‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’; ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ ജലീല്‍
കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍.
കവി ഉളളൂര്‍ എസ് പരമേശ്വരയ്യരുടെ വരികള്‍ ചൊല്ലിയാണ് ജലീല്‍ പ്രതികരിച്ചത്. നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ. നമുക്ക് നാം തന്നെയാണ് സ്വര്‍ഗവും നരകവും തീര്‍ക്കുന്നത് എന്നതാണ് ഇതിന്റെ അര്‍ത്ഥം.
നിലവില്‍ സ്വർണക്കടത്തു കേസിലും യുഎഇയിൽ നിന്ന് അനധികൃതമായി ഈന്തപ്പഴം എത്തിച്ച് വിതരണം ചെയ്തതിലും കെ.ടി. ജലീൽ ആരോപണം നേരിടുന്നുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എൻഐഎയും ഇതുമായി ബന്ധപ്പെട്ട് കെ.ടി.ജലീലിനെ ചോദ്യം ചെയ്തിരുന്നു. പ്രതിപക്ഷം കെ.ടി. ജലീലിനെതിരെ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇന്ന് രാവിലെയാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അറസ്റ്റ്. ആരോഗ്യസ്ഥിതി പരിഗണിച്ചായിരിക്കും ഇബ്രാഹിംകുഞ്ഞിനെ കോടതിയില്‍ ഹാജരാക്കുമെന്ന് തീരുമാനിക്കുക. അതേസമയം അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ലീഗ് നേതാക്കള്‍ പ്രതികരിച്ചു. അനവസരത്തിലുള്ള രാഷ്ട്രീയ പ്രേരിതമായ അറസ്റ്റ് എന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എല്‍ഡിഎഫ് കണ്‍വീനര്‍ നേരത്തെ പറഞ്ഞതിനനുസരിച്ചു ലിസ്റ്റ് ഇട്ട് അറസ്റ്റ് ചെയ്യുന്നു. അന്വേഷണം കഴിഞ്ഞു കുറേ കാലത്തിന് ശേഷമാണ് അറസ്റ്റ്. സര്‍ക്കാര്‍ പ്രതിസന്ധിയിലായ ഘട്ടത്തില്‍ ബാലന്‍സ് ചെയ്യാന്‍ വേണ്ടി നടത്തിയ നാടകമാണിതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.