NEWS

രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണം നടത്താൻ പിണറായി വിജയന് ധൈര്യമില്ല: കെ.സുരേന്ദ്രൻ

കോഴിക്കോട്: ഒരു കോടി രൂപ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോഴ നൽകിയെന്ന ബിജു രമേശിന്റെ ആരോപണം അന്വേഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബി.ജെ.പി കോഴിക്കോട് ജില്ലാ നേതൃയോ​ഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസ് ശിവകുമാറിന് 25 ലക്ഷം രൂപയും കെ.ബാബുവിന് 50 ലക്ഷം രൂപയും കെ.പി.സി.സി ഓഫീസിൽ രണ്ട് കോടിയും നൽകിയെന്ന ബിജു രമേശിന്റെ ആരോപണം ​ഗൗരവതരമാണ്. കേരളത്തിൽ ഇടത്-വലത് മുന്നണികൾ പരസ്പരം അഴിമതികൾ മൂടിവെക്കുകയാണ്.

രാഷ്ട്രീയക്കാർ ഉൾപ്പെട്ട ഒരു കേസും വിജിലൻസിന് തെളിയിക്കാനാവാത്തത് ഇതുകൊണ്ടാണ്. പാലാരിവട്ടം കേസും ബാർക്കോഴ കേസും അട്ടിമറിക്കപ്പെട്ടത് പരസ്പര സഹകരണത്തിന്റെ തെളിവാണ്. അഴിമതിയിൽ മൂക്കോളം മുങ്ങികുളിച്ച പിണറായി വിജയന് എങ്ങനെയാണ് യു.ഡി.എഫിന്റെ കാലത്തെ അഴിമതി അന്വേഷിക്കാനാവുകയെന്നും സുരേന്ദ്രൻ പരിഹസിച്ചു. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ കേരളപിറവി ദിനത്തിൽ കേരളത്തിന്റെ തെരുവോരത്ത് ഓരോ 50 മീറ്റർ വ്യത്യാസത്തിലും അഞ്ച് വീതം പ്രവർത്തകരെ അണിനിരത്തി ബി.ജെ.പി നിൽപ്പുസമരം നടത്തും. തദ്ദേശ തിരഞ്ഞെടുപ്പിൽ പല സ്ഥലങ്ങളിലും യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ അവിശുദ്ധ സഖ്യം തുടങ്ങി കഴിഞ്ഞു.

Signature-ad

ജമാഅത്തെ ഇസ്ലാമിയെ പോലുള്ള തീവ്രവാദസ്വഭാവമുള്ള സംഘടനകളെ യു.ഡി.എഫ് ഒപ്പംകൂട്ടുകയാണ്. സി.പി.എമ്മാകട്ടെ ജലീലിന്റെ നേതൃത്വത്തിൽ എല്ലാ വർ​ഗീയ ശക്തികളെയും അണിനിരത്തുകയാണ്. രണ്ട് മുന്നണികളും മതതീവ്രവാദികളെ മത്സരിച്ച് പ്രീണിപ്പിക്കുകയാണ്. ഇവർക്കെതിരായ ജനപക്ഷ രാഷ്ട്രീയമാണ് ദേശീയ ജനാധിപത്യസഖ്യം ഉയർത്തിപ്പിടിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ജില്ലാ വൈസ്പ്രസിഡന്റ് കെ.വി.സുധീർ യോ​ഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് വി.വി രാജൻ, സെക്രട്ടറിമാരായ പി.രഘുനാഥ്,കെ.പി പ്രകാശ് ബാബു, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ.പി രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി. ബാലസോമൻ, എം. മോഹനൻ എന്നിവർ സംസാരിച്ചു.

Back to top button
error: