ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി 28ന്; അത് വരെ അറസ്റ്റ് പാടില്ല
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി 28ന് വിധി പറയും.
അതേസമയം 28 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് കേസുകളിലായിരുന്നു എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി. അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് എം ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞിരുന്നു.
അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുന്നുണ്ടെന്ന് എം ശിവശങ്കര്‍ പറഞ്ഞു. 101. 5 മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായി. മണിക്കൂറുകൾ യാത്ര ചെയ്തു. തുടര്‍ച്ചയായ ചോദ്യം ചെയ്യൽ ആരോഗ്യത്തെ ബാധിച്ചെന്നും എം ശിവശങ്കര്‍ കോടതിയിൽ പറഞ്ഞു.
അതേസമയം, അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ എം ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്നത്.വിശദമായ തെളിവെടുപ്പും ലോക്കര്‍ പരിശോധനയും വേണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയില്‍ പറഞ്ഞു. കസ്റ്റംസ് കേസാണ് ഹൈക്കോടതി ആദ്യം പരിഗണിച്ചത്. എന്‍ഫോഴ്‌സമെന്റ് നല്‍കിയ സത്യവാങ്മൂലവും ഹൈക്കോടതി പരിശോധിച്ചു. സുപ്രീംകോടതി വിധികള്‍ പ്രകാരം മുന്‍കൂര്‍ ജാമ്യാപേക്ഷ നില നില്‍ക്കില്ല എന്ന് കസ്റ്റംസ് വാദിച്ചു. ശിവശങ്കര്‍ ഇപ്പോള്‍ പ്രതി അല്ലാത്തതിനാല്‍ അറസ്റ്റ് ആശങ്ക വേണ്ടെന്നും അതുകൊണ്ട് മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളണമെന്നും കസ്റ്റംസ് കോടതിയില്‍ നിലപാടെടുത്തു.