NEWS

രാജ്യത്ത് സോഷ്യൽ മീഡിയയിൽ ബിജെപി ഇടറുന്നു ,സർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ

ഇന്ത്യയിൽ ഡിജിറ്റൽ മീഡിയയിലെ മേൽക്കോയ്മ ബിജെപിക്കാണ് എന്നാണ് എല്ലാവരും പറയുന്നത് .ബിജെപിയുടെ ക്യാമ്പയിനുകൾക്ക് വലിയ പ്രചാരം സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നുണ്ട് താനും .എന്നാൽ മൂന്നാഴ്ചയായി ബിജെപിയ്ക്ക് ഡിജിറ്റൽ മീഡിയയിൽ തളർച്ചയാണെന്നു ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നു .

ഓഗസ്റ്റ് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത് മുതൽ തുടങ്ങിയതാണ് സോഷ്യൽ മീഡിയയിലെ ബിജെപിയുടെ കഷ്ടകാലം .ഡിസ്‌ലൈക്ക് കാമ്പയിനിൽ മോദിക്ക് ലൈക്കുകളേക്കാൾ ഡിസ്‌ലൈക്കുകൾ ലഭിച്ചത് ബിജെപിയെ തെല്ലൊന്നുമല്ല വലച്ചത് .

ഇതിനേക്കാൾ ബിജെപിയെ ഭയപ്പെടുത്തുന്ന മറ്റു ചിലതുണ്ട് .ഈയടുത്ത് പ്രതിപക്ഷം കൊണ്ട് വന്ന എല്ലാ ക്യാമ്പയിനുകളും ട്രെൻഡിങ്ങിൽ വന്നു എന്നതാണ് ബിജെപിയെ ഉൽക്കണ്ഠാകുലരാക്കുന്നത് .ഇതിൽ ചിലതാണ് #5 ബജെ5മിനുട്സ് ,#9ബജെ9മിനുട്സ്,#നാഷണൽഅൺഎംപ്ലോയ്മെന്റ്ഡേ തുടങ്ങിയവ . ഇതെല്ലാം വിദ്യാർത്ഥികളും യുവാക്കളും ഏറ്റെടുക്കുക ആയിരുന്നു .

ഇത് സമൂഹ മാധ്യമങ്ങളിലെ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം .ഇതിൽ നിന്ന് പ്രതിപക്ഷത്തിന് ഗുണം ലഭിക്കുമോ എന്നത് രണ്ടാമത്തെ ചോദ്യം .ഉത്തർപ്രദേശിൽ കോൺഗ്രസും എസ് പിയും സൈബർ സ്പേസിൽ ബിജെപിയെ മറികടക്കുന്നു എന്ന സൂചന കൂടി ലഭിക്കുമ്പോൾ ഡിജിറ്റൽ രാഷ്ട്രീയ മേഖല വലിയ മാറ്റത്തിന് തയ്യാറെടുക്കുന്നു എന്ന് കാണാം .

കുറച്ച് കാലമായി ഇന്റർനെറ്റ് ഉപയോഗത്തിൽ ഇന്ത്യ വലിയ കുതിച്ച് ചാട്ടം നടത്തുകയാണ് .ഇന്റർനെറ്റ് ഉപഭോക്താക്കളിൽ ഭൂരിഭാഗവും ഫേസ്ബുക്കിലേക്കും ട്വിറ്ററിലേക്കും കടന്നു ചെല്ലുന്നുമുണ്ട് .70 കോടിയാണ് ഇന്ത്യയിലെ ഇന്റർനെറ്റ് ഉപഭോക്താക്കൾ .2019 ൽ ഇത് 63 .6 കോടി ആയിരുന്നു .ഡിജിറ്റൽ രാഷ്ട്രീയ മേഖല ബിജെപി പിടിച്ചെടുത്ത 2015 ൽ ഇതു 30 കോടി ആയിരുന്നു .

അഞ്ച് വര്ഷം കൊണ്ട് ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയിൽ അധികമായി എന്ന് കാണാം .2024 ൽ ഇന്ത്യ പൊതുതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം 93 കോടി ആകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലേക്ക് ഇന്ത്യക്കാർ ഇരച്ചു കയറുക ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു .

സമൂഹ മാധ്യമങ്ങളിൽ ഇടപെടുന്ന ഇന്ത്യക്കാരുടെ എണ്ണം 5 വര്ഷം കൊണ്ട് ഇരട്ടിയായിരിക്കുന്നു എന്നതും ശ്രദ്ധേയമാണ് .2015 ൽ ഫേസ്ബുക്കിലും ട്വിറ്ററിലും ഉണ്ടായിരുന്ന ഇന്ത്യക്കാരുടെ എണ്ണം 14 .22 കോടിയാണ് .2020 ൽ ഇത് 37 .6 കോടിയാണ്.2024 ൽ ഇത് 47 കോടിയാകുമത്രേ .

ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ അക്കൗണ്ടുകൾ ഉള്ള രാജ്യവും ഇന്ത്യയാണ് .29 കോടി പേർക്കാണ് ഇന്ത്യയിൽ ഫേസ്ബുക്ക് അക്കൗണ്ടുള്ളത് .അതേസമയം ഫേസ്ബുക് ജനിച്ച അമേരിക്കയിൽ ഇപ്പോഴും 19 കോടിയാണ് .ട്വിറ്ററിലുമുണ്ട് ആനുപാതിക വർധന .അമേരിക്കയ്ക്കും ജപ്പാനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ .

ഇന്ത്യയെ പോലുള്ള മഹാരാജ്യത്ത് സമൂഹ മാധ്യമങ്ങളിലെ രാഷ്ട്രീയം ഉണ്ടാക്കുന്ന ഫലം ചെറുതല്ല .അവഗണിക്കപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമൊക്കെ സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ ശബ്ദം ഉയർത്തും .ലൈക്കും ഡിസ്‌ലൈക്കും ചെയ്യും .

ഈ മാറ്റം ബിജെപിയിൽ ആശങ്ക ഉണ്ടാക്കുന്നു എന്നാണ് റിപ്പോർട്ടുകൾ .സാർവത്രികമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ ആകുന്ന സംവിധാനത്തിലേക്ക് ഇന്ത്യ പോകുമ്പോൾ അത് ബിജെപി രാഷ്ട്രീയത്തെ പ്രതികൂലമായി ബാധിച്ചേക്കാം എന്നാണ് വിലയിരുത്തൽ .കാലങ്ങളായി ബിജെപി ആയിരുന്നു സോഷ്യൽ മീഡിയ ക്യാമ്പയിനുകളിൽ മുന്നിൽ .അതിനു കൃത്യമായ കാരണങ്ങൾ ഉണ്ട് .അതിലെ ഒന്നാമത്തെ കാര്യം 2014 മുതൽ തന്നെ ബിജെപി സോഷ്യൽ മീഡിയയിൽ കാര്യമായി ശ്രദ്ധിച്ചു എന്നാണ് .രണ്ടാമത്തെ കാരണം ,പട്ടണങ്ങളിലെ മധ്യവർഗം ആയിരുന്നു ആദ്യഘട്ടത്തിൽ ഇന്റർനെറ്റ് കൂടുതലായി ഉപയോഗിച്ചിരുന്നത് എന്നാണ് .ഹിന്ദുത്വ ആശയങ്ങളോട് പ്രതിപത്തി ഉള്ളവർ ആയിരുന്നു ഇവർ .മൂന്നാമത്തെ കാരണം കോൺഗ്രസും ഇടതുപക്ഷവും തങ്ങളുടെ സോഷ്യൽ മീഡിയ സാന്നിധ്യം ശക്തമാക്കാൻ തുടങ്ങിയത് 2017 ലാണ് എന്നതാണ് .

എന്തായാലും ഇന്ത്യയിലെ സോഷ്യൽ മീഡിയ സാന്നിധ്യം വർധിക്കും .രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇന്റർനെറ്റ് ലഭ്യമാകുന്നതോടെ എന്ത് രാഷ്ട്രീയ വ്യതിയാനമാണ് രാജ്യത്ത് ഉണ്ടാകുക എന്നത് കൗതുകകരമായ സംഗതിയാണ് .

Back to top button
error: