ശോഭാ സുരേന്ദ്രന്‍ അടക്കമുളള നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിക്കൊരുങ്ങി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് നിന്ന് വിട്ടുനിന്നതിലാണ് നടപടി.
ചിലരെല്ലാം പ്രചാരണ രംഗത്തു നിന്ന് വിട്ടുനിന്നെന്നും ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് 25 പഞ്ചായത്തുകളില്‍ യുഡിഎഫ് എല്‍ഡിഎഫ് ഒത്തുകളി നടന്നതായും സുരേന്ദ്രന്‍ ആരോപിച്ചു.
തന്നെ മാറ്റാനുളള ശ്രമം ശോഭ സുരേന്ദ്രന്‍ വിഭാഗം ശക്തമാക്കിയിരിക്കെയാണ് സുരേന്ദ്രന്റെ നീക്കം. സംസ്ഥാന ഘടകത്തിലെ പുനസംഘടയില്‍ പ്രതിഷേധിച്ച് ശോഭ സുരേന്ദ്രന്‍ അടക്കമുളള ഒരു വിഭാഗം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്ന പി.എം വേലായുധന്‍, ജെആര്‍ പദ്മകുമാര്‍ അടക്കമുളള നേതാക്കളും പ്രചാരണത്തില്‍ സജീവമായില്ല. തനിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയാണ് സുരേന്ദ്രന്‍ നല്‍കുന്നത്.
സുരേന്ദ്രനെതിരായ നീക്കങ്ങളില്‍ കൃഷ്ണദാസ് പക്ഷവും ഉണ്ടായിരുന്നെങ്കിലും കൃഷ്ണദാസ് പക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അതേസമയം തങ്ങളെ അവഗണിക്കുന്നുവെന്ന പരാതി പരിഹരിക്കാത്തതിനാലാണ് പ്രചാരണത്തിന് ഇറങ്ങാതിരുന്നതെന്നും ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നുമാണ് ശോഭ സുരേന്ദ്രന്‍ വിഭാഗം പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയാഞ്ഞതോടെ ഇരു വിഭാഗവും തമ്മിലുളള പോര് രൂക്ഷമാകുന്നുവെന്നാണ് സൂചന.