NEWSTRENDING

കോടിയേരിമാരുടെ അപഥസഞ്ചാരം

മയക്കുമരുന്നു കേസില്‍ ബാംഗലൂരുവില്‍ അറസ്റ്റിലായത് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗത്തിന്റെ മകനാണ്. കേരളത്തിലെ ഭരണകക്ഷിയെ നയിക്കുന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍.

പ്രായപൂര്‍ത്തിയായ മക്കള്‍ ചെയ്യുന്നതിന് അച്ഛനും അമ്മയും എന്തു പിഴച്ചു എന്നു സമാധാനിക്കാം. മക്കളുടെ വിധിയാണ് എന്നു സഹതപിക്കാം. പക്ഷെ, കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ നേതാക്കള്‍ക്ക് ചില പെരുമാറ്റ ചട്ടങ്ങളൊക്കെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതില്‍ നേതാക്കളുടെ പദവിയും സൗകര്യവും കുടുംബത്തിനു ദുരുപയോഗം ചെയ്യാനുള്ളതല്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. നേതാവെന്ന നിലയിലോ മന്ത്രി എന്ന നിലയിലോ പിതാവിന്റെ സ്ഥാനം തെറ്റായ വളര്‍ച്ചയ്ക്ക് മകന്‍ ദുരുപയോഗം ചെയ്തു എന്നു കേള്‍ക്കുന്നു. അതു ശരിയെങ്കില്‍ അച്ഛന്‍ പാര്‍ട്ടി സ്ഥാനത്തു തുടരാന്‍ പാടില്ലാത്തതാണ്.

Signature-ad

ബിനീഷ് കോടിയേരി അയാളുടെ കേസിനെ നേരിടട്ടെ. അതു സി പി എമ്മില്‍ തലവേദന സൃഷ്ടിക്കേണ്ടതില്ല. നാലു ദിവസം ഇ ഡിയുടെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ തുടരും. മയക്കു മരുന്നു കേസില്‍ തെളിവുകളുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടും. അതു പാര്‍ട്ടിയെ ബാധിക്കുന്ന കാര്യമാണോ? കോടിയേരിയുടെ മകന്‍ പാര്‍ട്ടിയുടെ കേഡറായി വളര്‍ന്നില്ല. ലഭിച്ച സൗകര്യങ്ങള്‍ ഉപയോഗിച്ച് മാന്യമായി തൊഴില്‍ ചെയ്തു ജീവിച്ചില്ല. സൗകര്യങ്ങളുടെ ശീതളഛായയില്‍ കുറ്റകൃത്യങ്ങളിലേക്കു വളരെ വേഗം വഴുതി. ആ വളര്‍ച്ച ആശാസ്യമല്ലെന്ന് പാര്‍ട്ടി നേതാവ് കോടിയേരി പറഞ്ഞുവോ? മകനെ തടഞ്ഞുവോ? മകന്റെ ചെയ്തികളില്‍ തനിക്ക് ഉത്തരവാദിത്തമില്ല എന്ന് പരസ്യമായി കൈയൊഴിഞ്ഞുവോ?

കുടഞ്ഞെറിയുന്നുണ്ട് ഇപ്പോള്‍ ബിനീഷിനെ. അയാള്‍ക്കു പാര്‍ട്ടിയുമായി എന്തു ബന്ധം എന്ന് മാദ്ധ്യമങ്ങളോടു കയര്‍ക്കുന്നുണ്ട് നേതാക്കള്‍. മകന്റെ കുറ്റത്തിന് അച്ഛനെ പഴിക്കാമോ എന്നു കരയുന്നുണ്ട്. പക്ഷെ, നേതാക്കളേ, കുടഞ്ഞെറിഞ്ഞാല്‍ തെറിക്കില്ല ബിനീഷ്. പാര്‍ട്ടി മെമ്പറോ നേതാവോ അല്ലാതെത്തന്നെ പാര്‍ട്ടിയെ അത്രമാത്രം ഉപയോഗിച്ചിട്ടുണ്ടയാള്‍. അച്ഛന്റെ തണലില്‍ മുതലാളിമാരിലേക്ക് പാലമിട്ടു. മുതലാളിത്ത ശീലങ്ങളിലേക്കും ജീര്‍ണതകളിലേക്കും ചാടിയിറങ്ങി. പ്രശ്നങ്ങള്‍ ഒതുക്കാന്‍ പാര്‍ട്ടി സ്വാധീനം ഉപയോഗിച്ചു. നാട്ടിലും വിദേശത്തും ഒഴുകി നടന്നു. നിയമത്തിന്റെ പിടിയിലാകുമ്പോള്‍ കേസിന്റെ ഗൗരവംമൂലം തള്ളിപ്പറയേണ്ടി വരികയാണ് നേതാക്കള്‍ക്ക്. അതാര്‍ക്കും മനസ്സിലാവും.

പാര്‍ട്ടിയും ജനങ്ങളും നല്‍കുന്ന സമ്മതിയും വിശ്വാസവും മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ദുരുപയോഗം ചെയ്യാനുള്ളതല്ല. തെറ്റു തിരുത്തല്‍ രേഖ അത് ഓര്‍മ്മിപ്പിക്കുന്നു. കമ്യൂണിസ്റ്റ് സദാചാരം എന്ന കൊച്ചു പുസ്തകം പാര്‍ട്ടിയോടു പുലര്‍ത്തേണ്ട മര്യാദ പഠിപ്പിക്കുന്നു. ഇതൊന്നും സംസ്ഥാന സെക്രട്ടറിക്കു ബാധകമാകാതെ വരില്ല. അതിനാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് അല്‍പ്പം ഉത്തരവാദിത്തം തോന്നുന്നുവെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ ഇന്നുതന്നെ സ്ഥാനമുപേക്ഷിക്കും. പുതിയൊരാള്‍ സെക്രട്ടറിയായി വരട്ടെ എന്നു നിര്‍ദ്ദേശിക്കും.

പാര്‍ട്ടിയുടെ മുഖത്ത് കരിതേച്ചു എന്ന കുറ്റാരോപത്തിനു കാത്തു നില്‍ക്കില്ല കോടിയേരി എന്നു കരുതാനേ തോന്നുന്നുള്ളു. ഇനി സമയം കളയേണ്ടതില്ല കോടിയേരിക്കും രാജിവെക്കാം.

Back to top button
error: