മെഡിക്കല്‍ കോളേജിനെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തും: മുഖ്യമന്ത്രി, മെഡിക്കല്‍ കോളേജില്‍ അത്യാധുനിക പരിശോധന സംവിധാനങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കേരളത്തിലെയും തെക്കേ ഇന്ത്യയിലെയും ആദ്യ മെഡിക്കല്‍ കോളേജായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ശാക്തീകരിച്ച് ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ പ്രവര്‍ത്തനസജ്ജമായ ഡി.എസ്.എ., ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം എന്നീ മെഷീനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി തയ്യാറാക്കിയിട്ടുള്ള മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മാസ്റ്റര്‍ പ്ലാനിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 194.33 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആറു നിലകളുള്ള എം എല്‍ ടി ബ്ലോക്ക്, 11 നിലകളുള്ള പീഡിയാട്രിക് ബ്ലോക്ക്, എട്ടു നിലകളിലായി സര്‍ജിക്കല്‍ ബ്ലോക്ക് എന്നിവയുടെ നിര്‍മാണത്തിനായാണ് ഈ തുക വിനിയോഗിക്കുന്നത്. അതില്‍ മെഡിക്കല്‍ കോളേജിലെ എംഎല്‍ ടി ബ്ലോക്കില്‍ ലക്ച്ചര്‍ ഹാള്‍, ലാബ്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളാവും ഉണ്ടാകുക. എസ്.എ.ടി. പീഡിയാട്രിക് ബ്ലോക്കില്‍ മെഡിക്കല്‍ ഗ്യാസ് റൂം, ഒപിഡി കണ്‍സള്‍ട്ടിങ്, ലാബ്, റേഡിയോ ഡയഗ്‌നോസിസ്, വാര്‍ഡുകള്‍, ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങിയവയാണ് നിര്‍മിക്കുന്നത്. വാര്‍ഡുകള്‍, പ്രൊസീജിയര്‍ റൂമുകള്‍, 16 ഓപ്പറേഷന്‍ തിയറ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതുതായി ഒരുങ്ങുന്ന സര്‍ജിക്കല്‍ ബ്ലോക്ക്. സ്‌ട്രോക്ക് സെന്ററിനെ സമഗ്ര സ്‌ട്രോക്ക് സെന്ററാക്കി വികസിപ്പിക്കുന്നതിനായി നേരത്തെ തന്നെ സര്‍ക്കാര്‍ അഞ്ചു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതുപയോഗിച്ച് നിര്‍മിക്കുന്ന സ്‌ട്രോക്ക് കാത്ത് ലാബ് ഉള്‍പ്പെടെയുള്ള നൂതന സൗകര്യങ്ങള്‍ ഇവിടെ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന എല്ലാ രോഗികള്‍ക്കും വിദഗ്ധ പരിശോധനയും ചികിത്സയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കുന്നത്. ശരീരത്തിലെ രക്തക്കുഴലുകള്‍ വഴി മാരകരോഗങ്ങള്‍ ചികിത്സിക്കാനുളള അത്യാധുനിക സംവിധാനമാണ് ഡിഎസ്എ മെഷീനിലുളളത്. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ ആറുകോടി രൂപ ചെലവഴിച്ചാണ് ഈ മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. പക്ഷാഘാതം, തലച്ചോറിലെ രക്തസ്രാവം, വയറിലും അന്നനാളത്തിലുമുണ്ടാകുന്ന അര്‍ബുദരോഗം, മഞ്ഞപ്പിത്തം, രക്തക്കുഴലുകളിലുണ്ടാകുന്ന തടസം എന്നിങ്ങനെ നിരവധി രോഗങ്ങളുടെ ചികിത്സയ്ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താനാകും. പൊതുവേ രോഗികള്‍ക്ക് ദീര്‍ഘകാലം ആശുപത്രിയില്‍ കഴിഞ്ഞു വേണം ഇത്തരം രോഗങ്ങള്‍ക്കു ചികില്‍സിക്കാന്‍. അത് ഒഴിവാക്കാന്‍ കഴിയും എന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ സവിശേഷത.
65 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് എക്‌സ്‌റേയിലൂടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തല്‍സമയം കാണുന്നതിനുള്ള ഡിജിറ്റല്‍ ഫഌറോസ്‌കോപ്പി മെഷീന്‍ സ്ഥാപിക്കുന്നത്. സാധാരണ എക്‌സ്‌റേ ഉപയോഗിച്ചു നടുത്തുന്ന ബേരിയം പരിശോധനകള്‍, ഐ വി പി സ്റ്റഡി എന്നിവ യഥാസമയം വീക്ഷിക്കാന്‍ ഈ ഉപകരണത്തിലൂടെ സാധിക്കും. റേഡിയോളജിസ്റ്റ് നേരിട്ട് നടത്തുന്ന ഈ പരിശോധനകള്‍ക്ക് ആവശ്യമെങ്കില്‍ മാത്രം ഫിലിം ചെലവഴിച്ചാല്‍ മതി. അതുകൊണ്ടുതന്നെ ഫിലിമിന്റെ ചെലവും ലാഭിക്കാനാകും.
സ്വകാര്യ മേഖലയില്‍ ഒരു ടെസ്റ്റിന് 3500 രൂപയിലധികം ചെലവുവരുന്നതാണ് ഡിജിറ്റല്‍ മാമ്മോഗ്രാം മെഷീന്‍. സ്തനാര്‍ബുദ നിര്‍ണയം വളരെയധികം കുറഞ്ഞ നിരക്കില്‍ സാധ്യമാക്കുന്നതിനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുങ്ങുന്നത്. സ്തനാര്‍ബുദ ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ തുടക്കത്തില്‍ തന്നെ ഈ രോഗം കണ്ടെത്തുവാനുള്ള സൗകര്യം പൊതു ആരോഗ്യ സംവിധാനങ്ങളുടെ ഭാഗമായി ഉണ്ടാവുകയെന്നത് ഏറെ പ്രയോജനപ്രദമാണ്. അതുകൊണ്ടു തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ലഭിക്കുന്ന ഈ അത്യാധുനിക ഡിജിറ്റല്‍ മാമ്മോഗ്രാം സംവിധാനത്തിന് വളരെയധികം പ്രസക്തിയുണ്ട്. ഒരു കോടി രൂപ ചെലവുവരുന്ന ഈ മെഷീന്‍ തിരുവനന്തപുരം റോട്ടറി ക്ലബ്ബാണ് സംഭാവനയായി നല്‍കിയത്. നാടിനോടുള്ള പ്രതിബദ്ധത പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിറവേറ്റിവരുന്ന റോട്ടറി ക്ലബ്ബിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇതിനകം നൂതനങ്ങളായ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിയ സര്‍ക്കാരാണിത്. കഴിഞ്ഞ മാസമാണ് ഇവിടെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മാതൃകയില്‍ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ട്രോമാകെയര്‍ സംവിധാനവും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ഉള്‍പ്പെടുത്തി അത്യാഹിതവിഭാഗം നവീകരിച്ചത്. രോഗികള്‍ക്ക്, അത്യാഹിതത്തിന്റെ തീവ്രതയ്ക്കനുസരിച്ച് ചികിത്സ ഉറപ്പാക്കുന്ന തരത്തില്‍ അത്യാധുനിക ട്രയേജ് സംവിധാനമാണ് അതിലൂടെ ഒരുക്കിയിട്ടുള്ളത്.
ട്രോമാകെയറിനൊപ്പം കാര്‍ഡിയാക്, സ്‌ട്രോക്ക്, ബേണ്‍സ് എന്നീ വിഭാഗങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്. മാത്രമല്ല, അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്നുതന്നെ ഡിജിറ്റല്‍ എക്‌സ്‌റേ, എം ആര്‍ ഐ, സി ടി സ്‌കാന്‍, പോയിന്റ് ഓഫ് കെയര്‍ ലാബ്, അള്‍ട്രാസൗണ്ട്, ഇസിജി തുടങ്ങിയ അടിയന്തര പരിശോധനാ സംവിധാനങ്ങളും നഴ്‌സിങ് സ്റ്റേഷന്‍, ലാബ്, ഫാര്‍മസി, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ വിവിധ വിഭാഗങ്ങളിലേയ്ക്ക് രോഗികളെയും കൊണ്ടുപോകുകയെന്ന ബുദ്ധിമുട്ട് എന്നന്നേക്കുമായി അവസാനിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളെപ്പറ്റി തെറ്റായ കാര്യങ്ങള്‍ പര്‍വതീകരിച്ച് കാണിക്കുകയാണ്. വീഴ്ച ഉണ്ടെങ്കില്‍ തിരുത്താന്‍ ആരോഗ്യ വകുപ്പ് എപ്പോഴും തയ്യാറാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറയരുത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ സമഗ്രവികസനവും കോളേജിനെ മികവിന്റെ കേന്ദ്രമാക്കുന്നതും ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി നടപ്പാക്കി വരികയാണ്. 717.29 കോടി രൂപ മുതല്‍ മുടക്കുളള മാസ്റ്റര്‍ പ്ലാനിന്റെ ഒന്നും രണ്ടും ഘട്ടത്തിന്റെ തുക അനുവദിച്ചു. ഈ മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ കോഴ്‌സുകളും പുതിയ തസ്തികകളും പുതിയ വിഭാഗങ്ങളും അനുവദിക്കുകയുണ്ടായി. ഇപ്പോള്‍ നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മെഡിക്കല്‍ കോളേജില്‍ വലിയ മാറ്റങ്ങള്‍ കാണാനാകുമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായി സര്‍ക്കാര്‍ വലിയ ഇടപെടലുകളാണ് നടത്തുന്നതെന്ന് മുഖ്യാതിഥിയായ സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ ഏറ്റവുമധികം തസ്തികകള്‍ സൃഷ്ടിച്ചത് ആരോഗ്യ മേഖലയിലാണ്. ഉയര്‍ന്ന തലത്തിലുള്ള മെഷീനുകളും ഉപകരണങ്ങളുമെല്ലാം മെഡിക്കല്‍ കോളേജില്‍ വലിയ സൗകര്യങ്ങളൊരുക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ് സ്വാഗതമാശംസിച്ച ചടങ്ങില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംല ബീവി, റോട്ടറി ക്ലബ് കവടിയാര്‍ പ്രസിഡന്റ് ഡോ. പി മംഗളാനന്ദന്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശശി തരൂര്‍ എം.പി., റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. തോമസ് വാവാനിക്കുന്നേല്‍, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുരേഷ് മാത്യു എന്നിവര്‍ വിശിഷ്ടാതിഥികളായി. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എസ്.എസ്. സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, എസ്.എ.ടി. സൂപ്രണ്ട് ഡോ. എ. സന്തോഷ്‌കുമാര്‍, റോട്ടറി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ആര്‍ രഘുനാഥ്, എം. സഞ്ജീവ്, സെക്രട്ടറി സി.ബി. ഗോപകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. എസ്.എസ്. സന്തോഷ് കുമാര്‍, ഡോ. ബി.എസ്. സുനില്‍ കുമാര്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, എ.ആര്‍.എം.ഒ. ഡോ. ഷിജു മജീദ്, ഡോ. എസ്. സുജാത, എച്ച്.ഡി.എസ്. പ്രതിനിധി ഡി.ആര്‍. അനില്‍ എന്നിവര്‍ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് കൃതജ്ഞത രേഖപ്പെടുത്തി.