സിപിഎമ്മിനിത് താരപ്രചാരകർ ഇല്ലാത്ത തെരഞ്ഞെടുപ്പ്
തദ്ദേശ തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ യുഡിഎഫും ബിജെപിയും അവരുടെ സർവ്വശക്തിയുമെടുത്ത് പ്രചാരണ രംഗത്തുണ്ട് .മുതിർന്ന നേതാക്കൾ തന്നെയാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത് .എന്നാൽ സിപിഐഎമ്മിൽ സ്ഥിതി വ്യത്യസ്തമാണ് .ഇത്തവണ താരപ്രചാരകരെ രംഗത്തിറക്കാതെയാണ് സിപിഐഎമ്മിന്റെ പ്രചാരണം .
കോവിഡ് നിയന്ത്രണം മൂലം മുഖ്യമന്ത്രി പ്രചാരണ രംഗത്ത് പ്രത്യക്ഷമായില്ല .എന്നാൽ വിർച്വൽ ലോകത്ത് പിണറായി സജീവമാണ് താനും .എങ്കിലും പിണറായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്ത ഒരു തെരഞ്ഞെടുപ്പ് സമീപകാലത്ത് ഉണ്ടായിട്ടില്ല .
സിപിഐഎമ്മിന്റെ പ്രചാരണ വേദികളെ ഇളക്കി മറിച്ചിരുന്നത് മൂവർ സംഘമാണ് .പിണറായി വിജയൻ ,കോടിയേരി ബാലകൃഷ്ണൻ ,വി എസ് അച്യുതാനന്ദൻ .വി എസ് ആരോഗ്യപരമായ കാരണങ്ങളാൽ പൂർണ വിശ്രമത്തിൽ ആണ് .പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി എടുത്ത കോടിയേരി ബാലകൃഷ്ണൻ പക്ഷെ ഓൺലൈൻ പ്രചാരണ രംഗത്തുമില്ല.
എം എ ബേബി, ആക്റ്റിംഗ് സെക്രട്ടറി എ വിജയരാഘവൻ എന്നിവരാണ് സിപിഐഎം പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ഓരോ ജില്ലയിലും ചുമതലയിൽ ഉള്ള സെക്രട്ടറിയേറ്റ് അംഗമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മന്ത്രിമാരെയും സിപിഐ എം രംഗത്ത് ഇറക്കുന്നുണ്ട്.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സജീവമായി രംഗത്തില്ല. അദ്ദേഹവും ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമത്തിൽ ആണ്. കെ ഇ ഇസ്മയിൽ കോവിഡ് ചികിത്സയിൽ ആണ്. പന്ന്യൻ രവീന്ദ്രൻ ആണ് സിപിഐക്ക് വേണ്ടി കാര്യങ്ങൾ നിയന്ത്രിക്കുന്നത്. സിപിഐ മന്ത്രിമാരും സജീവമായി രംഗത്തുണ്ട്.
യുഡിഎഫിന്റെ പ്രമുഖർ എല്ലാം തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും സജീവമാണ്. ബിജെപിക്കായി കെ സുരേന്ദ്രനും വി മുരളീധരനും നന്നായി അധ്വാനിക്കുന്നുണ്ട്. എന്നാൽ ശോഭ സുരേന്ദ്രൻ അടക്കമുള്ള ഇടഞ്ഞു നിൽക്കുന്നവർ നിഷ്ക്രിയർ ആവുന്നത് ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.എന്നാൽ സുരേഷ് ഗോപി ഫാക്ടർ ആശ്വാസമാണ് താനും.