ജോര്‍ജുകുട്ടിയെ പിന്തുടരുന്ന പ്രശ്‌നങ്ങള്‍; ദൃശ്യം2വിന് തുടക്കമായി
കോവിഡ് മാനദണ്ഡങ്ങളോടെ ജിത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിക്കുന്നു. ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ നടന്നു.
സിനിമ സംഘത്തിലെ മുഴുവന്‍ ആളുകളേയും കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിന് ശേഷമാണ് ചിത്രീകരണം ആരംഭിക്കുന്നത്. ഒരു ആര്‍ട്ടിസ്റ്റ് പത്ത് ദിവസം വര്‍ക്ക് ചെയ്തിട്ട് പുറത്ത് പോയാലും പിന്നീട് കോവിഡ് ടെസ്റ്റ് ചെയ്തിട്ടെ ലൊക്കേഷനിലേക്ക് കയറ്റുകയുളളൂ. മാത്രമല്ല ഷൂട്ടിങ് കഴിയുന്നതുവരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റീന്‍ ചെയ്തായിരിക്കും ചിത്രീകരണം ആരംഭിക്കുക.
പുതിയ ചിത്രങ്ങളുടെ രജിസ്‌ട്രേഷന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം േചംബറും തുടക്കമിട്ടെങ്കിലും സിനിമാമേഖലയിലെ സ്തംഭനം ഇപ്പോഴും തുടരുകയാണ്.
കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തുനിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തുപോകാനും അനുവാദമുണ്ടാകില്ല.
മീന ഉള്‍പ്പെടെ ദൃശ്യത്തിലഭിനയിച്ച ഒട്ടുമിക്ക താരങ്ങളും ദൃശ്യം 2വിലും ഉണ്ടാകും. ലോക്ക്ഡൗണിന് ശേഷം തുടര്‍ച്ചയായി 60 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് സിനിമ. ആദ്യമായി അമ്പത് കോടിയിലധികം കളക്ഷന്‍ നേടിയിരുന്ന ഈ ചിത്രം മറ്റ് ഭാഷകളിലേക്കും പരിഭാഷ ചെയ്തിരുന്നു. അതിന് ശേഷം ഈ സിനിമ വീണ്ടും വരുമ്പോള്‍ പ്രേക്ഷകര്‍ വലിയ ആകാംഷയിലാണ്.
പക്ഷേ പുതിയ മലയാളസിനിമകളുടെയെല്ലാം ഷൂട്ടിങ് അനിശ്ചിതത്വത്തിലാണ്.
കോവിഡ് കാലം പ്രതിസന്ധിയിലാക്കിയ അറുപത്തിയാറ് സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്താനുള്ളത്. ഇതില്‍ തന്നെ കൂടുതല്‍ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ റിലീസിന് തയാറെടുക്കുകയുമാണ്