വീട്ടുജോലിക്കാരി ഫ്ലാറ്റില്‍ നിന്നും വീണു മരിച്ച സംഭവം; ഫ്‌ളാറ്റുടമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

കൊച്ചിയില്‍ വീട്ടുജോലിക്കാരി ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റുടമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

ഫ്ളാറ്റുടമ ഇംത്യാസ് അഹമ്മദിനെനെതിരെയാണ് കേസെടുത്തിരിക്കുന്നത്.പ്രതിയുടെ പങ്ക് അന്വേഷണത്തില്‍ വ്യക്തമായതായി ഐജി വിജയ് സാഖറെ പറഞ്ഞു. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതി ഇപ്പോള്‍ ഒളിവിലാണെന്നും പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ അറസ്റ്റുണ്ടാകുമെന്നും ഐജി പറഞ്ഞു.

പ്രതിയെ പിടിക്കാന്‍ ഒരു ടീമിനെ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്. അതേസമയം ഒളിവില്‍ പോയ ഫ്ളാറ്റ് ഉടമ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചതായാണ് പുറത്ത് വരുന്ന വിവരം. എന്തായാലും ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് പോലീസ് പറഞ്ഞു.

അഡ്വാന്‍സ് ആയി വാങ്ങിയ പണം മടക്കി നല്‍കാത്തതിന്റെ പേരിലാണ് ഇയാള്‍ കുമാരിയെ തടഞ്ഞുവച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഞായറാഴ്ചയാണ് ഫ്ളാറ്റില്‍ നിന്ന് ചാടിയ സേലം സ്വദേശി കുമാരി മരിച്ചത്.
ഫ്ളാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ പാര്‍ക്കിങ്ങിനു മുകളിലേക്കു വീണു പരുക്കേറ്റ ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ലാറ്റിന്റെ ആറാം നിലയിലെ ഇംതിയാസ് അഹമ്മദിന്റെ ഫ്ളാറ്റിലെ ജോലിക്കാരിയായിരുന്നു കുമാരി.

രാത്രി അടുക്കളയില്‍ ഉറങ്ങാന്‍ കിടന്ന കുമാരിയെ രാവിലെ താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ഫ്ളാറ്റ് ഉടമ തന്നെയാണ് പൊലീസിനെ അറിയിച്ചത്. ജോലിക്കാരി രക്ഷപ്പെടുന്നതിനായി സാരികള്‍ കൂട്ടിക്കെട്ടി താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *