മന്ത്രിസഭായോഗ തീരുമാനങ്ങള്‍
ഉള്‍നാടന്‍ മത്സ്യസമ്പത്ത് വളര്‍ത്തുന്നതിന് നിയമ പരിഷ്കരണം
ഉള്‍നാടന്‍ മത്സ്യസമ്പത്ത് വളര്‍ത്തുന്നതിനും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധി സുസ്ഥിരമാക്കുന്നതിനും 2010-ലെ കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും നിയമം ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
നാശോډമുഖമാകുന്ന മത്സ്യങ്ങളുടെ സംരക്ഷണത്തിന് പ്രജനനകാലത്ത് അവയെ പിടിച്ചെടുക്കുന്നതിന് നിയന്ത്രണം കൊണ്ടുവരാന്‍ നിയമഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. ഇതിന്‍റെ ഭാഗമായി പിടിച്ചെടുക്കുന്ന മത്സ്യത്തിന്‍റെ കുറഞ്ഞ വലിപ്പം നിശ്ചയിക്കും. മത്സ്യ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് അക്വകള്‍ച്ചര്‍ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ക്രമീകരിക്കും. ബയോഫ്ളോക്ക്, കൂടുകളിലെ മത്സ്യകൃഷി, അക്വാപോണിക്സ്, പുനചംക്രമണകൃഷി, മുതലായ നൂതന രീതികള്‍ ഇപ്പോള്‍ അക്വാകള്‍ച്ചര്‍ രംഗത്ത് പ്രയോഗിക്കുന്നുണ്ട്. അത്യൂല്‍പാദനശേഷിയുള്ള നൈല്‍തിലാപ്പിയ, വനാമി ചെമ്മീന്‍, പങ്കേഷ്യന്‍ എന്നീ വിദേശ മത്സ്യ ഇനങ്ങളും വളര്‍ത്തുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ക്രമീകരിക്കുക എന്നതും നിയമഭേദഗതിയുടെ ലക്ഷ്യമാണ്. മത്സ്യത്തൊഴിലാളി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി പ്രാദേശിക ഫിഷറീസ് മാനേജമെന്‍റ് കൗണ്‍സിലുകളും മത്സ്യകൃഷി വികസനത്തിന് അക്വാകള്‍ച്ചര്‍ ഡവലപ്മെന്‍റ് ഏജന്‍സികളും രൂപീകരിക്കും.
മത്സ്യത്തിന്‍റെ പ്രജനനത്തിനും ജലാശയത്തിന്‍റെ സ്വാഭാവിക ഒഴുക്കിനും തടസ്സം സൃഷ്ടിക്കുന്ന ഒരു നിര്‍മാണവും വിജ്ഞാപനം ചെയ്യപ്പെട്ട നദികളിലോ കായലുകളിലോ തടാകങ്ങളിലോ അനുവദിക്കില്ല. സര്‍ക്കാര്‍ അനുവദിക്കാത്ത വിദേശ മത്സ്യത്തിന്‍റെ നിക്ഷേപവും പരിപാലനവും വിപണനവും പാടില്ല. വന്യജീവി സങ്കേതത്തിലെ ജലാശയങ്ങളില്‍ തദ്ദേശീയ മത്സ്യസമ്പത്തിന് ഹാനികരമാകുന്ന മറ്റു മത്സ്യങ്ങളെ നിക്ഷേപിക്കുന്നത് അനുവദിക്കില്ല.
അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിനും പ്രദര്‍ശനത്തിനും നിയന്ത്രണം കൊണ്ടുവരാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. ലൈസന്‍സില്ലാത്ത ഒരാള്‍ക്കും വ്യാവസായിക അടിസ്ഥാനത്തില്‍ അലങ്കാര മത്സ്യങ്ങളുടെ വിപണനത്തില്‍ ഏര്‍പ്പെടാനോ ടിക്കറ്റ് വെച്ച് അലങ്കാര മത്സ്യങ്ങളെ മുപ്പത് ദിവസത്തില്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കാനോ പാടില്ല. എന്നാല്‍ ഒരു അലങ്കാര മത്സ്യഉല്‍പാദന യൂണിറ്റില്‍ നിന്നും അലങ്കാര മത്സ്യങ്ങള്‍ വില്‍പന നടത്തുന്നതിനോ വീടുകളില്‍ അക്വേറിയത്തില്‍ അലങ്കാര മത്സ്യങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിനോ തടസ്സമില്ല. വിദേശ മത്സ്യ ഇനങ്ങളില്‍ ചിലത് ഇറക്കുമതി ചെയ്യുന്നതിന് അനുമതിയില്ല. അത്തരം മത്സ്യങ്ങളുടെ പ്രദര്‍ശനമോ വിപണനമോ അനുവദിക്കില്ല.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ കേരളത്തിലേക്ക് കൊണ്ടുവരുന്ന അലങ്കാര മത്സ്യങ്ങള്‍ക്ക് നിശ്ചിത ഗുണനിലവാരമുണ്ടായിരിക്കണം. അല്ലാത്തവ വില്‍ക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല.
ചുമട്ടുതൊഴിലാളി (ഭേദഗതി) ഓര്‍ഡിനന്‍സ്
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിലെ വിരമിച്ചവരും തുടര്‍ന്ന് വിരമിക്കുന്നവരുമായ സ്ഥിരം ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടു കൂടി റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് 1978 ലെ കേരള ചുമട്ടുതൊഴിലാളി നിയമത്തിലെ 43-ാം വകുപ്പ് ഭേദഗതി ചെയ്യുവാന്‍ 2020-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
ചുമട്ടുതൊഴിലാളികള്‍ക്ക് എടുക്കാവുന്ന ചുമടിന്‍റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നതിനും സ്ത്രീകള്‍, കൗമാരക്കാര്‍ എന്നിവര്‍ എടുക്കുന്ന ചുമടിന്‍റെ പരമാവധി ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്തുന്നതിനും 1978-ലെ കേരള ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. 127-ാം അന്താരാഷ്ട്രതൊഴില്‍ സമ്മേളനം അംഗീകരിച്ച ശുപാര്‍ശ കണക്കിലെടുത്താണ് ഈ തീരുമാനം.
52 സൂപ്പര്‍ന്യൂമററി തസ്തിക
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ പത്തു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 52 താല്‍ക്കാലിക ഡ്രൈവര്‍മാരെ അവര്‍ സേവനമനുഷ്ഠിക്കുന്ന ഗ്രാപഞ്ചായത്തുകളില്‍ / നഗരസഭകളില്‍ എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് 2 തസ്തിക സൂപ്പര്‍ന്യൂമററിയായി സൃഷ്ടിച്ച് സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.
സ്റ്റാഫ് പാറ്റേണും സര്‍വീസ് റൂള്‍സും
തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡിലെ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണും സര്‍വീസ് റൂള്‍സും മന്ത്രിസഭ അംഗീകരിച്ചു.
അഗ്നിരക്ഷാ വാഹനങ്ങളുടെ കേടുപാടുകള്‍ക്ക് സഹായം
കോവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായി അണുനശീകരണ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച് കേടായ അഗ്നിരക്ഷാ വാഹനങ്ങളുടെ കേടുപാടുകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കുവാന്‍ രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുദിക്കാന്‍ തീരുമാനിച്ചു.