അന്തരീക്ഷത്തില്‍ നിന്ന് ‘ഇറച്ചി’; പുതിയ പരീക്ഷണവുമായി ശാസ്ത്രലോകം
മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും മാത്രമല്ല ഇനി അന്തരീക്ഷത്തില്‍ നിന്നും ഇറച്ചി ഉത്പാദിക്കാം എന്ന കണ്ടുപിടിത്തവുമായി ഒരു കൂട്ടം ഗവേഷകര്‍. കാലിഫോര്‍ണിയ ആസ്ഥാനമായ എയര്‍പ്രോട്ടീന്‍ എന്ന കമ്പനിയാണ് ഈ ഗവേഷണവുമായി മുന്നോട്ട് വന്നത്. സാങ്കേതിക വിദ്യയിലൂടെ നല്ല ഇറച്ചി കഴിക്കാനാകുമെന്ന് ഈ ഗവേഷകര്‍ പറയുന്നു.
ഒരു സമയത്ത് ബഹിരാകാശത്തേക്ക് പോയ മനുഷ്യര്‍ക്ക് ഭക്ഷണം ഒരു അവശ്യഘടകമായിരുന്നു. അപ്പോള്‍ അവര്‍ അതിന് മുമ്പോട്ട് വെച്ച സിദ്ധാന്തം തികച്ചും വ്യത്യസ്തമായിരുന്നു. ബഹിരാകാശത്ത് വെച്ച് യാത്രികര്‍ ശ്വസിക്കുമ്പോള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡിനെ ചവച്ച് തിന്നുക. എന്നാല്‍ ഇതിനുളള വഴികള്‍ അന്നേ ആലോചിച്ചിരുന്നെങ്കിലും ഈ ഗവേഷണത്തിലൂടെ വീണ്ടും അവര്‍ വീണ്ടെടുക്കുകയാണ്.
സൂക്ഷ്മ ജിവികളെ ഉപയോഗിച്ച് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ഒരു തരം പ്രോട്ടീന്‍ ആക്കി മാറ്റുകയാണ് ഗവേഷകര്‍ ചെയ്യുന്നത്. പ്രൊബയോട്ടിക് പ്രൊഡക്ഷന്‍ എന്നാണ് ഇതിനെ വിളിക്കുന്നത്.
അതീവ സൂക്ഷ്മതയോടെയും പ്രത്യേകം തയാറാക്കിയ അത്യാധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ മാത്രമേ ഇതു സാധിക്കുകയുള്ളൂ. പക്ഷേ ഉല്‍പാദിപ്പിക്കപ്പെടുന്ന പ്രോട്ടിന്‍ മൃഗങ്ങളുടെ ഇറച്ചിയില്‍ നിന്നു ലഭിക്കുന്നതിനു തുല്യമായിരിക്കും. ഹൈഡ്രോജനട്രോഫ്സ് എന്നറിയപ്പെടുന്ന സൂക്ഷ്മജീവികളെയാണ് ഇതിനു വേണ്ടി ഉപയോഗപ്പെടുത്തുക. ഇവയെ പ്രത്യേകമായി വളര്‍ത്തിയെടുക്കുന്നതാണ്. അതിനു വേണ്ടി ഫെര്‍മന്റേഷന്‍ ടാങ്കുകളുമുണ്ട്.
കാര്‍ബണ്‍ ഡയോക്സൈഡും വെള്ളവും മറ്റു ചില പോഷകവസ്തുക്കളുമാണ് ഈ സൂക്ഷ്മജീവികള്‍ക്കു ഭക്ഷണമായി ടാങ്കില്‍ നല്‍കുക. ഇതെല്ലാം ഉപയോഗിച്ച് അവ തവിട്ടു നിറത്തിലുള്ള ഒരു പൊടി ഉല്‍പാദിപ്പിക്കും. ഈ ‘ധാന്യത്തില്‍’ 80 ശതമാനവും പ്രോട്ടിനായിരിക്കും. ഏകദേശം ഇറച്ചിയുടെ രുചിയായിരിക്കും ഇതിന്. എന്നാല്‍ പൂര്‍ണമായും ഇതിനെ ഇറച്ചിയെന്നു വിളിക്കാനുമാകില്ല. പകരം മറ്റു ചില വസ്തുക്കളുമായി ചേര്‍ക്കുന്നതോടെ യഥാര്‍ഥ ഇറച്ചിയുടെ ഗുണവും രുചിയും ലഭിക്കുമെന്നു മാത്രം. ഇതുപയോഗിച്ച് ബര്‍ഗറോ പീത്സയോ എന്നു വേണ്ട, ഇറച്ചി ഉപയോഗിക്കേണ്ട ഏതുതരം ഭക്ഷ്യവസ്തുവും പാകം ചെയ്തെടുക്കാമെന്നും ഗവേഷകര്‍ പറയുന്നു. ഇതുപക്ഷേ പരീക്ഷണ ഘട്ടമാണ്. ഘട്ടംഘട്ടമായി ഈ ഇറച്ചി വിപണിയിലെത്തിക്കാനാണു നീക്കം.
അന്തരീക്ഷത്തിനോ പരിസ്ഥിതിക്കോ ദോഷം വരാതെ വളരെ മികച്ച രീതിയില്‍ തന്നെ ഭക്ഷ്യലൃവസ്തുക്കള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി പറയുന്നു.