ഫൈസര്‍ വാക്‌സിന് പിന്തുണയുമായി അമേരിക്കന്‍ വിദഗ്ദ സമിതി

കോവിഡിനെതിരെയുള്ള ഫൈസര്‍ വാക്‌സിന്‍ കൂടുതല്‍ രാജ്യങ്ങളിലേക്കും ജനങ്ങളിലേക്കും അടുക്കുന്നു. പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്തകളില്‍ അമേരിക്കയിലും ഫൈസര്‍ വാക്‌സിന് അടിയന്തര അനുമതി ലഭിക്കുന്നതിനുള്ള സൂചനകളാണ് കാണുന്നത്.

യു.എസ് ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ രൂപീകരിച്ച വിദഗ്ദ സമിതി ഫൈസര്‍-ബയോണ്‍ടെക് കോവിഡ് വാക്‌സിന് അനുകൂലമായി വോട്ട് ചെയ്തതും ഫൈസറിന് അനുമതി ലഭിക്കുന്ന കാര്യത്തില്‍ കൂടുതല്‍ വേഗത വരുത്തും. 17 പേര്‍ വാക്‌സിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ നാല് പേര്‍ അതിനെ എതിര്‍ത്തു.

ഫൈസര്‍ വാക്‌സിന് നിലവില്‍ ബ്രിട്ടണ്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കാനഡ എന്നീ രാജ്യങ്ങളില്‍ അംഗീകാരം നല്‍കിയിരുന്നു. 44,000 ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണങ്ങളുടെ ഫലം വ്യാഴാഴ്ച പുറത്ത് വന്നപ്പോള്‍ വാക്‌സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നു കൂടാതെ 95% ത്തോളം ഫലപ്രാപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതേ സമയം ബ്രിട്ടണില്‍ വാക്‌സിന്‍ സ്വീകരിച്ച ചിലര്‍ക്ക് അലര്‍ജി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ പഠനത്തിന് ശേഷം മാര്‍ഗരേഖ പുതുക്കുമെന്ന് റെഗുലേറ്ററി അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *