ചെറുകക്ഷികളെ ഒതുക്കാന്‍ ഒരുങ്ങി സിപിഐ (എം)
https://www.youtube.com/watch?v=IFlz81GflLY
കേരളത്തിലെ ഇടതുപക്ഷ-കമ്യൂണിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എല്‍.ഡി.എഫ്. മുന്നണിയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ സി.പി.ഐ(എം) ആണ് സാധാരണയായി മുന്നണിക്ക് നേതൃത്വം നല്‍കുന്നത്. മുന്നണിയിലെ പാര്‍ട്ടികളുടെ കാര്യത്തില്‍ ഓരോ തിരഞ്ഞെടുപ്പിലും ചെറിയ വ്യത്യാസം ഉണ്ടാവാം, എങ്കിലും മുഖ്യകക്ഷികള്‍ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയില്‍ തുടരുന്നു
ഇപ്പോഴിതാ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പരസ്പരം ലയിച്ച് ഒരേ കക്ഷിയായി തീരുവാന്‍ താല്പര്യമില്ലാത്ത ചെറുകക്ഷികളെ ഒഴിവാക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം.
ജോസ്. കെ. മാണി വിഭാഗം കൂടി വന്നതോടെ പതിനൊന്ന് ഘടകകക്ഷികളായ മുന്നണിയില്‍ ഭരണ തുടര്‍ച്ച ഉണ്ടായാല്‍ ഇത്രയും ഘടകകക്ഷികള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി മുന്നോട്ട് കൊണ്ടുപോകുവാനുള്ള ബുദ്ധിമുട്ട് മുന്നില്‍കണ്ടാണ് പരസ്പരം പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജോസ് വിഭാഗം കൂടി വന്നതോടെ മുന്നണിയിലെ കേരള കോണ്‍ഗ്രസ്സുകളുടെ എണ്ണം നാലായി. കേരള കോണ്‍ഗ്രസ്സ് (എം), സ്‌കറിയാതോമസ് വിഭാഗം,കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യകേരള കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളാണ് ഇപ്പോള്‍ എല്‍.ഡി.എഫില്‍ ഉള്ളത്. ഇതില്‍ സ്‌കറിയാ തോമസിനോടും ജനാധിപത്യകേരള കോണ്‍ഗ്രസ്സിനോടും മാണി ഗ്രൂപ്പില്‍ ലയിക്കാനുള്ള നിര്‍ദ്ദേശം സിപിഐ(എം) നല്‍കിക്കഴിഞ്ഞു.
ജോസ് കെ മാണി വിഭാഗത്തില്‍ ലയിച്ചില്ലെങ്കില്‍ ഇരു വിഭാഗങ്ങള്‍ക്കും അടുത്ത തെരെഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ല എന്ന സൂചനയും നല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫ് ലുള്ള രണ്ട് ജനതാദള്‍ വിഭാഗത്തോടും ഉടന്‍ തന്നെ ലയിക്കണം എന്ന നിര്‍ദ്ദേശം നേതാക്കന്മാര്‍ക്ക് സിപിഐ(എം) നല്‍കി കഴിഞ്ഞു.
ഒന്നായി നിന്നില്ലെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കില്ലെന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്നുമാണ് സിപിഐ(എം) നല്‍കുന്ന സന്ദേശം. പിന്നീട് മുന്നിലുള്ള പ്രശ്നം കേരള കോണ്‍ഗ്രസ് (എസ്) ലയനമാണ് . അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ പാലാ സീറ്റ് ജോസ് കെ. മാണിക്ക് നല്‍കുവാന്‍ തന്നെയാണ് സിപിഐ(എം) തീരുമാനം. ഈ ഉറപ്പ് ലഭിച്ചതിന് ശേഷമാണ് ജോസ്. കെ. മാണി കോട്ടയത്ത് എല്‍.ഡി.എഫ് മുന്നണി പ്രവേശനം പ്രഖ്യാപിച്ചത്.
ഈ പ്രശ്നത്തിന്റെ പേരില്‍ മാണി സി. കാപ്പനും എന്‍.സി.പിയും മുന്നണി വിടുവാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ ഒരു നീക്കം ഉണ്ടായാല്‍ എല്‍.ഡി.എഫ് നൊപ്പം ഉറച്ച് നില്‍ക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ സിപിഐ(എം) നെ അറിയിച്ചിട്ടുണ്ട്. സീറ്റ് പ്രശ്നത്തിന്റെ പേരില്‍ എന്‍.സി.പി. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ മാണി സി. കാപ്പന്‍ എന്‍.സി.പിയുമായി യു.ഡി.എഫ് ലേക്ക് പോയാല്‍ കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള കേരള കോണ്‍ഗ്രസ് (എസ്) ന്റെ ഭാഗമായി എ. കെ. ശശീന്ദ്രന്‍ പ്രവര്‍ത്തിക്കും എന്ന സൂചനയാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കില്‍ എല്‍.ഡി.എഫ് ലെ ഘടകകക്ഷികളുടെ എണ്ണം 11 ല്‍ നിന്നും 7 ആയി ചുരുങ്ങും.
ചെറുകക്ഷികളെ ഇനിയും പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന ചിന്തയില്‍ നിന്നാണ് കോവൂര്‍ കുഞ്ഞുമോന്റെ ആര്‍.എസ്. പി (ലെനിനിസ്റ്റ്) കക്ഷിയെ മുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന തീരുമാനം സിപിഐ(എം) കൈക്കൊണ്ടത്.