സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി.
നേരത്തെ പ്രതിയായ സന്ദീപ് നായരെ തിരുവനന്തപുരത്ത് തന്നെയുള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഇരുവര്‍ക്കുമെതിരെ കൊഫപോസ ചുമത്തിയതിനെ തുടര്‍ന്നാണ് ജയില്‍മാറ്റിയത്.
സന്ദീപ് നായര്‍ നേരത്തെ വിയ്യൂര്‍ ജയിലും, സ്വപ്ന സുരേഷിനെ കാക്കനാട് ജയിലുമായിരുന്നു പാര്‍പ്പിച്ചിരുന്നത്. അതേസമയം ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ ഒരാഴ്ചക്കകം വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മൊഴികളും രേഖകളും ഏറെ കുറേ വിജിലന്‍സ് ശേഖരിച്ചു കഴിഞ്ഞു.
അതേസമയം, കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മൂന്‍കൂര്‍ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഇഡി എടുത്ത കേസില്‍ അറസ്റ്റിനു സാധ്യത മുന്നില്‍ കണ്ടാണ് നീക്കം