സിപിഎമ്മിന് വേണ്ടി കളത്തിലിറങ്ങാന്‍ എം.ആര്‍ മുരളി
കേരളം വീണ്ടു ഇലക്ഷന്‍ ചൂടിലേക്ക് കടക്കുമ്പോള്‍ ജനവിധി ആര്‍ക്കൊപ്പം എന്ന ചര്‍ച്ച നാടൊട്ടാകെ തുടങ്ങി കഴിഞ്ഞു. ഭരണം പിടിക്കാന്‍ എന്തു തന്ത്രം പ്രയോഗിക്കാനും മുന്നണികള്‍ ഒരുക്കമാണ്. തള്ളേണ്ടവരെ തള്ളിയും കൊള്ളേണ്ടവരെ കൊണ്ടും ഇലക്ഷന്‍ ജയിക്കുക എന്നത് മാത്രമാണ് മുന്നണികളുടെ ഇപ്പോഴത്തെ അജണ്ട. അക്കൂട്ടത്തിലേറ്റവും പുതിയ രാഷ്ടീയ നീക്കമാണ് ഷൊര്‍ണൂരില്‍ അരങ്ങേറുന്നത്. നേതൃത്വത്തോട് തെറ്റി പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയ എം.ആര്‍ മുരളി വീണ്ടും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാനെത്തുന്ന വാര്‍ത്ത ഏറെ കൗതുകത്തോടെയാണ് ഏവരും നോക്കി കാണുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് മുരളി പാര്‍ട്ടി ടിക്കറ്റില്‍ വിധി തേടാനിറങ്ങുന്നത്. മുരളിയുടെ മടക്കം രാഷ്ട്രീയ ചരിത്രത്തിലെ തന്നെ അപൂര്‍വ്വ നിമിഷങ്ങളിലൊന്നായി കരുതാം. ഒരുവശത്ത് ചേരിപ്പോരും മറുവശത്ത് ബിജെപി കളം പിടിക്കുന്നതുമാണ് മുരളിയെ മുന്നില്‍ നിര്‍ത്തി കളിക്കാം എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടിയെക്കൊണ്ടെത്തിച്ചതെന്ന് വേണം കരുതാന്‍
2005 ല്‍ സിപിഎം പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ച മുരളി വിജയിച്ചിരുന്നു. നഗരസഭ ചെയര്‍മാനായി സ്ഥാനത്തിിരിക്കുമ്പോളാണ് മുരളി പാര്‍ട്ടി വിട്ട് പുറത്തേക്ക് പോയതും ജെ.വി.എസ് എന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കിയതും. പാര്‍ട്ടി ടിക്കറ്റില്‍ ലഭിച്ച സ്ഥാനം ഉപേക്ഷിച്ച് വീണ്ടും സ്വതന്ത്രനായി മത്സരത്തെ നേരിട്ടപ്പോഴും ജനങ്ങള്‍ മുരളിക്കൊപ്പമായിരുന്നു. വീണ്ടും നഗരസഭ ചെയര്‍മാന്‍. 2010 ലും സ്വന്തം സംഘടനയില്‍ നിന്നും മത്സരിച്ച് ജയിച്ച് യു.ഡി.എഫ് പിന്തുണയോടെ മുരളി ചെയര്‍മാനായി
2009 ലെ ലോകസഭ തിരഞ്ഞെടുപ്പിലും മുരളി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. മുരളി മുന്നോട്ട് വെച്ച വലിയ വോട്ട് ബലം സിപിഎം സ്ഥാനാര്‍ത്ഥിയായ എം.ബി രാജേഷിന് കുറച്ച് വെള്ളം കുടിപ്പിച്ചുവെന്ന് പറയാതെ തരമില്ല. നിലിവില്‍ സിപിഎം കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ശക്തമായ ചേരിതിരിവുകള്‍ നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്. മുരളി പാര്‍ട്ടി പക്ഷത്തേക്ക് ചേരുന്നതോടെ ഇത്തരം ആഭ്യന്തര പ്രശ്‌നങ്ങളെ പരിഹരിക്കാനാവുമെന്നാണ് പാര്‍ട്ടി നേതൃത്വം വിചാരിക്കുന്നത്. ജില്ല കമ്മിറ്റിയംഗം എന്ന പദവിയിലിരിക്കുമ്പോളാണ് മുരളി പാര്‍ട്ടി വിട്ട് പുറത്തേക്ക് പോയത്. തിരികെയത്തുമ്പോഴും അതേ പദവി തന്നെയാണ് അദ്ദേഹത്തിന് ലഭിക്കുക.