കാരക്കോണത്ത് കൊല്ലപ്പെട്ട ശാഖാ കുമാരിയുടെ പോസ്റ്റ്മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. കൊലപാതകം ആസൂത്രിതമെന്നും ശ്വാസം മുട്ടിച്ച ശേഷം ഷോക്കടിച്ച് കൊന്നതാണെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തില്‍ അരുണിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ശനിയാഴ്ച പുലര്‍ച്ചെയോടെ കൊലപാതകം നടന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറകളും കണ്ടെത്തി. കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് കൂടൂതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് സൂചന.
ക്രിസ്മസ് ട്രീയില്‍ ദീപാലങ്കാരത്തിനായി വാങ്ങിയ വയറിനുള്ളില്‍ പെട്ട് ശാഖയ്ക്ക് ഷോക്കേല്‍ക്കുകയായിരുന്നു എന്നാണ് അരുണ്‍ നാട്ടുകാരോട് പറഞ്ഞത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ മൃതദേഹത്തിലെ തെളിവുകളാണ് അരുണിനെ സംശയിക്കാന്‍ ഡോക്ടര്‍മാരെ ഇടയാക്കിയത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ശാഖാ കുമാരിയില്‍ നിന്ന് ധാരാളം പണം അരുണ്‍ കൈപ്പറ്റിയതായി പോലീസിന് വ്യക്തമായിട്ടുണ്ട്. മറ്റു സ്വത്തുക്കള്‍ കൂടി തട്ടിയെടുക്കാന്‍ ആയിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് വിവരം. രണ്ടു മാസങ്ങള്‍ക്കു മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തില്‍ അരുണിന്റെ ബന്ധുക്കള്‍ പങ്കെടുത്തിരുന്നില്ല.