ശിവശങ്കറിന് ഡോളര്‍ കടത്തുമായി ബന്ധമെന്ന് ഇഡി
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ വീണ്ടും വെളിപ്പെടുത്തല്‍. ശിവശങ്കറിന് ഡോളര്‍ കടത്തുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് ഇഡിയുടെ ഈ റിപ്പോര്‍ട്ട്.
അതേസമയം, ശിവവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഏഴുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി.
സ്വപ്നയെയും ശരത്തിനെയും ഏഴു ദിവസം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു കോടി 90 ലക്ഷം രൂപയുടെ ഡോളര്‍ സ്വപ്നയും ശരത്തും ഖാലിദും ചേര്‍ന്ന് വിദേശത്തേക്കു കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ നിലവില്‍ ശിവശങ്കറിനെ ഈ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഡോളര്‍ കടത്തില്‍ ശിവശങ്കറിനു ബന്ധമുള്ളതായി വിവരം ലഭിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എം. ശിവശങ്കര്‍ ഒരു ഫോണ്‍ മാത്രം ഉപയോഗിച്ചിരുന്നതായാണ് പറഞ്ഞിരുന്നതെങ്കിലും അദ്ദേഹം മൂന്ന് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതില്‍ രണ്ടെണ്ണം കണ്ടെത്തിയെങ്കിലും ഒരെണ്ണം കണ്ടെത്താനുളള ശ്രമം നടക്കുകയാണ്.