‘ഫെബ്രുവരിയിലാണ് കളിയെന്നത് ഓര്‍മവേണം’; ട്വന്റി 20 ടീമിന് മുന്നറിയിപ്പുമായി ധോണി; ഇന്ത്യ അപകടകാരിയായ ടീം; പക്ഷേ ടോസ് നിര്‍ണായകം; രോഹിത്തിനും കോലിക്കും പരസ്യ പിന്തുണ

ബംഗളുരു: കുട്ടി ക്രിക്കറ്റിലെ കിരീട നേട്ടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ക്യാപ്റ്റന്‍ ധോണി. ‘ഇന്ത്യന്‍ ടീം അതിശക്തരാണ്. ലോകത്തെ ഏറ്റവും അപകടകാരികളായ ടീമുമാണ്. ചാംപ്യന്‍ ടീമിനുവേണ്ട എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ സംഘം. അവര്‍ക്ക് ട്വന്റി 20യില്‍ അസാമാന്യ അനുഭവസമ്പത്തുമുണ്ട്. സമ്മര്‍ദങ്ങള്‍ അതിജീവിച്ചവരാണ്. പക്ഷേ ഫെബ്രുവരിയിലാണു കളിക്കുന്നതെന്ന് ഓര്‍ക്കണം’ ക്യാപ്റ്റന്‍ കൂള്‍ പറഞ്ഞു.
ഫെബ്രുവരിയില്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഏറ്റവും ഭയക്കേണ്ട കാര്യം അന്തരീക്ഷത്തിലെ മഞ്ഞിന്റെയും ഈര്‍പ്പത്തിന്റെയും സാന്നിധ്യമാണ്. ഇത് പലപ്പോഴും പ്രതീക്ഷകളെ അട്ടിമറിച്ചേക്കാം. ഐ ഹേറ്റ് ഡ്യൂ…’ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റര്‍ ജതിന്‍ സപ്രുവിന് നല്‍കിയ അഭിമുഖത്തില്‍ ധോണി പറഞ്ഞു. താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുമ്പോഴും ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നതും ഈ സാഹചര്യമായിരുന്നുവെന്ന് എം.എസ്. തുറന്നുപറഞ്ഞു. മഞ്ഞുള്ളപ്പോള്‍ ടോസ് നിര്‍ണായകമാകും. മല്‍സരത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ അതിന് പ്രാധാന്യം കൂടും. ടീമിന്റെ ഘടനയെക്കുറിച്ചും ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കുമെന്നും ധോണി പറഞ്ഞു.
‘ഏതുസാഹചര്യത്തെയും നേരിടാന്‍ കെല്‍പ്പുള്ള ടീമാണ് ഇന്ത്യയ്ക്ക് ഇന്നുള്ളത്. പരുക്കുകള്‍ ഒഴിവാക്കണം. ഓരോരുത്തരും ടീം ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യണം. ലോകത്ത് ഇന്നുള്ള ഏത് ടീമിനെയും തോല്‍പ്പാക്കാന്‍ കഴിയുന്ന ശേഷി ഇന്ത്യയ്ക്കുണ്ട്. ബാക്കിയെല്ലാം വരുന്നതുപോലെ.’ 2007ല്‍ ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റന്‍ പറഞ്ഞു.

വിരാട് കോലിയെയും രോഹിത് ശര്‍മയെയും അടുത്ത ഏകദിന ലോകകപ്പില്‍ കളിപ്പിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നാണ് എം.എസ്.ധോണിയുടെ അഭിപ്രായം. പ്രായമല്ല, പ്രകടനവും ഫിറ്റ്‌നസുമാകണം ലോകകപ്പ് ടീം തിരഞ്ഞെടുപ്പില്‍ മാനദണ്ഡമെന്ന് ധോണി തുറന്നടിച്ചു. ‘രോഹിത്തും കോലിയും നന്നായി കളിക്കുന്നുണ്ടെങ്കില്‍, ശാരീരികക്ഷമത തെളിയിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അവസരം ലഭിക്കണം. അല്ലാതെ പ്രായം നോക്കിയല്ല തീരുമാനിക്കേണ്ടത്’. ലോകകപ്പ് ടീമിലെ ഇടം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് കോച്ച് ഗൗതം ഗംഭീര്‍ ഒഴിഞ്ഞുമാറുമ്പോഴാണ് ധോണിയുടെ നിലപാട്.
ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാവരെയും ഒരുപോലെ പരിഗണിക്കണമെന്ന് ധോണി ആവശ്യപ്പെട്ടു. ശാരീരികക്ഷമതയും പെര്‍ഫോമന്‍സും നോക്കി വേണം കളിക്കാര്‍ക്ക് അവസരം നല്‍കാന്‍. അക്കാര്യത്തില്‍ പക്ഷപാതം ഉണ്ടാകരുത്. ‘ഞാന്‍ ഇരുപത്തിനാലാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ എന്നോട് ആരും ഒന്നും പറഞ്ഞില്ല. പത്തുകൊല്ലം കഴിഞ്ഞ് ഞാന്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കുമ്പോഴും ഇരുപത് കൊല്ലം കഴിഞ്ഞ് കളിക്കുമ്പോഴും എന്റെ പ്രായത്തെക്കുറിച്ച് ആരും ഓര്‍മിപ്പിക്കേണ്ട കാര്യമില്ല’ ധോണി പറയുന്നു.
‘പരിചയസമ്പത്ത് വെറുതെയുണ്ടാവില്ല. ഇരുപത് വയസില്‍ പരിചയസമ്പത്തുണ്ടാകണമെങ്കില്‍ നിങ്ങള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരിക്കണം. 20-25 മല്‍സരങ്ങള്‍ കളിച്ച ഒരാളെ ആരും പരിചയസമ്പന്നനെന്ന് പറയില്ല. 80 മല്‍സരങ്ങളെങ്കിലും കളിച്ചയാളെ മാത്രമേ അങ്ങനെ വിലയിരുത്താനാകൂ. അത്രയെങ്കിലും പരിചയസമ്പത്തുള്ളവര്‍ക്കേ എങ്ങനെ സമ്മര്‍ദം നേരിടണമെന്നും സ്വയം നിയന്ത്രിക്കണമെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറണമെന്നുമല്ലാം തിരിച്ചറിയാനാകൂ. യുവത്വവും പരിചയസമ്പത്തും ഒരുപോലെ ഉണ്ടാകേണ്ടത് ഏത് ടീമിനും അനിവാര്യമാണ്.’ ധോണി പറഞ്ഞു.
അടുത്തവര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, സിംബാബ്?വെ, നമീബിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇതിന് മുന്‍പ് ഇന്ത്യന്‍ ടീം അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ന്യൂസീലാന്‍ഡ്, ശ്രീലങ്ക എന്നീ ടീമുകളുമായി ഏകദിനപരമ്പരകള്‍ കളിക്കുന്നുണ്ട്. ഈ മല്‍സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ടീം തിരഞ്ഞെടുപ്പ്.






