TRENDING

ഐ.പി.എൽ പുത്തൻ ക്രിക്കറ്റ് കാർണിവൽ – 3

ക്ഷിണാഫ്രിക്കയിൽ നിന്നും രാജ്യത്തിന്റെ ചരിത്രത്തിൽ പുതിയ അദ്ധ്യായം രചിച്ചു മടങ്ങിയെത്തിയ പുലികുട്ടികളെ രാജ്യം വീരോചിതമായി സ്വീകരിച്ചു. കേന്ദ്ര സംസ്ഥാന കായിക മന്ത്രാലയങ്ങൾ ആളാം വീതം ലക്ഷങ്ങളും കോടികളും കൊണ്ടു കളിക്കാരെ മൂടാൻ മത്സരിച്ചു.

മുംബൈയിൽ മടങ്ങിയെത്തിയ കളിക്കാരെ സ്വീകരിക്കാൻ തടിച്ചു കൂടിയ ജനാവലി ക്രിക്കറ്റിനെ എത്രയധികം നെഞ്ചേറ്റുന്ന ജനതയാണ് ഇന്ത്യയിലേതെന്നു പറയാതെ പറഞ്ഞു. കുഞ്ഞൻ ക്രിക്കറ്റിനു ഇന്ത്യൻ ജനഹൃദയങ്ങളിലുണ്ടായ വമ്പൻ ജനസ്വാധീനത്തെ എങ്ങനെ കച്ചവടമാക്കാമെന്ന ചിന്ത ബി.സി.സി.ഐ യെ പുതിയ പരീക്ഷണങ്ങൾക്കു പ്രേരിപ്പിച്ചു.

Signature-ad

ഇംഗ്ളീഷ് പ്രീമിയർ ലീഗിന്റെ ചുവടു പിടിച്ചു ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ലീഗെന്ന ആശയത്തിന്റെ സാഷാത്കാരമായി.2007 സെപ്റ്റംബറിൽ അന്നത്തെ ബി.സി.സി.ഐ ചെയർമാനായിരുന്ന ലളിത് മോഡി കൺവീനറായി ഐ.പി.എൽ ഭരണ സമിതി നിലവിൽ വന്നു. 2008 ഏപ്രിൽ 18 നു വലിയ ആഘോഷത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന ക്രിക്കറ്റിന്റെ പുത്തൻ പരീക്ഷണ കളി ആരംഭിച്ചു.

കാണികൾ ആവശ്യപ്പെട്ടതെന്താണോ അതെല്ലാം നൽകുന്ന ഒരു ബോളിവുഡ് മസാല ചിത്രം പോലെ അടിയും തിരിച്ചടിയുമായി ആവേശം ജനിപ്പിക്കുന്ന ആറടികളിൽ ആറാടി സ്വപ്നതുല്യമായ ഒരു തുടക്കം ഇന്ത്യൻ പ്രീമിയർ ലീഗിനു ഇന്ത്യൻ മൈതാനങ്ങളിൽ ഉണ്ടായി. കളിക്കാരെ കാളച്ചന്തയിലെന്നപോലെ ലേലം കൊണ്ടു വിലയിട്ടു വാങ്ങി കളിപ്പിക്കുന്നു എന്ന ആദ്യ വിവാദത്തിനു അൽപായുസ് മാത്രമായിരുന്നു. കാരണം ക്ലബുകൾ കളിക്കാർക്കിട്ട വില ഏതൊരു താരത്തെയും മോഹിപ്പിക്കുന്നതും ഏതൊരു വിവാദങ്ങത്തെയും അണയ്ക്കാനും പോന്നതായിരുന്നു. ക്രിക്കറ്റ്, വിപണന മേള ആയപ്പോൾ കാഴ്ചക്കിമ്പമേകാൻ ചീർ ലീഡേഴ്‌സ് എന്നൊരു വിഭാഗം അൽപ വസ്ത്ര ധാരിണികളായ സുന്ദരികൾ ഗ്രൗണ്ടിനു പുറത്തെ മറ്റൊരു ആകർഷണമായി.

ഓരോ മത്സരത്തിനും അപ്പുറം രാത്രി വൈകി നടക്കുന്ന പാർട്ടികളും നിശാ നൃത്തങ്ങളും കളിക്കാരെയും ക്രിക്കറ്റിന്റെ പിന്നാമ്പുറങ്ങളിൽ കച്ചവടം ഒളിപ്പിച്ചു കടത്തുന്നവരെയും ഒന്നു പോലെ ത്രസിപ്പിച്ചു.

ഓരോ മത്സരവും ക്രിക്കറ്റ് പ്രേമികളായ കാണികൾ ഹൃദയത്തിലേക്കു ഏറ്റെടുത്തു. താരതമ്യേന അറിയപ്പെടാത്ത താരങ്ങളുടെ ഉദയത്തിനും തേർവാഴ്ചയ്ക്കും ആദ്യ സീസൺ ഐ.പി.എൽ സാക്ഷിയായി. വമ്പൻ താരങ്ങളുമായി വന്ന എല്ലാ ടീമുകളും ദാവീദിനോടേറ്റുമുട്ടിയ ഗോലിയാത്തിനെപ്പോലെ തോൽവിയുടെ അവർത്തനപുസ്തകങ്ങൾ ആകുന്നതിനു ആദ്യ പരമ്പര സാക്ഷിയായി. യുസഫ് പത്താനെന്ന ഗുജറാത്തിയുടെ നിർദാക്ഷിണ്യമേറിയ ബാറ്റിംഗ് ചൂടിൽ വമ്പൻ താരങ്ങളുടെ ടീമുകൾ പലതിന്റെയും ചിറകു വെന്തു കരിഞ്ഞു. മത്സരം തുടങ്ങുമ്പോൾ ഒരു പ്രവചന വിദഗ്‌ദനും ലീഗ് റൗണ്ടിനപ്പുറം കടക്കുമെന്നു പോലും വിചാരിക്കാത്ത രാജസ്ഥാൻ റോയൽസ് ആദ്യത്തെ ഐ.പി.എൽ ചാമ്പ്യന്മാരായി കറുത്ത കുതിരകളായി.

ബോളിവുഡും ക്രിക്കറ്റ് ലോകവും കൈകോർത്തു തിളങ്ങിയ ഉത്സവപ്പറമ്പുകളാക്കി മൈതാനങ്ങളെ മാറ്റിയ ആദ്യ ഐ.പി.എൽ ഇന്ത്യ കണ്ട ഏറ്റവും പണക്കൊഴുപ്പേറിയ മേളയായിരുന്നു. പണമെറിഞ്ഞു പണം കൊയ്യുന്ന ജാലവിദ്യ പഠിച്ച മഹാനഗരത്തിലെ കള്ളപ്പണക്കാർക്കും ബിനാമികൾക്കും വെരകി മറിയാനുള്ള വേദിയാണിതെന്ന സൂചന നൽകി ആദ്യത്തെ ഐ.പി.എൽ അവസാനിച്ചു.

നാളെ : കളി കള്ളക്കളിയാകുന്നു.

Back to top button
error: