കോവിഡ് 19 സ്റ്റിഗ്മയുമായി സന്തോഷ് കീഴാറ്റൂര്‍; ഒരു ചിത്രത്തില്‍ ആറ് കഥാപാത്രങ്ങള്‍
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സന്തോഷ് കീഴാറ്റൂര്‍. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളി പ്രേക്ഷകരുടെ മനസില്‍ തന്റേതായ സ്ഥാനം നേടിയിരുന്നു.
നാടകത്തില്‍ നിന്നും സിനിമയിലെത്തിയ താരം പിന്നീടും നിരവധി നാടകങ്ങളുടെ ഭാഗമായിപ്രവര്ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം ശ്രദ്ധ നേടുന്നത് കോവിഡ് 19 സ്റ്റിഗ്മ എന്ന പുതിയ ഹൃസ്വചിത്രത്തിലെ പ്രകടനത്തിന്റെ പേരിലാണ്. ആറ് കഥാപാത്രങ്ങളായി സന്തോഷ് കീഴാറ്റൂര്‍ അരങ്ങിലെത്തിയ ചിത്രം എന്ന പ്രത്യേകതയും ഈ ഹൃസ്വചിത്രത്തിനുണ്ട്.
കോവിഡ് കാലത്തെ സമ്മര്‍ദ്ദങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിന്റെ പ്രീയപ്പെട്ട താരങ്ങളായ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും പേജകളിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ജില്ല മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) കണ്ണൂര്‍, ദേശീയ ആരോഗ്യ ദൗത്യം കണ്ണൂര്‍ ഉണര്‍വ്വ്, ജില്ലാ മാനസികാരോഗ്യ പരിപാടി കണ്ണൂര്‍ എന്നിവ ചേര്‍ന്നാണ് കോവിഡ് 19 സ്റ്റിഗ്മ അവതരിപ്പിച്ചിരിക്കുന്നത്. സുരേഷ് ബാബു ശ്രീസ്ത രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സന്തോഷ് കീഴാറ്റൂര്‍ തന്നെയാണ്.