NEWS

ദൂരദർശൻ ടി ആർ പി തട്ടിപ്പിന് ഇര ,റേറ്റിംഗ് ഉള്ളുകളികൾ തുറന്നു പറഞ്ഞ് തിരുവനന്തപുരം ദൂരദർശൻ ഡയറക്ടർ

റേറ്റിംഗ് കൃത്രിമവുമായി ബന്ധപ്പെട്ട് അർണാബ് ഗോസാമിയും റിപ്പബ്ലിക് ടിവിയും വലിയ വിവാദത്തിലാണ് പെട്ടത് .റേറ്റിംഗ് രംഗത്തെ കിടമത്സരത്തിന്റെ ബാക്കിപത്രമാണ് മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത കേസ് .എന്തായാലും ടി ആർ പി തട്ടിപ്പിന്റെ വലിയ ഇരയാണ് ദൂരദർശൻ എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം ദൂരദർശൻ ഡയറക്ടർ കെ ആർ ബീന.

കെ ആർ ബീനയുടെ ഫേസ്ബുക് പോസ്റ്റ് –

ഒരു കാലത്ത് ഏറ്റവും അധികം കാണാൻ കൊതിച്ച സാധനമാണ് People Meter. സത്യമായും അത് എന്താണ് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.പക്ഷേ ഒരുപാട് നാൾ ഞങൾ പരസ്യ വിഭാഗം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥർ ഏറെ ഭയപെട്ടിരുന്ന നിഗൂഢത ചൂഴ്ന്നു നിന്ന സാധനം.

പരസ്യ കമ്പനികൾ പല സ്ഥലത്തും കണ്ടതായി എന്നോട് പറഞ്ഞു. ഒരാൾ പറഞ്ഞത് എറണാകുളത്തെ ഒരു സമ്പന്നർ താമസിക്കുന്ന കോളനിയിൽ ഉണ്ട് എന്നാണ് ഏറെ ഗവേഷണം നടത്തിയാണ് അത് കണ്ട് പിടിച്ചത്.
പക്ഷേ കാര്യമില്ല. മാഡം അത് കാണാൻ കഴിയില്ല.കാണണം എന്ന ആഗ്രഹം അനുദിനം വർദ്ധിച്ചു വന്നു
കാരണം ദൂരദർശന്റെ പ്രേക്ഷകരുടെ താഴുന്ന സംഖ്യകൾ തന്നെ. വളരെ കലാമൂല്യമുള്ള പ്രഗൽഭരായ സംവിധായകർ നിർമിച്ച കഴിവുള്ള കലാകാരന്മാർ അഭിനയിച്ച പരമ്പരകൾ പോലും ജനങ്ങൾ കാണുന്നില്ല എന്ന് ടെലിവിഷൻ ഓഡിയൻസ് സർവ്വേ റിപ്പോർട്ട് പറയുമ്പോൾ അതിനു ആധാരമായ People Meter കാണാൻ ആഗ്രഹിച്ചു പോകുന്നത് സ്വാഭാവികം മാത്രം.
.
TAM ആണ് ഈ people meter survey നടത്തിയിരുന്നത്. ഇ പ്പോൾ അന്വേഷണ വിധേയമായ BARC അഥവാ Broadcast Audience Research Council of India ഉപയോഗിക്കുന്നത് Bar O Meter ആണത്രേ! അതും ഞാൻ കണ്ടിട്ടില്ല. സെൻസസ് പ്രകാരം ഏകദേശം 80 കോടി ജനങ്ങൾക്കാണ് ടെലിവിഷൻ പരിപാടികൾ കാണാനുള്ള അവസരം ഉള്ളത്. BARC sample 40000 ആണെന്ന് തോന്നുന്നു. എങ്ങനെയാണ് പിന്നെ ഓരോ പരമ്പരയും അല്ലെങ്കിൽ പരിപാടിയും കോടി കണക്കിന് പ്രേക്ഷകർ കാണുന്നതായി ആഴ്‍ച്ച കണക്കുകൾ വരുന്നത്? ഞങ്ങളുടെ CEO ആയിരുന്നു Jawahar Sarkar .ഈ അടുത്ത കാലത്ത് ഒരു ടെലിവിഷൻ ചർച്ചയിൽ പറഞ്ഞു: people meter കാണാൻ വേണ്ടി അദ്ദേഹം നടത്തിയ ഭഗീരഥ പ്രവർത്തനങ്ങളെ കുറിച്ച്. ടെലിവിഷൻ തുറന്നു വേണമത്രേ ഈ ഉപകരണം ഘടിപ്പിക്കാൻ. ഞെട്ടിപ്പോയി ഞാൻ വിചാരിച്ചത് ടിവി കാണുന്ന പ്രേക്ഷകന്റെ ശരീരത്തിൽ ഘടിപ്പിച്ചു ഓരോ പരിപാടി കാണുമ്പോഴും ഉണ്ടാകുന്ന pulse read ചെയ്ത് ആയിരിക്കും points രേഖപ്പെടുത്തുക എന്നായിരുന്നു.ടിവി യിൽ ഘടിപ്പിച്ച് എങ്ങനെയാണ് ഒരു കാഴ്ചക്കാരന്റെ താൽപര്യങ്ങൾ അളക്കുക?

എന്റെ പരസ്യ ഏജൻസി സുഹൃത്ത് കണ്ട് പിടിച്ചത് പോലെ സാരിയും മറ്റും പാരിതോഷികങ്ങൾ ആയി നൽകി വരുത്തുന്നതാണോ പോയിന്റുകൾ?എന്തായാലും ഒരു മിഠായി പോലും നൽകാൻ കഴിയാത്ത ദൂരദർശൻ TRP യില് പിന്നോട്ട് പോയി. ഞങ്ങളുടെ പരസ്യ ഏജൻസികൾ നിർമ്മാതാക്കളെ കൈയൊഴിഞ്ഞു. അവരിൽ പലരും വൻ കടബാധ്യത വന്നു അദൃശ്യരായി. ചിലർ ആത്മഹത്യ ചെയ്തു.

ഞങൾ നിസ്സഹായരായ കാഴ്ചക്കാർ ആയി.പതുക്കെ പതുക്കെ ദൂരദർശൻ എന്ന പൊതുമേഖലാ ടെലിവിഷൻ ചാനൽ TRP എന്ന തട്ടിപ്പിന് ഇരയായി തകർന്നു.അഭിമാനത്തോടെ പറയട്ടെ ഞങൾ ഒരിക്കലും അവിഹിതം വിറ്റോ unverified news കൊടുത്തോ കാഴ്ചക്കാരെ കബളിപ്പിക്കൽ നടത്താറില്ല.

സർകാർ അനുകൂല channel ആണ് എന്ന് മുദ്ര കുത്തി പടിയിറക്കാം അതിൽ പരിഭവമില്ല. പക്ഷേ ആരും കാണുന്നില്ല എന്ന് TRP അടിസ്ഥാനമാക്കി പറയുമ്പോൾ അതിൽ വാണിജ്യം മാത്രം.കേരളത്തിൽ വലിയ പരസ്യ കമ്പോളം ഇല്ല. അന്താരാഷ്ട്ര ബ്രാൻഡുകൾ തുലോം കുറവാണ്.

ഉപഭോക്തൃ സംസ്ഥാനം ആയതു കൊണ്ട് പരസ്യങ്ങൾ വരും. അത് പിടിക്കാൻ ടെലിവിഷൻ ചാനലുകൾ പരസ്പരം മത്സരിക്കും. നിലനിൽപ്പിനു വേണ്ടി. അതും മനസ്സിലാക്കാം. പക്ഷേ കുതന്ത്രങ്ങൾ ജനങ്ങൾ അറിയണ്ടേ? അതിന് വേണ്ടി മാത്രം ആവശ്യപെടുന്നു മലയാളം ടെലിവിഷൻ ചാനലുകൾ TRP വർധിപ്പിക്കാൻ ചെയ്യുന്ന കാണാകളികൾ എന്തൊക്കെ? അന്വേഷണം വേണം. നല്ല പരിപാടികൾ മികച്ച പരമ്പരകൾ കഴമ്പുള്ള വാർത്തകൾ ജനങ്ങൾ കാണട്ടെ .പൊതുജനങ്ങൾ സ്വതന്ത്രരായി വിലയിരുത്തട്ടെ.
അതായിരിക്കണം TRP.വരട്ടെ അന്വേഷണങ്ങൾ.മാധ്യമ സിംഹങ്ങൾ മാളം വിട്ടു പുറത്ത് വരട്ടെ.

Back to top button
error: