NEWS

കൃത്യമായ തെളിവില്ലാതെയാണ് ശിവശങ്കറിനെതിരെ ഇഡി കേസെടുത്തിരിക്കുന്നത്: അഭിഭാഷകന്‍

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെതിരെ വീണ്ടും ഇഡി. കളളക്കടത്തിലെ പണം ഒളിപ്പിക്കാന്‍ അറിഞ്ഞുകൊണ്ട് ശ്രമിക്കുന്നത് കുറ്റകരമാണെന്ന് എറണാകുളം സെഷന്‍സ് കോടതി പറഞ്ഞു. ശിവശങ്കറിന് എല്ലാക്കാര്യത്തേക്കുറിച്ചും അറിവുണ്ടായിരുന്നു എന്ന സ്വപ്‌നയുടെ മൊഴി അവഗണിക്കാനാകുമോ എന്നും കോടതി ചോദിച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. എന്നാല്‍ സ്വപ്‌നയും ശിവശങ്കറും തമ്മിലുളള വാട്ട്‌സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്‌നയുടെ മൊഴിയെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. മാത്രമല്ല സ്വപ്നയുമായി ശിവശങ്കര്‍ നടത്തിയിട്ടുള്ള വാട്സാപ് ചാറ്റ് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളും മറ്റും ഇഡി കോടതിയില്‍ മുദ്രവച്ച കവറില്‍ കൈമാറി.

കൃത്യമായ തെളിവില്ലാതെയാണ് ശിവശങ്കറിനെതിരെ ഇഡി കേസെടുത്തിരിക്കുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു. നാല് മാസമായി കസ്റ്റഡിയിലായതിനാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദം മൂലമാണ് സ്വപ്‌ന ഇങ്ങനെ മൊഴി നല്‍കിയതെന്നും അഭിഭാകന്‍ പറഞ്ഞു.

അതേസമയം, കേസില്‍ മൂന്ന് അന്വേഷണ ഉദ്യോഗസ്ഥരുടേയും കണ്ടെത്തലുകള്‍ മൂന്ന് വിധമാണ്. ശിവശങ്കറിനെതിരായ തെളിവുകള്‍ പ്രതിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.

സ്വര്‍ണക്കടത്തിന്റെ ആശയം നല്‍കിയത് സന്ദീപും സരിത്തുമാണ്, അല്ലാതെ ശിവശങ്കറല്ല. സ്വപ്നയുടെ നിര്‍ദേശപ്രകാരം ശിവശങ്കര്‍ എവിടെയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥനെയാണ് ബന്ധപ്പെട്ടത് എന്ന് ഇ.ഡി വ്യക്തമാക്കിയിട്ടില്ലെന്നും. കൊച്ചി വിമാനത്താവളത്തില്‍ ഭക്ഷണ പാക്കേജ് തടഞ്ഞു വച്ചപ്പോള്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥനെയാണ് വിളിച്ചതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെയല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം, ശിവശങ്കറിന്റെ 13 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നലെ കഴിഞ്ഞിരുന്നു. തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ഇഡിയുടെ ആവശ്യം പരിഗണിച്ച് ഇന്നലെ ഒരു ദിവസത്തേയ്ക്കു കൂടി ശിവശങ്കറിനെ കസ്റ്റഡിയില്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.

Back to top button
error: