കോൺഗ്രസ് മുൻ എംഎൽഎ എം മുരളി അന്തരിച്ചു; 20 വർഷം മാവേലിക്കര എംഎൽഎ

തിരുവനന്തപുരം: കോൺഗ്രസ് മുൻ എംഎൽഎ എം മുരളി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു.പതിവ് ചെക്കപ്പിനായി ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക് പോയതായിരുന്നു. അവിടെ വെച്ച് രോഗം മൂർച്ഛിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ചെന്നിത്തല ചെറുകോൽ സ്വദേശിയായ ഇദ്ദേഹം 20 വർഷം നിയമസഭയിൽ മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചു. മാവേലിക്കര ചെറുകോൽ വൈപ്പു വിളയിൽ പരേതനായ കെ.പി. മാധവൻ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയർമാനായിരുന്നു.
1969ൽ കെ.എസ്.യുവി ലൂടെ രാഷ്ട്രീയത്തിലെത്തിയ മുരളി പിന്നീട് പൊതുപ്രവർത്തന രംഗത്ത് സജീവമായി. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയകൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
1987-ൽ ഡൽഹിയിൽ നടന്ന ചേരിചേരാ രാഷ്ട്രങ്ങളിലെ യുവസമ്മേളനത്തിന്റെ കോ-ഓർഡിനേറ്റർ, എം.ജി. സർവകലാശാലയിലെ ആദ്യ സെനറ്റ് അംഗം എന്നിങ്ങനെ ശ്രദ്ധേയനായി. കൂടാതെ കെ.എസ്.ഇ.ബി., കെ.എസ്.എഫ്.ഇ., കെ.എസ്.ആർ.ടി.സി., കേരള യുവജനക്ഷേമ ബോർഡ് തുടങ്ങിയവയിൽ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്. 1991, 1996, 2001, 2006 വർഷങ്ങളിലാണ് അദ്ദേഹം മാവേലിക്കരയിൽ നിന്നും നിയമസഭയിലേയ്ക്ക് തിരഞ്ഞടുക്കപ്പെട്ടത്. ദേവസ്വംബോർഡ് കോളേജിൽ അധ്യാപികയായ പ്രൊഫ. കെ.എസ്. രമാദേവിയാണ് ഭാര്യ. മക്കൾ: ഡോ. മിഥുൻ, മൃദുൽ, മൃണാൾ.






