Breaking NewsCrimeIndiaLead News

റോഡ് നിര്‍മ്മാണത്തിന് ഭൂമിവിറ്റു് കിട്ടിയത് 6 ലക്ഷം ; മകളുടെ വിവാഹത്തിനായി പിതാവ് നീക്കിവെച്ചു ; സഹോദരന്‍ സഹോദരിയെ കൊന്ന് മൃതദേഹം ചാക്കിലാക്കി ; പോലീസ് ചോദിച്ചപ്പോള്‍ ഗോതമ്പാണെന്ന് പറഞ്ഞു

ഗോരഖ്പൂര്‍: പണത്തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശുകാരന്‍ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി കൊണ്ടുപോയി. 32 കാരനായ റാം ആശിഷ് നിഷാദാണ് കൊലപാതകം നടത്തിയത്. സഹോദരി നീലത്തെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മൃതദേഹം ചാക്കിലാക്കി ഇയാള്‍ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. വഴിയില്‍ തടഞ്ഞുനിര്‍ത്തിയ പോലീസ് ചാക്കില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ഗോതമ്പാണെന്ന് പറയുകയും ചെയ്തു.

റോഡ് പദ്ധതി പ്രകാരം ഏറ്റെടുത്ത ഭൂമിക്ക് പിതാവ് ചിങ്കു നിഷാദിന് ലഭിച്ച 6 ലക്ഷം രൂപയെ ചൊല്ലി റാം ആശിഷ് നിഷാദും 19 വയസ്സുള്ള സഹോദരി നീലവും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. സഹോദരിയുടെ വിവാഹത്തിന് പണം ഉപയോഗിക്കുന്നതില്‍ യുവാവ് അസ്വസ്ഥനായിരുന്നുവെന്ന് പറയപ്പെടുന്നു. തിങ്കളാഴ്ച, റാം നീലത്തെ ഒരു തുണികൊണ്ട് കഴുത്തില്‍ മുറുക്കി് കൊലപ്പെടുത്തി. കൈ കാലുകള്‍ ഒടിച്ചു, മൃതദേഹം ഒരു ചാക്കില്‍ കുത്തിനിറച്ച ശേഷം ബൈക്കില്‍ കെട്ടി, ഗോരഖ്പൂരില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള കുശിനഗറിലെ ഒരു കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ചതായി ആരോപിക്കപ്പെടുന്നു.

Signature-ad

യാത്രാമധ്യേ, പോലീസ് അയാളെ തടഞ്ഞുനിര്‍ത്തി, ചാക്കില്‍ എന്താണുള്ളത് എന്ന് ചോദിച്ചു. ഗോതമ്പാണെന്ന് റാം അവരോട് പറഞ്ഞു, കുശിനഗറിലേക്കുള്ള യാത്ര തുടര്‍ന്നു, അവിടെ നീലത്തിന്റെ മൃതദേഹം കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ചു. നീലത്തെ കാണാതായപ്പോള്‍, അവളുടെ അച്ഛന്‍ ആദ്യം കരുതിയത് അവള്‍ ഛഠ് പൂജയ്ക്ക് പോയതാണെന്നാണ്. തിങ്കളാഴ്ച റാം വീട്ടില്‍ നിന്ന് ഒരു ചാക്കുമായി പോകുന്നത് കണ്ടതായി അയല്‍ക്കാര്‍ പറഞ്ഞതിനെത്തുടര്‍ന്ന്, കുടുംബം സംശയം പ്രകടിപ്പിക്കുകയായിരുന്നു.

കാണാതായതിനെ തുടര്‍ന്ന് കുടുംബം നല്‍കിയ പരാതി പോലീസ് അന്വേഷിക്കുകയും ചോദ്യം ചെയ്യലില്‍, റാം ആദ്യം അറിയില്ലെന്ന് നടിച്ചെങ്കിലും പിന്നീട് കൊലപാതകം സമ്മതിച്ചു. നീലത്തിന്റെ അഴുകിയ മൃതദേഹം ബുധനാഴ്ച രാത്രി വയലില്‍ നിന്ന് കണ്ടെടുത്തു. നീലത്തിന്റെ വിവാഹം ജനുവരിയില്‍ നടക്കാനിരിക്കുകയായിരുന്നു. നഷ്ടപരിഹാരമായി ലഭിച്ച 6 ലക്ഷം രൂപ മകളുടെ വിവാഹത്തിനായി ഉപയോഗിക്കാന്‍ അവളുടെ പിതാവ് ചിങ്കു പദ്ധതിയിട്ടിരുന്നു. ഇതിന്റെ പങ്ക് ചോദിച്ചായിരുന്നു റാം എത്തിയത്.

Back to top button
error: