കൊച്ചി: ശബരിമലയില്‍ ഞായറാഴ്ച മുതല്‍ 5000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ചശേഷം മാത്രമാകും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുകയെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഈ മാസം 20 മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും 5000 പേര്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും ശനി, ഞായര്‍ ദിവസങ്ങളില്‍ എണ്ണം കൂട്ടുന്നതില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. തീര്‍ഥാടകര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കണം. 48 മണിക്കൂര്‍ മുന്‍പുള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
തീര്‍ഥാടകരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും അയ്യപ്പസേവാ സമാജവും മറ്റും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റീസുമാരായ സി.ടി. രവികുമാറും എ. ഹരിപാലും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. തീര്‍ഥാടകരുടെ എണ്ണം പ്രതിദിനം 10,000 ആക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
മണ്ഡലകാലത്ത് നിലവിലെ സ്ഥിതി തുടരണമെന്നും പൂജാരിമാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ നട അടയ്‌ക്കേണ്ട സാഹചര്യമുണ്ടാകുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. നിലവില്‍ വാരാന്ത്യത്തില്‍ 3000 പേര്‍ക്കും മറ്റുള്ള ദിവസങ്ങളില്‍ 2000 പേര്‍ക്കുമാണ് പ്രവേശനം.