1986,അഞ്ചാം ക്ലാസിൽ പഠിക്കുകയായിരുന്നു എടപ്പാളിൽ ഞാൻ .അടുത്ത വീട്ടിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനിലേയ്ക്ക് ഉറ്റുനോക്കിയിരിക്കുകയാണ് കൂട്ടുകാരോടൊപ്പം .”കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ ” എന്ന് മനസ്സിൽ പറഞ്ഞ് ഇരിക്കുന്ന ഒരു കൂട്ടം കുട്ടികളുടെ ഒപ്പം .കാരണം കാറും കോളും ഞങ്ങളുടെ ആന്റിനയെ ഉലച്ചു കളയും .ആ ഇരിപ്പ് ,അച്ചടക്കത്തോടെയുള്ള ആ ഇരിപ്പ് ഒരു മനുഷ്യനെ കാണാൻ ആയിരുന്നു ,കാൽപ്പന്തുകാരനായി പകർന്നാടുന്ന ഒരു ഇന്ദ്രജാലക്കാരനെ,സാക്ഷാൽ ഡീഗോ മറഡോണയെ .
അതൊരു അസാധാരണ ദിവസം ആയിരുന്നു .അർജെന്റിന – ഇംഗ്ളണ്ടിനെ ലോകകപ്പ് സെമി ഫൈനലിൽ നേരിടുന്നു .എന്ത് കൊണ്ടോ ബ്രിട്ടീഷുകാരെ വെറുപ്പായിരുന്നു ആ മത്സരത്തിൽ ,ചുണ്ടുകളിൽ അർജെന്റിന മന്ത്രം മാത്രം .ഞങ്ങളെക്കാൾ അത്രയധികം പ്രായമൊന്നുമില്ലാത്ത ഒരു മാന്ത്രികൻ ഞങ്ങളെ ഗാന്ധിജിക്ക് ശേഷം ബ്രിട്ടീഷ് വിരുദ്ധരാക്കി .ചുണ്ടുകളിൽ ഒരു മന്ത്രം മാത്രം ഡീഗോ മറഡോണ .
മലപ്പുറത്തുകാർ അങ്ങിനെയാണ് .ലാറ്റിനമേരിക്കൻ ഫുട്ബാളർമാർ മാത്രമാണ് ദൈവങ്ങൾ ,ഞങ്ങൾ തരം പോലെ അർജെന്റിന ആയും ബ്രസീൽ ആയും മാറുമെങ്കിലും .
ഇംഗ്ളണ്ടിനെ അർജെന്റിന 2 -1 നു തകർത്തു .ആരവങ്ങൾക്കിടെ കുടുകുടെ കണ്ണീർ .മനസിലും കാലുകളിലും മറഡോണയെ ആവാഹിച്ച നിമിഷങ്ങൾ .ആ മുറ്റത്ത് ആഹ്ളാദാരവങ്ങളോടെ ഞങ്ങൾ പന്തുതട്ടി .
ഒരു ഗോൾ ഹാൻഡ് ബോൾ ആണോ എന്ന തർക്കം അപ്പോഴും നിലനിന്നു .ആ ചർച്ച ആ മണിക്കൂറിൽ തുടങ്ങി ഇന്നും തുടരുന്നു .പക്ഷെ ഞങ്ങൾക്കറിയാമായിരുന്നു മറഡോണ ഫുട്ബാളിന് നിരക്കാത്തതൊന്നും ചെയ്യില്ല എന്ന് .അങ്ങിനെ ഫൈനലിൽ പശ്ചിമ ജര്മനിയെയും മറഡോണ തകർത്തു .
2005 ൽ പിന്നീട് മറഡോണ തന്നെ ഹാൻഡ്ബാൾ സമ്മതിച്ചിട്ടും ആ സമയത്ത് പത്രപ്രവർത്തകൻ ആയിരുന്നിട്ടും എന്റെ മനം മറഡോണയ്‌ക്കൊപ്പം ആയിരുന്നു .
മറഡോണ സാധാരണക്കാരൻ ആയ അസാധാരണൻ ആയാണ് എന്റെ മനസ്സിൽ. അർജന്റീനിയൻ തെരുവുകളിൽ ദാരിദ്ര്യത്തോട് പന്ത് തട്ടി ജീവിച്ച മനുഷ്യൻ .1986 ൽ ദൈവത്തിന്റെ കൈ കൊണ്ട് ഗോൾ നേടിയ മനുഷ്യൻ ,1994 ൽ ഉത്തേജക മരുന്ന് വിവാദത്തിൽ പെട്ട് ടീമിൽ നിന്ന് പുറത്ത് പോയ മനുഷ്യൻ ,പോപ്പിനോട് നിങ്ങളും മനുഷ്യൻ അല്ലെ എന്ന് തമാശ പറഞ്ഞ മനുഷ്യൻ ,ഉറ്റവർ വിട വാങ്ങുമ്പോൾ പരസ്യമായി പൊട്ടിക്കരഞ്ഞ മനുഷ്യൻ ,അർജെന്റിന ഗോൾ നേടുമ്പോൾ ഗാലറിയിൽ അത്യാഹ്ളാദത്തോടെ ഷർട്ട് ഊരി വീശിയ മനുഷ്യൻ ,കാസ്‌ട്രോയെ കോമ്രേയ്‌ഡ് എന്ന് വിളിച്ചു ആലിംഗനം ചെയ്ത മനുഷ്യൻ ,ചെഗുവേരയെ കയ്യിൽ പച്ച കുത്തിയ മനുഷ്യൻ ,ഐ എം വിജയന് ബോൾ ഹെഡ് ചെയ്ത് നൽകിയ മനുഷ്യൻ .
അതെ മറഡോണ മനുഷ്യൻ ആയിരുന്നു .ജീവിതം സാധാരണമല്ലാതെയും ജീവിക്കാമെന്ന് തെളിയിച്ച മനുഷ്യൻ