മിണിക്കുട്ടനാണ് അന്വേഷിക്കുക. ലോക്കല്‍ പൊലീസില്‍ നിന്ന് കേസ് ഡയറി ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്ന് കോട്ടയം ക്രൈംബ്രാഞ്ച് മേധാവി സാബുമാത്യു പറഞ്ഞു.

കേസ് ഡയറി അടുത്ത ദിവസം തന്നെ ക്രൈംബ്രകാഞ്ചിന് കൈമാറുമെന്ന് ബേക്കല്‍ സി.ഐ അനില്‍കുമാര്‍ വ്യക്തമാക്കി. നടിയെ അക്രമിച്ച കേസില്‍ പ്രതിയായ നടന് അനുകൂലമായി കോടതിയില്‍ മൊഴിമാറ്റി പറയണമെന്നാവശ്യപ്പെട്ട് വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കോട്ടത്തലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാണ്ടിലായിരുന്ന പ്രദീപിന് കോടതി പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നടന്‍ ദിലീപിനും കെ. ബി ഗണേഷ് കുമാര്‍ എം.എല്‍.എക്കും പങ്കുണ്ടെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും വിപിന്‍ലാല്‍ അന്വേഷണവേളയില്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

സാക്ഷിയെ ഭീഷണിപ്പെടുത്തുന്നതിനുള്ള ഗൂഡാലോചന നടന്നത് കൊച്ചിയിലെ ഒരു ഹോട്ടലിലാണെന്ന് പൊലീസിന് സൂചനയും ലഭിച്ചു. കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു പ്രദീപ് കോട്ടത്തല. കേസില്‍ പ്രതിയായതോടെ പ്രദീപിനെ ഗണേഷ്‌കുമാര്‍ തല്‍സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാല്‍ അന്വേഷണമുണ്ടാകുമെന്ന് വ്യക്തമായതോടെയാണ് ഗണേഷ്‌കുമാര്‍ പ്രദീപിനെ ഒഴിവാക്കിയതെന്ന് ആരോപണമുയര്‍ന്നു. വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ബേക്കല്‍ പൊലീസിന്റെ നിര്‍ദേശപ്രകാരം കൊട്ടാരക്കര പൊലീസ് ഗണേഷ്‌കുമാറിന്റെ വസതിയിലും റെയ്ഡ് നടത്തി.

നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കുവേണ്ടി ജയിലില്‍ വെച്ച് കത്തെഴുതിയതിന് വിപിന്‍ലാലിനെതിരെ പൊലീസ് അ ന്വേഷണം നടത്തുകയും പിന്നീട് മാപ്പുസാക്ഷിയാക്കുകയുമാണുണ്ടായത്. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം വിപിന്‍ലാലിന്റെ രഹസ്യമൊഴി കഴിഞ്ഞ ദിവസം കോടതി രേഖപ്പെടുത്തിയിരുന്നു.

Back to top button
error: