Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDINGWorld

ഇന്ത്യയോടുള്ള മത്സരം മാത്രമായി ഉപപേക്ഷിക്കാന്‍ പാകിസ്ഥാന് കഴിയുമോ? പറ്റും പക്ഷേ, സൂപ്പര്‍ എട്ടില്‍ കഷ്ടപ്പെടും; നിയമം പറയുന്നത് ഇത്

ന്യൂഡല്‍ഹി: ട്വന്‍ി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിന് ശേഷവും തുടര്‍ന്ന ബഹിഷ്‌കരണ ഭീഷണികള്‍ക്കൊടുവില്‍ ഞായറാഴ്ചയാണ് പാക്കിസ്ഥാന്‍ ലോകകപ്പില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ചത്. പക്ഷേ, ഇന്ത്യക്കെതിരേ കളിക്കില്ലെന്നാണ് നിലപാട്. പാക് ക്രിക്കറ്റ് ബോര്‍ഡിനു പകരം സര്‍ക്കാരാണ് ഇക്കാര്യം പറഞ്ഞതെന്നു മാത്രം. ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടുമില്ല.

ബംഗ്ലദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ നിലപാടെടുത്തിരിക്കുന്നത്. എന്നാല്‍ ഇത്തരം സെലക്ടീവ് ബഹിഷ്‌കരണം ലോകകപ്പില്‍ സാധ്യമാണോ? ഐസിസിയുടെ നിയമം പറയുന്നതെന്ത്? സാങ്കേതികമായി പറഞ്ഞാല്‍ ഒരു മല്‍സരം പാക്കിസ്ഥാന് ഒഴിവാക്കാം. അത് തടയാന്‍ നിലവില്‍ ഐസിസിക്ക് നിയമമില്ല. എന്നിരുന്നാലും അത്തരം പ്രവണത തടയാനും ഗുരുതരസ്ഥിതിയൊഴിവാക്കാനും ഐസിസിക്ക് നിയമങ്ങളുണ്ട്. പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രകാരം ഇന്ത്യയ്‌ക്കെതിരെയുള്ള മല്‍സരം ബഹിഷ്‌കരിക്കാനാണ് പാക്കിസ്ഥാന്റെ നീക്കമെങ്കില്‍ ഐസിസിക്ക് ചില നടപടികള്‍ സ്വീകരിക്കാം.

Signature-ad

വാക്കോവര്‍ നിയമം: നിശ്ചയിച്ചുറപ്പിച്ച മല്‍സരത്തിന് ഒരു ടീം കളിക്കാന്‍ ഇറങ്ങുന്നില്ലെങ്കില്‍ എതിര്‍ ടീമിനെ ആ കളിയിലെ വിജയിയായി ഐസിസി പ്രഖ്യാപിക്കും. ഇന്ത്യന്‍ ടീം കൊളംബോയിലെ സ്റ്റേഡിയത്തില്‍ എത്തുകയും ടോസിന് സൂര്യകുമാര്‍ യാദവ് ഇറങ്ങുകയും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ ഇറങ്ങാതിരിക്കുകയും ചെയ്താല്‍ മാച്ച് റഫറി ഇന്ത്യയ്ക്ക് രണ്ട് പോയിന്റുകള്‍ സമ്മാനിക്കും. കളിക്കാനിറങ്ങാതിരുന്ന മല്‍സരത്തിലെ 20 ഓവറുകളും കളിച്ചതായി കണക്കാക്കുകയും എന്നാല്‍ റണ്‍സൊന്നും പാക്കിസ്ഥാന്‍ എടുത്തില്ലെന്ന് വയ്ക്കുകയുമാണ് ചെയ്യുക. ഇങ്ങനെ വരുമ്പോള്‍ നെറ്റ് റണ്‍ റേറ്റിലും പ്രതിസന്ധി നേരിടും. ഇതോടെ മറ്റ് മല്‍സരങ്ങള്‍ കളിച്ച് ജയിച്ചാലും സൂപ്പര്‍ എട്ടില്‍ കഷ്ടപ്പെടും.

വന്‍ സാമ്പത്തിക ബാധ്യത: ഇന്ത്യപാക്കിസ്ഥാന്‍ മല്‍സരമാണ് ടൂര്‍ണമെന്റിലെ ഏറ്റവും പണംവാരിക്കളി. കളി ബഹിഷ്‌കരിച്ചാല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് മാത്രം നഷ്ടം വരിക ഏകദേശം 30 ദശലക്ഷത്തോളം ഡോളറാണ്. ഇങ്ങനെ സംഭവിച്ചാല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ ഐസിസിയോട് റിബേറ്റ് ചോദിക്കും. ഇത് നിയമപരമായി തന്നെ പിസിബിയോട് ഐസിസിക്ക് ആവശ്യപ്പെടാം. ഇതിന് പുറമെ പിസിബിയുടെ വാര്‍ഷിക വരുമാനത്തിന്റെ പങ്ക് ഐസിസിക്ക് തടയാം. ഇത് പാക്കിസ്ഥാന്റെ ക്രിക്കറ്റ് ബജറ്റിന്റെ 80 ശതമാനത്തോളം വരുമിത്. അങ്ങനെയെങ്കില്‍ പിസിബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് മാറും.

സര്‍ക്കാര്‍ ഇടപെടലിലും പിടി വീഴും: ഐസിസിയുടെ ഭരണഘടന അനുസരിച്ച് ക്രിക്കറ്റ് ബോര്‍ഡുകള്‍ സര്‍ക്കാര്‍ ഇടപെടലുകളില്ലാതെ വേണം ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍. നിലവില്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്നത് പാക് സര്‍ക്കാരാണ്. അങ്ങനെയെങ്കില്‍ ഇത് ഭരണഘടനാലംഘനമായാണ് വിലയിരുത്തുക. 1996ലും 2003 ലും സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി ടീമുകള്‍ മല്‍സരങ്ങള്‍ ബഹിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ സുരക്ഷാ കാരണം പറഞ്ഞ് നേരത്തെ തന്നെ മല്‍സരം ശ്രീലങ്കയിലേക്ക് മാറ്റയതിനാല്‍ പാക്കിസ്ഥാന് ഈ ഇളവും ലഭ്യമാകില്ല.

ഐ.സി.സി നിശ്ചയിച്ചിട്ടുള്ള എല്ലാ നിബന്ധനകളും ടീം ഇന്ത്യ പാലിക്കുമെന്നാണു റിപ്പോര്‍ട്ട്. നിശ്ചയിച്ച പ്രകാരം തന്നെ ടീം പരിശീലനം നടത്തുകയും, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയും, കൊളംബോയിലെ എസ്.എസ്.സി ക്രിക്കറ്റ് ഗ്രൗണ്ടില്‍ എത്തുകയും ചെയ്യും. ‘ടീം ഇന്ത്യ ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുകയും ഐ.സി.സി പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യും. ഷെഡ്യൂള്‍ അനുസരിച്ച് അവര്‍ പരിശീലനം നടത്തും, പ്രസ് കോണ്‍ഫറന്‍സ് നടത്തും, കൃത്യസമയത്ത് സ്റ്റേഡിയത്തില്‍ എത്തും. മാച്ച് റെഫറി മത്സരം റദ്ദാക്കുന്നത് വരെ അവര്‍ കാത്തിരിക്കും’ എന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഫെബ്രുവരി 15-ന് ഇന്ത്യക്കെതിരെ നടക്കേണ്ട ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌കരിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചിരുന്നു. പാകിസ്താന്‍ ടീം ഇന്ത്യക്കെതിരായ മത്സരത്തില്‍ ‘കളത്തിലിറങ്ങില്ല’ എന്ന് പാകിസ്താന്‍ സര്‍ക്കാര്‍ എക്‌സിലൂടെ ഔദ്യോഗികമായി അറിയിച്ചു. 2026-ലെ ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ ടീമിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഫെബ്രുവരി 15-ലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം

ഐ.സി.സി ടി20 ലോകകപ്പുകളില്‍ ഇന്ത്യക്കെതിരെ പാകിസ്താന് വളരെ മോശം റെക്കോര്‍ഡാണുള്ളത്. ഇതുവരെ നടന്ന എട്ട് മത്സരങ്ങളില്‍ ഏഴിലും ഇന്ത്യ വിജയിച്ചപ്പോള്‍ ഒന്നില്‍ മാത്രമാണ് പാകിസ്താന് ജയിക്കാനായത്.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് എ-യില്‍ നമീബിയ, നെതര്‍ലന്‍ഡ്സ്, യു.എസ്.എ, പാകിസ്താന്‍ എന്നിവര്‍ക്കൊപ്പമാണ്. ഫെബ്രുവരി 7-ന് യു.എസ്.എയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യയുമായി ചേര്‍ന്ന് ടൂര്‍ണമെന്റിന് വേദിയാകുന്ന ശ്രീലങ്കയിലാണ് പാകിസ്താന്റെ എല്ലാ മത്സരങ്ങളും നിശ്ചയിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസമായ ഫെബ്രുവരി 7-ന് നെതര്‍ലന്‍ഡ്സിനെതിരെയാണ് പാകിസ്താന്റെ ആദ്യ മത്സരം. തുടര്‍ന്ന് ഫെബ്രുവരി 10-ന് യു.എസ്.എ-യെയും 18-ന് നമീബിയയെയും അവര്‍ നേരിടും.

icc-rules-pakistan-boycott-india-match-consequences

Back to top button
error: