പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചുവെന്നും അതില്‍ ഒരുപാട് ഹൃദയവേദനയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഏകതാ ദിവസ് ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരിയുടെ പ്രരസ്താവനയെ മുന്‍നിര്‍ത്തിയാണ് നരേന്ദ്ര മോദി പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ചത്. പുല്‍വാമയില്‍ ജവാന്മാര്‍ ജീവന്‍ വെടിഞ്ഞപ്പോള്‍ ആ ദു:ഖത്തില്‍ പങ്ക് ചേരാതെ പ്രതിപക്ഷം കേന്ദ്രത്തിന് നേരെ ആഞ്ഞടിക്കുകയും സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചെന്നും ഇപ്പോള്‍ പാക്കിസ്ഥാനില്‍ നിന്നു തന്നെ പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നുവെന്നും മോദി പറഞ്ഞു. ഗുജറാത്തില് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിച്ചത്