മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം; ‘മേജര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം അടിസ്ഥാനമാക്കിയൊരുങ്ങുന്ന ‘മേജര്‍’ സിനിമയുടെ
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ റോളിലെത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട അദിവിയുടെ അനുഭവങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം.ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.

നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദിയിലും തെലുഗുവിലുമാണ് ചിത്രം ഒരുങ്ങുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന മേജര്‍ 2021-ല്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍.

‘ഗൂഡാചാരി’ എന്ന ചിത്രത്തിലൂടെയാണ് അദിവി ശ്രദ്ധേയനായത്. ഈ ചിത്രത്തിന്റെ സംവിധായകന്‍ സാഷി കിരണ്‍ ടിക്കയാണ് മേജര്‍ സംവിധാനം ചെയ്യുന്നത്. അദിവി സേഷ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ഗൂഡാചാരിക്കു ശേഷം ശോഭിതയും അദിവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സായീ മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

അദിവി സേഷിന്റെ അദിവി എന്റര്‍ടെയ്ന്‍മെന്റും ശരത് ചന്ദ്ര, അനുരാഗ് റെഡ്ഡി എന്നിവരുടെ എ പ്ലസ് എസ് മൂവീസും ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാണ്.

2008 നവംബര്‍ 26നാണ് താജ് ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്ന ഭീകരാക്രമണത്തിലാണ് എന്‍ എസ് ജി കമാന്‍ഡോ ആയിരുന്ന മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കുള്ള ആദരവെന്ന നിലയില്‍ മരണശേഷം 2009ല്‍ ഭാരത സര്‍ക്കാര്‍ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *