സൂറത്കല്‍ അപ്പാര്‍ട്ട്‌മെന്റിലെ മോഷണം; നാല് പ്രതികള്‍ പിടിയില്‍
മംഗലാപുരം: സൂറത്കല്‍ അപ്പാര്‍ട്ടുമെന്റില്‍ നിന്ന് 24 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 51 ലക്ഷം രൂപയും കവര്‍ന്ന കേസിലെ നാലുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രഘു, അമേഷ്, നവീന്‍, സന്തോഷ് എന്നിവരാണ് പൊലീസ് പിടിയിലായത്.
അപ്പാര്‍ട്ട്‌മെൻ്റ് ഉടമസ്ഥരുടെ അസോസിയേഷന്റെ സെക്രട്ടറിയാണ് നവീന്‍. രഘുവും അമേഷും മലയാളികളാണെന്ന് പൊലീസ് പറഞ്ഞു. 30,85,710 രൂപ, 24 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍, കാര്‍, പള്‍സര്‍ മോട്ടോര്‍ ബൈക്ക് തുടങ്ങിയ വാഹനങ്ങളും കവര്‍ച്ചക്കാരില്‍ നിന്ന് പിടിച്ചെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെ സിറ്റി പത്രസമ്മേളനത്തിൽ പൊലീസ് കമ്മീഷണര്‍ വികാസ് കുമാറാണ് അറസ്റ്റ് വിവരം പ്രഖ്യാപിച്ചത്.
ആഗസ്ത് 17ന് സൂറത്കല്ലിലെ ജാര്‍ഡിന്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ വിദ്യാ പ്രഭുവിന്റെ ഫ്ലാറ്റില്‍ നിന്നാണ് 24 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 51 ലക്ഷം രൂപയും കവര്‍ച്ച ചെയ്യപ്പെട്ടത്. വിദ്യാ പ്രഭു ഇതുസംബന്ധിച്ച് സൂറത്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സുരക്ഷാ സേനയില്‍ 15 വര്‍ഷം സേവനമനുഷ്ഠിച്ച മുന്‍ സൈനികനാണ് നവീനെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. സ്വമേധയാ വിരമിച്ച നവീന്‍ ബാര്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു. അതേ ബാറില്‍ വെയിറ്ററായിരുന്നു സന്തോഷ്. മോഷണ പദ്ധതി നടപ്പിലാക്കാന്‍ കേരളത്തില്‍ നിന്നുള്ള മറ്റ് രണ്ട് പേരുമായും ഇവര്‍ ബന്ധപ്പെടുകയായിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു.